ഇന്ന് മാതാവിന്റെ വണക്കമാസം അവസാനിക്കയാണ്. കഴിഞ്ഞ മുപ്പത് ദിനങ്ങൾ നാം അവളോടൊപ്പം യേശുനാഥനെ അടുത്തനുഗമിക്കാൻ ശ്രമിക്കുകയായിരുന്നു. അവളുടെ മാതൃ സാന്നിദ്ധ്യമില്ലാതെ നമ്മുടെ ക്രിസ്തു വാനുകരണം അപൂർണ്ണമാണ്. സകല കൃപാവരങ്ങളുടെയും മദ്ധ്യസ്ഥയായി യേശു നാഥൻ നമുക്ക് നൽകിയ നിത്യസഹായമാണ് പരിശുദ്ധ കന്യകാമറിയം. വി.യോഹന്നാന് മറിയത്തോടുണ്ടായ അതേ ആത്മബന്ധം നാമോരോരുത്തർക്കുമുണ്ടാവാൻ യേശു നാഥൻ ആഗ്രഹിക്കുന്നുണ്ട്. ഈ ആത്മബന്ധം വളർത്തിയെടുക്കാൻ നമ്മെ ഓരോരുത്തരെയും സഹായിക്കുന്ന ശക്തിയേറിയ പ്രാർത്ഥനയാണ് ജപമാല. പരിശുദ്ധ കന്യകാമറിയത്തിന്റെ കരങ്ങൾ പിടിച്ച് രക്ഷാകര ചരിത്രത്തിലേക്ക് നാം നടത്തുന്ന തീർത്ഥയാത്രയാണ് ജപമാല. ജപമാല ഭക്തി പരിശുദ്ധ ത്രിത്വത്തോടും, പരിശുദ്ധ കന്യകാമറിയത്തോടും, സകല മാലാഖമാരോടും, വിശുദ്ധരോടുമുള്ള ആത്മബന്ധത്തിൽ ആഴപ്പെടുന്നതിന് നമ്മെ പ്രാപ്തരാക്കുന്നു. ആധുനിക ക്രൈസ്തവ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളെ ശക്തിപ്പെടുത്താനുള്ള ശക്തിയേറിയ ആയുധമാണ് പരിശുദ്ധ ജപമാല. അതുപോലെ ഭൗതിക വാദത്തിന്റെയും, നിരീശ്വര വാദത്തിന്റെയുമെല്ലാം അതിപ്രസരത്തിൽ നിന്ന് സഭയെയും ലോകം മുഴുവനെയും രക്ഷിക്കാൻ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ സഹായത്തിന് കഴിയും. ദൈവജനനിയും അമലോത്ഭവയുമായ കന്യകാമറിയത്തിന്റെ വിമല ഹൃദയത്തിന് നമ്മെ പരിപൂർണ്ണമായി സമർപ്പിക്കാം. അവളോടുള്ള മാതൃഭക്തിയിൽ അനുദിനം വളർന്ന് ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായ ക്രിസ്തു സാക്ഷിയായി നമുക്ക് ജീവിക്കാം… ഈ കഴിഞ്ഞ മുപ്പത് ദിനങ്ങൾ ഞങ്ങളോടൊപ്പം നടന്ന് മാതൃസ്നേഹത്തിന്റെ ആഴങ്ങളെ ധ്യാനിക്കാനും അനുഭവിക്കാനും അമ്മ നൽകിയ സുകൃതത്തിന് ഒരായിരം നന്ദി…
തന്നെ ഭരമേൽപ്പിച്ച തന്റെ മക്കൾക്ക് വേണ്ടി മിടിക്കുന്ന വിമല ഹൃദയമാണ് മരിയാംബികയുടേത്. രക്ഷാകര ചരിത്രത്തിലെ അവസ്മരണീയമായ ഓരോ മുഹൂർത്തവും അവൾ ഹൃദയത്തിൽ സംഗ്രഹിച്ചതായി സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അത് പോലെ വ്യാകുലങ്ങളുടെ വാൾ അവളുടെ ഹൃദയത്തെ ഭേദിക്കുമെന്ന് ശിമയോനിലൂടെ പ്രവചിക്കപ്പെട്ടതുമാണ്. കാൽവരിയിൽ തന്റെ തിരുക്കുമാരന്റെ പാർശ്വം കുത്തിതുറക്കപ്പെട്ട് കൃപയുടെ നീർച്ചാൽ ഒഴുകിയത് പോല, കാൽവരിയിൽ സങ്കടങ്ങളുടെ വാൾ അവളുടെ ഹൃദയത്തെ ഭേദിച്ചപ്പോൾ പാപത്തിന്റെ ചുഴിയിൽ പെട്ട് ഉഴലുന്ന മാനവരാശിയോടുള്ള മാതൃവാത്സല്യമാണ് അവളുടെ വിമല ഹൃദയത്തിൽ നിന്ന് നിർഗളിച്ചത്. ദൈവസ്നേഹത്തിൽ നിന്നകന്നു പോകുന്ന മാനവരാശിയുടെ മടങ്ങി വരവിനാണ് മാതൃവാത്സല്യത്തോടെ അവളുടെ വിമല ഹൃദയം നില കൊണ്ടിട്ടുള്ളത്. ഫാത്തിമയിൽ പ്രത്യക്ഷപ്പെട്ട കന്യകാമറിയം നൽകിയ സന്ദേശം തന്റെ വിമല ഹൃദയത്തിന് സോവിയറ്റ് യൂണിയനെ സമർപ്പിക്കാനായിരുന്നു. ശീതയുദ്ധത്തിന്റെ മദ്ധ്യേ മറ്റാരു ലോകമഹായുദ്ധത്തിന്റെ വിപത്തിലേക്ക് വഴുതി വീണ് കൊണ്ടിരുന്ന ലോക ജനതയ്ക്ക് പ്രതീക്ഷയുടെ സദ്വാർത്തയായി, റഷ്യയുടെ മാനസാന്തരത്തിലൂടെ അവളുടെ വിമല ഹൃദയം വിജയം വരിച്ചതിന് നാമൊക്കെ സാക്ഷികളാണ്. കെറോണ മഹാവ്യാധിയുടെ ചുഴിയിൽ പെട്ട് ലോകം മുഴുവൻ ദുരിതം അനുഭവിക്കുന്ന ഈ വേളയിൽ നമ്മെത്തന്നെയും ലോകം മുഴുവനെയും അവളുടെ വിമല ഹൃദയത്തിന് പ്രതിഷ്ഠിച്ച് നമുക്ക് പ്രാർത്ഥിക്കാം. കാരുണ്യത്തിന്റെ നിറവായ അവളുടെ വിമലഹൃദയം പ്രതീക്ഷയുടെ പൊൻപുലരിയിലേക്ക് നമ്മെ നയിക്കുമെന്ന പ്രത്യാശയോട് കൂടി…
ഓരൊ ക്രിസ്തു ശിഷ്യന്റെയും ജീവിതത്തിൽ അനിവാര്യമായി ഉണ്ടാകേണ്ട ആത്മീയതയാണ് മരിയ ഭക്തി. ക്രിസ്തു നാഥനെ ഏറ്റം വിശ്വസ്തതയോടും ആത്മാർത്ഥതയോടും പിൻചെന്ന ഈ ക്രിസ്തു ശിഷ്യ നമുക്കെല്ലാവർക്കും മാതൃകയാണ്. മാനവരക്ഷാകര ചരിത്രത്തിൽ അവളുടെ സവിശേഷമായ സ്ഥാനവും, നിസ്തുലമായ പങ്കും – ‘ക്രിസ്തു നാഥന്റെ പ്രഥമ ശിഷ്യ ‘ എന്ന പദവിയിലേക്കവളെ ഉയർത്തുന്നു. കന്യകാമറിയത്തോടുള്ള ആദരവും, ഭക്തിയും അവളുടെ തിരുക്കുമാരനോടുള്ള ആദരവ് തന്നെയാണ്. അവളെ വണങ്ങുന്നതിലൂടെ, അവളോടൊത്ത് രക്ഷാകര ചരിത്രത്തിലേക്ക് നാം യാത്ര ചെയ്യുകയും, അവളിലൂടെ ദൈവം ലോകത്തിൽ ചെയ്ത വൻ കാര്യങ്ങളെക്കുറിച്ചുള്ള അവബോധത്തിലേക്ക് നാം കടന്ന് വരുന്നു. അതുപോല , നമ്മുടെ ഈ വർത്തമാന ജീവിതം അവളോടുള്ള മാതൃഭക്തിയിൽ ചിലവഴിക്കുമ്പോൾ, നിത്യതയിൽ അവളോടൊത്ത് അവളുടെ ദിവസുതനെ മുഖാമുഖം കാണുമെന്നുമുള്ള പ്രത്യാശയിൽ നാം അനുദിനം വളരുന്നു. അവളോടുള്ള മാതൃഭക്തി ആത്യന്തികമായി നമ്മെ ഓരോരുത്തരെയും അവളെ സകല വിധ കൃപകളാലും അനുഗ്രഹങ്ങളാലും ധന്യയാക്കിയ പരിശുദ്ധ ത്രിത്വത്തോടുള്ള ആത്മീയ ബന്ധത്തിൽ വളർത്തുകയും, അവളിൽ പ്രകടമാകുന്ന സ്വർഗ്ഗീയ മഹത്വം നമുക്കൊക്കെ ലഭിക്കാനിരിക്കുന്ന സ്വർഗ്ഗീയ മഹത്വത്തെക്കുറിച്ചുള്ള ബോധ്യത്തിൽ നമ്മെ നയിക്കുകയും ചെയ്യുന്നു. അങ്ങനെ യഥാർത്ഥമായ മരിയ ഭക്തിയിലൂടെ അവളുടെ കരം പിടിച്ച് യേശു നാഥനിലേക്കുള്ള, നിത്യതയിലേക്കുള്ള നമ്മുടെ ജീവിതയാത്ര തുടരാം…
വിശുദ്ധിയുടെ നറുമണം തുളുമ്പുന്ന പനിനീർ പുഷ്പമാണ് പരിശുദ്ധ കന്യകാമറിയം. അവളോളം വിശുദ്ധിയുടെ സോപാനങ്ങൾ കീഴടക്കിയ വേറൊരു മനുഷ്യവ്യക്തിത്വം ഇല്ല. എങ്കിലും പാപത്തിന്റെ ചുഴിയിൽപ്പെട്ട മാനവ കുലത്തിന് പ്രതീക്ഷയുടെ പുലരിയാണ് പാപികളുടെ സങ്കേതമായ കന്യകാ മറിയം പകർന്ന് നൽകുന്നത്. കാൽവരിയിൽ തന്റെ തിരുക്കുമാരൻ തന്നെ ഏൽപ്പിച്ച ദൗത്യം സമസ്ത മാനവ കുലത്തിന്റെയും അമ്മയാകാനുള്ള ദൗത്യമാണ്. കന്യകാമറിയത്തിന്റെ വിമലഹൃദയം തന്റെ എല്ലാ മക്കളെയും മാതൃ വാത്സല്യത്തോടെത്തോടെ സ്നേഹിക്കുന്നുണ്ട്. തന്റെ തിരുക്കുമാരനെ ബോധപൂർവ്വം നിഷേധിച്ച് പാപപങ്കിലമായ ജീവതം നയിക്കുന്നവരുടെ മാനസാന്തരം അവളുടെ മാതൃഹൃദയം തീവ്രമായി അഭിലഷിക്കുന്നുണ്ട്. ഫാത്തിമായിലും, ലൂർദ്ധിലും, മെഡ്ജുഗോറി യായിലുമൊക്കെ അവൾ പ്രതൃക്ഷപ്പെട്ടത് ദൈവസ്നേഹത്തിൽ നിന്നും പരസ്നേഹത്തിൽ നിന്നുമകന്ന് യുദ്ധ പകയിലും, വിദ്വേഷത്തിലും ജീവിച്ച മാനവകുലത്തോട് പാപികളെ നെഞ്ചോട് ചേർക്കുന്ന ദൈവസ്നേഹത്തിന്റെ ആഴങ്ങളെക്കുറിച്ചും കരുണയെ കുറിച്ചും ബോധ്യപ്പെടുത്താനായിരുന്നു. പാപത്തിന്റെ സ്വാധീനത്തിൽ തർക്കപ്പെട്ട മാനവകുലത്തിന് പ്രത്യാശയുടെ സുവിശേഷമായി പാപികളുടെ സങ്കേതമായ പരിശുദ്ധ അമ്മ ഉണ്ടെന്ന വിശ്വാസത്തോടെ നമ്മുടെ ജീവിതയാത്ര തുടരാം…
കാനായിലെ കല്യാണ വിരുന്ന് യേശു നാഥൻ പ്രവർത്തിച്ച ആദ്യത്തെ അടയാളമായാണ് യോഹന്നാൻ സുവിശേഷകൻ രേഖപ്പെടുത്തുന്നത്. ഈ വചനഭാഗത്ത് യോഹന്നാൻ സുവിശേഷകൻ പ്രാധാന്യത്തോടെ നമ്മോട് പങ്ക് വയ്ക്കുന്ന വസ്തുത പരിശുദ്ധ കന്യകയുടെ സാന്നിദ്ധ്യമാണ്. വീഞ്ഞ് തീർന്നു പോവുക എന്ന സാമൂഹ്യ അപമാനത്തിൽ നിന്ന് ആ കുടുംബത്തെ രക്ഷിക്കുന്നത് അവളുടെ അവസരോചിതമായ മാദ്ധ്യസ്ഥമാണ്. അടയാളം പ്രവർത്തിക്കാനുള്ള തന്റെ സമയം ആകാതിരുന്നിട്ട് കൂടി തന്റെ അമ്മയുടെ വാക്കുകളെ പ്രതി ആ കുടുംബത്തിന് വേണ്ടി യേശുനാഥൻ അഭിമാനത്തിന്റ പുതു വീഞ്ഞായി മാറുകയാണ്. നമ്മുടെ ആത്മീയ ലൗകിക ജീവിതത്തിനാവശ്യമായ എല്ലാവരപ്രസാങ്ങളും യേശുനാഥനിൽനിന്ന് ലഭിക്കാനുള്ള കുറുക്കുവഴിയാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥം. വീഞ്ഞ് തീർന്ന് പോയ ഭവനത്തിന്റെ നൊമ്പരത്തെ, തന്റെ തന്നെ നൊമ്പരമാക്കി അവർക്ക് വേണ്ടി തന്റെ പുത്രന്റെ മുന്നിൽ മാദ്ധ്യസ്ഥത്തിന്റെ കരങ്ങൾ അവൾ നീട്ടിയത് പോലെ, നമ്മുക്കോരോരുത്തർക്കും വേണ്ടിയുള്ള അവളുടെ യാചനകൾ തള്ളിക്കളയാൻ യേശു നാഥനാവില്ല കാരണം തന്റെ കുരിശിനു കീഴെ മാനവകുലത്തിന് മുഴുവൻ അമ്മയായി അവളെ നൽകിയത് യേശു നാഥൻ തന്നെയാണ്. വി. ബർണാദ് പുണ്യവാളൻ രൂപം നൽകിയ ‘എത്രയും ദയയുള്ള മാതാവെ,’ എന്ന പ്രാർത്ഥനയിൽ നാം ഇപ്രകാരം ഏറ്റുചൊല്ലുന്നുണ്ട്: “അങ്ങേ മാദ്ധ്യസ്ഥ സഹായം അപേക്ഷിച്ചവരിൽ ഒരു വനെയും നിന്നാൽ ഉപേക്ഷിച്ചു എന്ന് ലോകത്തിൽ ഇത് വരെ കേൾക്കപ്പെട്ടിട്ടില്ല…” തലമുറകൾ അവരുടെ വിശ്വാസനുഭവത്തിൽ നിന്ന് ഏറ്റി ചൊല്ലിയ ഈ പ്രാർത്ഥന വിശാസത്തോടെ ഏറ്റ് ചൊല്ലി നമുക്കും അവളുടെ മാദ്ധ്യസ്ഥ സഹായത്തിൽ ശരണപ്പെടാം…
പരിശുദ്ധ കന്യകാമറിയത്തിന്റെ മരണശേഷം തന്റെ തിരുക്കമാരൻ വഴി ആത്മ ശരീരങ്ങളോടെ സ്വർഗ്ഗത്തിലേക്ക് ആരോപണം ചെയ്തു എന്നത് സഭയുടെ പരമ്പരാഗതമായ വിശ്വാസ സത്യമാണ്. പാപമാലിന്യമേശാത്ത അവളുടെ ശരീരത്തെ പ്രകൃതിയുടെ ജൈപരമായ പ്രക്രിയയ്ക്ക് വിട്ട് കൊടുക്കാതെ അവളുടെ ദിവസുതൻ നിത്യതയുടെ മഹത്വത്തിലേക്ക് അവളെ കൂട്ടി കൊണ്ട് പോയി. ക്രൈസ്തവർ മാത്രമല്ല കന്യകാമറിയത്തെ ദൈവത്തിന്റെ പ്രിയപ്പെട്ടവളായി കണക്കാക്കുന്നത്, യഹൂദ സഹോദരങ്ങളും, മുസ്ലീം സഹോദരൻമാരും അനുഗ്രഹീത സ്ത്രീയായിട്ടാണ് മറിയത്തെ കാണുന്നത്. വിശുദ്ധ ഖുറാനിൽ 36 തവണ കന്യകാമറിയത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലൂടെ പുത്രനെ ഗർഭം ധരിക്കുന്ന ദിവ്യകന്യകയെക്കുറിച്ചുള്ള പരമാർശം യഹൂദ പാരമ്പര്യങ്ങളിലും സജീവമായിരുന്നു. അവളുടെ മരണശേഷം മൃതശരീരം ഉൾക്കൊള്ളുന്ന കല്ലറ അവശേഷിച്ചിരുന്നെങ്കിൽ അത് മൂന്ന് മതവിഭാഗങ്ങൾക്കും ഒരു പോലെ ശ്രേഷ്ഠമായ തീർത്ഥാടന ക്രേന്ദ്രമാകുമായിരുന്നു. ആത്മ ശരീരത്തോടെയുള്ള മറിയത്തിന്റെ സ്വർഗ്ഗാരോപണം വിശ്വാസ പ്രമാണത്തിൽ നാമൊക്കെ ഏറ്റു പറയുന്ന, നമ്മുടെയൊക്കെ മരണശേഷം സമയത്തിന്റെ തികവിൽ സംഭവിക്കാനിരിക്കുന്ന നമ്മുടെ ശരീരത്തിന്റെ ഉയർപ്പിന്റെ മുന്നോടിയാണ്… കന്യകാമറിയത്തെപ്പോലെ ആത്മ ശരീരങ്ങളോടെ നിത്യതയുടെ ആനന്ത നിർവൃതി നമുക്കുമുണ്ടാകുമെന്ന പ്രത്യാശയോടെ നമ്മുടെ ജീവിതയാത്ര തുടരാം…
പരിശുദ്ധ കന്യകയുടെ മരണം നാമൊക്കെ ആഴത്തിൽ ചിന്തിക്കേണ്ട ഒരു ആത്മീയ യാഥാർത്ഥ്യമാണ്. പാപത്തിന്റെ പ്രതിഫലം മരണമാണെന്ന് നാം വചനത്തിൽ വായിച്ചറിയുന്നുണ്ട്. പാപത്തിന്റെ യാതൊരുവിധ മാലിന്യവുമേ ശാത്ത പരിശുദ്ധ കന്യകാമറിയം മരണമെന്ന യാഥാർത്ഥ്യത്തിനതീതയാണൊ? എന്നത് എല്ലാ കാലങ്ങളിലും ആഴമേറിയ ചിന്തകൾക്കും വിചിന്തിനങ്ങൾക്കുമൊക്കെ വിധേയമായിട്ടുള്ള ഒരു വസ്തുതയാണ്. എന്നാൽ എല്ലാ മനുഷ്യരെയും പോലെ അവളും മരണമെന്ന യാഥാർത്യത്തെ വിനയത്തോടെ സ്വീകരിച്ചവളാണ്. അവളുടെ മരണം ദു:ഖ സാന്ദ്രമായ ഒരു വേർപാട് ആയിരുന്നില്ല തന്റെ ജീവിത യാത്രയുടെ അന്ത്യത്തിൽ തന്റെ തിരുക്കമാരനോട് ഒപ്പം എന്നെന്നേക്കുമായിരിക്കാനുള്ള ഒരു കടന്ന് പോകൽ മാത്രമായിരുന്നു അത്. ഭൂമിയിലിയരുന്നപ്പോഴെ ഈ സ്വർഗ്ഗീയ മഹത്വത്തിന്റെ പ്രത്യാശയിലും ഉറപ്പിലും അവൾക്ക് ജീവിക്കാനായി എന്നത് ഈ കർത്താവിന്റെ ദാസിയുടെ മരണത്തെപ്പോലും മഹത്വവത്ക്കരിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തെപ്പോലെ സുകൃതം നിറഞ്ഞ ജീവിതത്തിലൂടെ മരണത്തെ നിത്യത പൂൽകന്നതിനുള്ള അനിവാര്യമായ യാഥാർത്ഥ്യമായി കണ്ട് ദിവ്യരക്ഷകനിലേക്കുള്ള യാത്രയിൽ അവൾ നമുക്ക് കൂട്ടായിരിക്കുമെന്ന പ്രതീക്ഷയോടെ നമ്മുടെ ജീവിതയാത്ര നമുക്ക് തുടരാം. …
ഇന്ന് ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ തിരുനാളാണ്. ഇറ്റലിയിലെ സ്പൊളെത്താ എന്ന പട്ടണത്തിൽ ഒരു ബാലന് പരിശുദ്ധാ കന്യകമറിയവും ഉണ്ണിയേശുവും പ്രതൃക്ഷപ്പെട്ട് സംസാരിക്കുകയുണ്ടായി. വിസ്മൃതിയിലാണ്ടുപോയ ഈ സംഭവത്തെ സജീവമാക്കിയത് ഇടയ ബാലന് പ്രതൃക്ഷപ്പെട്ട പരിശുദ്ധ കന്യകാമറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം സ്പൊളെത്തായിലെ തകർന്നടിഞ്ഞ ഒരു ദേവാലയത്തിൽ നിന്ന് കണ്ടെത്തിയതാണ്. സഭ അന്ന് അഭിമുഖീകരിച്ചു കൊണ്ടിരുന്ന പ്രകസന്ധികളെ അതിജീവിക്കാനാണ് സ്പൊളെത്തായിലെ മെത്രാൻ ആ ചിത്രത്തിന് ക്രിസ്ത്യാനികളുടെ സഹായ മാതാവ് എന്ന അഭിസംബോധന നൽകി, മരിയ ഭക്തി പ്രചരിപ്പിച്ചത്. പിന്നീട് 1571 ഒക്ടോബർ 7 ലെപാൻതൊ യുദ്ധത്തിൽ ഓട്ടോമൻ തുർക്കികളുടെ അധിനിവേശത്തിൽ നിന്ന് താരതമ്യേന ദുർബലമായ വിശുദ്ധ സഖ്യത്തിന് അതീ ശേയകരമായ വിജയം നൽകിയതും പിന്നീട് നെപ്പോളിയന്റെ കൽത്തുറങ്കിൽ നിന്ന് പയസ് VII മൻ മാർപ്പാപ്പയ്ക്ക് മോചനം ലഭിച്ചതും ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ മദ്ധ്യസ്ഥതയിലാണ്. ഡോൺ ബോസ്ക്കോ ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ ഭക്തി പ്രചരിപ്പിക്കാൻ ജീവിതം ഉഴിഞ്ഞുവച്ച വിശുദ്ധനാണ്. പ്രതിസന്ധികളിൽ സഭയെ താങ്ങി നിറുത്തുവാൻ പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിക്ക് വലിയ സ്ഥാനമുണ്ടെന്ന് അദ്ദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. സലേഷ്യൻ ഭവനത്തിലെ അന്തരീക്ഷത്തിന് പോലും ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ ഗന്ധമുണ്ട്. സലേഷ്യൻ ഭവനത്തിലെ ഓരോ പ്രാർത്ഥനയും അവസാനിക്കുന്നത് പോലും അവളുടെ മാദ്ധ്യസ്ഥ സഹായം അപേക്ഷിച്ചു കൊണ്ടാണ്. ഇന്ന് സന്യാസ ജീവിതത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന സ്റ്റീഫനച്ചൻ കൃതജ്ഞതാ ബലിക്കിടെ തന്റെ ജീവിതത്തിൽ കന്യകാമറിയത്തിനുള്ള സ്ഥാനം വിവരിക്കുകയുണ്ടായി. അദ്ദേഹം ജനിച്ച് ആറ് മാസം കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹത്തിന്റെ അമ്മ നിത്യ സമ്മാനത്തിന് യാത്രയായി. പിന്നീട് അമ്മയുടെ സ്നേഹവാത്സല്യങ്ങളൊ കരുതലൊ ഇല്ലാതെയാണ് അദ്ദ്ദേഹം വളർന്നത്. തന്റെ പ്രഥമ വ്രത വാഗ്ദാന വേളയിൽ, ഡോൺ ബോസ്ക്കോ തന്റെ മമ്മയായ മാർഗരറ്റ് മരിച്ചതിന് ശേഷം ക്രിസ്ത്യാനികളുടെ സഹായമായി മാതാവിനോട് തന്റെ അമ്മയായിരിക്കണമെന്ന് പ്രാർത്ഥിച്ച പോലെ സ്‌റ്റീഫനച്ചനും തന്റെ പ്രഥമ,വ്രതവാഗ്ദാന വേളയിൽ അദ്ദ്ദേഹംഅപ്രകാരം പ്രാർത്ഥിച്ചു. “നീ എന്റെ അമ്മയായിരിക്കണമെ.” ഇടറുന്ന ശബ്ദത്തോടും നിറമിഴികളോടും കൂടി ഇന്ന് ദിവ്യബലിയിൽ തനിക്കുണ്ടായ അനുഗ്രഹങ്ങളുടെ പെരുമക്കാലത്തെക്ക ക്കുറിച്ച് അദ്ദേഹം പറയുകയുണ്ടായി . “കഴിഞ്ഞ അമ്പത് വർഷക്കാലം അമ്മയായി,സഹായമായി അവൾ കൂടെ ഉണ്ടായിരുന്നു.”അവളെ അമ്മയായി, നമ്മുടെ നിത്യസഹായമായി കണ്ട് കൊണ്ട് നമ്മുടെ ജീവിതയാത്ര തുടരാം…
“യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അടുത്ത് നിൽക്കുന്നത് കണ്ട് അമ്മയോട് പറഞ്ഞു: സ്ത്രീയ, ഇതാ, നിന്റെ മകൻ. അനന്തരം അവൻ ആ ശിഷ്യനോട് പറഞ്ഞു: ഇതാ നിന്റെ അമ്മ. അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു.” (യോഹ. 19:26-27) തന്റെ മരണത്തിന് മുമ്പായി തന്റെ വത്സല ശിഷ്യർക്ക് യേശുനാഥൻ നൽകിയ വിലമതിക്കാനാവാത്ത സമ്മാനമാണ് പരിശുദ്ധ കന്യകാ മറിയത്തിന്റെ ആദ്ധ്യാത്മിക മാതൃത്വം. തന്നെ ബാല്യം മുതലെ ജ്ഞാനത്തിലും പ്രായത്തിലും ദൈത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ അവൾ വളർത്തികൊണ്ട് വന്നത് പോലെ ഓരോ വത്സല്യ ശിഷ്യനെയും രൂപപ്പെടുത്തുന്നതിൽ അവൾക്കുള്ള പങ്ക് നിസ്തുലമാണ്. വി. ജോൺ ബോസ്ക്കൊ ഇപ്രകാരം പറയുമായിരുന്നു , ” സലേഷ്യൻ ഭവനത്തിലേക്ക് കടന്ന് വരുന്ന ഓരോ കുട്ടിയെയും പരിശുദ്ധ കന്യകാമറിയമാണ് കൈപിടിച്ച് കൊണ്ട് വരുന്നതെന്ന് …” വിശുദ്ധിയുടെ നിറകുടമായ അവൾ ഈ യാത്രയിൽ നമ്മെ അനുധാവനം ചെയ്യുമ്പോൾ, അവളുടെ സാന്നിദ്ധ്യം നമ്മുടെ ജീവിതത്തെ അനുഗഹപൂരിതമാക്കുന്നു. ദൈവഹിതത്തോട് എന്നെന്നും വിധേയപ്പെട്ട് ജീവിക്കുകയും യാതൊരു വിട്ട് വീഴ്ചകളുമില്ലാതെ ദൈവഹിതം തന്റെ ജീവതത്തിൽ നിറവേറ്റിയ അവളുടെ മാതൃ സാന്നിദ്ധ്യം, പരിപൂർണ്ണ സമപ്പണത്തോടെ യേശുനാഥനെ അനുഗമിക്കാനും യേശുവിന്റെ വത്സലശിഷ്യരായി ജീവിക്കാനും നമ്മെ പ്രാപ്തരാക്കും. യോഹന്നാനെപ്പോലെ പരിശുദ്ധ കന്യകാമറിയത്തെ നമ്മുടെ ഭവനത്തിലേക്ക് സ്വീകരിക്കാം… അവളുടെ കൈപിടിച്ച് വിശുദ്ധിയുടെ വഴിയെ നമുക്ക് നടക്കാം…
എല്ലാ പുരുഷൻമാരുടെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുടെ വാത്സല്യത്തിന്റെയും കരുതലിന്റെയും കരങ്ങളുണ്ട്. ക്രിസ്തുവിന്റെ കൂടെ അവന്റെ താങ്ങും, തണലും, തുഷാരവുമായി ചേർന്ന് നിന്നവളാണ് പരിശുദ്ധ കന്യകാമറിയം. ക്രിസ്തുനാഥൻ ദൈവപുത്രനായിരുന്നെങ്കിലും അവളുടെ അമ്മ മനസ്സിനെ സംബന്ധിച്ചടുത്തോളം തന്റെ കരുതും, വാത്സല്യവും വേണ്ട തന്റെ പൊന്നോമന പുത്രനായിരുന്നു യേശുനാഥൻ. അവളുടെ ഈ അമ്മ മനസ്സ് അവന്റെ ജീവിത യാത്രയിലുടനീളം അവനെ അനുഗമിക്കുന്നുണ്ട്. കാലി തൊഴുത്തിൽ അവന് ജൻമം നൽകി, തന്റെ ഭാഗം തീർന്നു എന്ന് പറഞ്ഞ് അരങ്ങൊഴിഞ്ഞവളല്ല പരിശുദ്ധ അമ്മ. യേശു നാഥന്റെ പരസ്യജീവിതത്തിൽ അവന്റെ ആദ്യത്തെ അടയാളം അവളുടെ മാദ്ധ്യസ്ഥത്തത്താലാണ് സംഭവിക്കുന്നത്. അങ്ങനെ കാനായിൽ വെള്ളം വിത്താക്കി മാറ്റി ആ കുടുംബത്തെ വലിയ അപമാനത്തിൽ നിന്ന് അവൻ രക്ഷിക്കുകയാണ്. തന്റെ മകൻ ദൈവരാജ്യം പ്രഘോഷിക്കുന്നതിന്റെ തിരക്കിൽ വ്യാപൃതനാകുമ്പോഴും അമ്മ മനസ്സ് അവനെ കാണാൻ കൊതിച്ച്, അവനെ തേടിയെത്തുന്നുണ്ട്. ‘നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും അനുഗ്രഹീതമെന്ന്,’ അവന്റെ വചനം കേൾക്കാനെത്തിയ സ്ത്രീ വിളിച്ച് പറയുന്നത് അവളുടെ മാതൃത്വത്തിനുള്ള വാഴ്ത്താണ്. തന്റെ മകന്റെ അവസാന നിമിഷങ്ങളിൽ കുരിശിന്റെ വഴിയിൽ നിഴലായി അവൾ കൂടെയുണ്ട്. ഈ അമ്മ മനസ്സിന്റെ ആഴങ്ങളെ അനുഭവിച്ചറിഞ്ഞതു കൊണ്ടാണ് തന്റെ എല്ലാ ശിഷ്യർക്കും മാതാവായി അവൻ അവളെ നൽകിയത്. ഈ ലോകയാത്രയിൽ അവർക്ക് കൂട്ടായി അവളുടെ ഈ അമ്മമനസുണ്ട്… കാലിത്തൊഴുത്തിൽ ജീവസുറ്റ ദിവ്യ ഉണ്ണിയെ കയ്യിലെടുത്ത കരങ്ങൾ, കാൽവരിയിൽ അവന്റെ ജീവനറ്റ ശരീരം ഏറ്റ് വാങ്ങുകയാണ്. ഇവളോളം ദൈവത്തെ സ്നേഹിച്ച ഒരു മനുഷ്യ ജൻമവും വേറെയില്ല. സ്നേഹത്തിനും വിശ്വസ്വതയ്ക്കും ദൈവം നൽകുന്ന തിലകക്കുറിയാണ് മേരി… അവൾ നമ്മെ അനുധാവനം ചെയ്യുന്നുണ്ടെന്ന ഉറപ്പോടെ നമ്മുടെ ജീവിത യാത്ര തുടരാം…
ഒരമ്മയുടെ ലോകം അവളുടെ മക്കളാണ്. അവരുടെ ഓരോ നേട്ടങ്ങളിലും വളർച്ചയിലുമൊക്കെ ഏറ്റവുമധികം ശ്രദ്ധ പതിപ്പിക്കുന്നതും സന്തോഷിക്കുന്നതുമൊക്കെ അമ്മയാണ്. പരിശുദ്ധ കന്യകാമറിയത്തെ സംബന്ധിച്ചടുത്തോളം യേശുവായിരുന്നു അവളുടെ ലോകം. മംഗള വാർത്ത മുതൽ അവളുടെ ജീവിതം പരിപൂർണ്ണമായി യേശുവിന് വേണ്ടി മാത്രമായിരുന്നു. യേശുവിന് പന്ത്രണ്ട് വയസ്സായിരിക്കു മ്പോൾ അവൾക്ക് അവനെ നഷ്ടപ്പെടുന്നുണ്ട്. മകനെ നഷ്ടപ്പെട്ട നിമിഷങ്ങളിൽ അവൾ കടന്ന് പോയിട്ടിണ്ടുകാനിടയുള്ള വേദന വാക്കുകൾക്കതീതമാണ്. ജോസഫും മേരിയും യേശുവിനെ കണ്ടെത്തുന്നത് ജെറുസലെം ദേവാലയത്തിലാണ്. ” നിന്റെ പിതാവും ഞാനും ഉത്ക്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു,” എന്ന മാതൃത്വത്തിന്റെ നൊമ്പരമേറുന്നവാക്കുകൾക്ക് യേശു തന്റെ തന്നെ നിയോഗമാണ് അവളുമായി പങ്ക് വയ്ക്കുന്നത്. ” ഞാൻ എന്റെ പിതാവിന്റെ കാര്യത്തിൽ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലേ?” പക്ഷെ അമ്മ മനസ്സിന്റെ നൊമ്പരം തിരിച്ചറിയുന്ന യേശു നാഥൻ നസ്രത്തിലേക്ക് മടങ്ങിവന്ന് യേശുനാഥൻ മറിയത്തിനും ജോസഫിനും വിധേയരായി പരിശുദ്ധ കന്യകാമറിയത്തിന്റെ ശിക്ഷണത്തിൽ ജ്ഞാനത്തിലും, പ്രായത്തിലും, ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്ന് വരുകയാണ്. നമ്മുടെയൊക്കെ ജീവിതത്തിൽ യേശുനാഥനെ നഷ്ടപ്പെടുന്ന നിമിഷങ്ങളിൽ പരിശുദ്ധ കന്യകയുടെ സഹായത്തോടെ അവനിലേക്ക് നമുക്ക് തിരികെ നടക്കാം…
അഭയാർത്ഥികളുടെ നൊമ്പരം ഹൃദയത്തെ ഭാരപ്പെടുത്തുന്ന അനുഭ വമാണ്. യുദ്ധമൊ, കൊടും പട്ടിണിയൊ നിമിത്തം ജനിച്ചുവീണ മണ്ണിനെയും, ബന്ധുമിത്രാദികളെയും, സoസ്ക്കാര പൈതൃകത്തെയുമെല്ലാo ഉപേക്ഷിച്ച് സ്വപ്നങ്ങളുടെ ഭണ്ഡാരവുമായി അപരിചിതമായ നാട്ടിൽ ജീവിക്കേണ്ടി വരിക കിഠിനമാണ്. സംശയത്തിന്റെ നിഴലിലുള്ള നമ്മെ ആ നാട്ടുകാർ അംഗീകരിക്കണമെന്നൊ സ്നേഹിക്കണമെന്നൊ ഇല്ല. അത്തരമൊരു പ്രവാസ അനുഭവത്തിലൂടെ കടന്ന് പോയവരാണ് തിരുക്കുടുംബവും. പ്രസവാനന്തരം ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് സ്വസ്ഥമായ വിശ്രമവും തന്റെ കുഞ്ഞിന്റെ പരിപാലനയുമാണ്. എന്നാൽ ഹേറൊ ദോസ് രാജാവിന്റെ കുടില തന്ത്രം സ്വപ്നത്തിൽ തിരിച്ചറിയുന്ന തിരിക്കുടുംബം ഈജിപ്തിലേക്ക് പാലായനം ചെയ്യുകയാണ്. പ്രസവത്തിന് മുമ്പും അതിന് ശേഷവുംമെല്ലാം അവളെ കാത്തിരുന്നത് ദുഷ്ക്കരമായ യാത്രകളായിരുന്നു. യാതൊരു പാരിതിയും കൂടാതെ ഈ യാത്രകളെ അവർ ദിവ്യ ഉണ്ണിയോടൊത്തുള്ള തീർത്ഥാടനങ്ങളാക്കി മാറ്റുകയാണ് … തങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ദൈവപിതാവിന്റെ അറിവോടെയാണെന്നും രക്ഷാകര പദ്ധതിയുടെ ഭാഗമാണെന്നുമുള്ള ഉൾവെളിച്ചം അവൾക്കുണ്ടായിരുന്നു. അങ്ങനെ മാതാവിന്റെയും ഔസേപ്പിതാവിന്റെയും അനുസരണത്തോടെ ‘ഈജിപ്തിൽ നിന്ന് എന്റെ പുത്രനെ ഞാൻ വിളിച്ചു,’ എന്ന് ഹോസിയാ പ്രവാചകന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള തിരുവെഴുത്ത് പൂർത്തിയാക്കപ്പെടുകയാണ്… അടിമത്തത്തിന്റെ ഭവനമായ ഈജിപ്തിൽ നിന്ന് ഇസ്രായേൽ ജനത്തെ വാഗ്ദത്ത ഭൂമിയിലേക്ക് മോശ നയിച്ചത് പോലെ, ഈജിപ്തിൽ നിന്ന് യേശു നാഥൻ കടന്ന് വരുന്നത് പാപത്തിന്റെ ബന്ധനത്തിൽ നിന്ന് സമസ്ത മാനവരാശിയെയും മോചിപ്പിക്കുന്ന സമഗ്ര വിമോചകനായിട്ടാണ്. അഭയാർത്ഥി ജീവിതത്തിന്റെ നൊമ്പരമറിയുന്നവളാണ് പരിശുദ്ധ കന്യകാമറിയം. അവളുടെ മദ്ധ്യസ്ഥതയിലൂടെ എല്ലാ അഭയാർത്ഥികൾക്ക് വേണ്ടിയും അവരെ സ്വീകരിക്കുന്നതിനുള്ള ഹൃദയ വിശാലത നമുക്കുണ്ടാകുന്നതിന് വേണ്ടിയും പ്രാർത്ഥിക്കാം…
അനുഗ്രഹീത എഴുത്തുകാരനായ കെ.പി. അപ്പൻ പരിശുദ്ധ കന്യകാമറിയത്തെ അഭിസംബോധന ചെയ്യുന്നത് വൈരുദ്ധ്യങ്ങളുടെ രാജ്ഞി എന്നാണ്. ഏതൊരു മനുഷ്യ സ്ത്രീക്കാണ് ഒരേ സമയം മാതാവും കന്യകയുമാകുവാൻ കഴിയുക ? യേശു നാഥനെ ഉദരത്തിൽ വഹിക്കുന്നതിനു മുമ്പും, വഹിച്ചപ്പോഴും, ദിവ്യരക്ഷകന് ജൻമം നൽകിയതിനു ശേഷവും അവൾ കന്യകയായി നിലകൊണ്ടു എന്നത് നമ്മുടെ സുപ്രധാനമായ വിശ്വാസ സത്യവും അപ്പോസ്തലിക പാരമ്പര്യവുമാണ്. പുരുഷന്റെ ഇടപെടൽ ഇല്ലാതെ പരിശുദ്ധാത്മാവ് വഴിയാണ് പരിശുദ്ധ കന്യകാമറിയം ഗർഭം ധരിക്കുന്നത്. അവളുടെ ഉദരത്തിൽ നിന്ന് ദിവ്യരക്ഷകൻ പൂജതനാകുന്നതും അവളുടെ കന്യാത്വത്തിന് ഭംഗം വരുത്താതെയാണ്. ‘കന്യകാ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവേൽ എന്ന് വിളിക്കപ്പെടും.’ നൂറ്റാണ്ടുകൾക്കു മുമ്പേ ഏശയ്യാ പ്രവാചകൻ വഴി ദിവ്യരക്ഷകന്റെ കന്യകാ ജനനം ഇസ്രായേൽ ജനത്തോട് ദൈവം വെളുപ്പെടുത്തിയിരുന്നു. അങ്ങനെ ജനനം മുതൽ മരണം വരെ ദൈവത്തെ മാത്രം ഉപാസിച്ച നിത്യകന്യകയായി മറിയം നിലകൊണ്ടു. അവളുടെ അതിവിശിഷ്ഠവും സംപൂർണ്ണമായ കന്യകാത്വമാണ് പൂർണ്ണ ഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കാനും, വചനമാകുന്ന ദൈവപുത്രന് മാംസം ധരിക്കാൻ തന്റെ ഉദരത്തിൽ ഇരിപ്പിടമൊരുക്കിയതും, ക്രിസ്തു നാഥനെപ്പോലെ ദൈവത്തിന്റെ ഹിതം തന്റെ ജീവിതത്തിലും നിറവേറട്ടെ എന്ന് മൊഴിയാനുമുള്ള ആന്തരിക ശക്തി അവൾക്ക് നൽകിയത്. അവളെപ്പോലെ നിർമ്മലമായ മനസ്സോടെ ദൈവത്തെ അന്വേഷിക്കുവാനും ശിശ്രൂഷിക്കുവാനും അവളുടെ മാദ്ധ്യസ്ഥം നമ്മെ സഹായിക്കട്ടെ…
ജോസഫും മറിയവും തങ്ങളുടെ പ്രിയപുത്രനെ ജെറുസലെം ദേവാലത്തിൽ കാഴ്ച്ച വയ്ക്കുകയാണ്. കടിഞ്ഞൂൽ പുത്രൻമാരെ യാഹ്‌വേയ്ക്ക് സമർപ്പിക്കണമെന്നതായിരുന്നു യഹൂദ പാരമ്പര്യം. ആ പാരമ്പര്യത്തിന്റെ പൂർത്തി കരണത്തിനായി എട്ടാം ദിവസം ജോസഫും മേരിയും ഉണ്ണിയേശുവുമായി ദേവാലയത്തിലെത്തുകയാണ്. ലോക രക്ഷനായി മാനവീകരണം ചെയ്ത ദൈവകുമാരനെ ദൈവപിതാവിന് സമർപ്പിക്കുകയാണ്. പരിശുദ്ധ കന്യകാ മറിയവും ഔസേപ്പിതാവും തങ്ങളെത്തന്നെയും ഉണ്ണിയേശുവിന്റെ ഒപ്പം ദൈവപിതാവിന് സമർപ്പിക്കുകയാണ്. കാരണം ലോക രക്ഷയ്ക്ക് ആഗതനായിരിക്കുന്ന ഈ ദൈവപുത്രനെ വളർത്തി കൊണ്ട് വരേണ്ടതും അവന്റെ രക്ഷണീയ കർമ്മത്തിൽ മുഖ്യ സഹകാരികൾ ആകേണ്ടതും ഇവർ തന്നെയായിരുന്നു. ആ സമയം വന്ദ്യനായ ശിമയോനും അന്നായും പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ ദേവാലയത്തിലെത്തുന്നുണ്ട്. ദിവ്യരക്ഷകന്റെ നിയോഗം ശിമയോന്റെ വാക്കുകളിലൂടെ ജെറുസലെം ദേവാലയത്തിൽ വച്ച് പ്രഘോഷിക്കപ്പെടുകയാണ്. അങ്ങനെ ജെറുസലെം ദേവാലയത്തിൽ സൂക്ഷിച്ചിട്ടുള്ള സാന്നിദ്ധ്യത്തിന്റെ അപ്പത്തെക്കാൾ ശ്രേഷ്ഠമായ, ജീവന്റെ അപ്പത്താലും, ജീവന്റെ അപ്പത്തെ വഹിച്ച ആദ്യത്തെ സക്രാരിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ സാന്നിദ്ധ്യത്താലും ജെറുസലെം ദേവാലയം അനുഗ്രഹിക്കപ്പെടുകയാണ്. രക്ഷകന്റെ നിയോഗം ശിമയോൻ വിളിച്ചോതുന്നതോടൊപ്പം അവന്റെ അമ്മയുടെ നിയോഗവും ശിമയോൻ പ്രവചിക്കുന്നുണ്ട്…’ നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറും…’ സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്‌ഞിയാക്കുന്നതിന് മുമ്പ് അവർ വ്യാകുലങ്ങളുടെ പാനപാത്രo കുടിക്കേണ്ടിയിരുന്നു. ദുഷ്ക്കരമായ തന്റെ നിയോഗം തിരിച്ചറിയുമ്പോഴും ദൈവം തന്നെ ഏൽപ്പിച്ചിരിക്കുന്ന നിയോഗത്തിൽ നിന്ന് അവൾ ഭയന്ന് പിൻമാറുന്നില്ല. ‘ഇതാ കർത്താവിന്റെ ദാസി,’ എന്ന് മൊഴിഞ്ഞ് അവൾ തന്റെ വിശ്വാസ യാത്ര തുടരുകയാണ് … പരിശുദ്ധ കന്യകാമറിയത്തെപ്പോലെ പ്രതിസന്ധികളിൽ പതറാതെ ദൈവപിതാവിന് നമ്മെക്കുറിച്ചുള്ള പദ്ധതിയിൽ അടിയുറച്ച് വിശ്വസിച്ച് നമ്മുടെ ജീവിതയാത്ര തുടരാം…
മേയ് മാസം മാതാവിനോടൊപ്പം… ശിശുവിനെ ഉദരത്തിൽ വഹിക്കുന്ന ഏതൊരു സ്ത്രീയുടെയും സ്വപ്നം സുരക്ഷിതമായ ഒരിടത്ത് തന്റെ ശിശുവിന് ജൻമം നൽകുക എന്നതാണ്. ഏറ്റവുമധികം സന്തോഷവതിയായിരിക്കാൻ ഒരു സത്രീ ആഗ്രഹിക്കുന്നതും ഈ കാലയളവിലാണ്. സന്തോഷവതിയായിരിക്കുന്നത് കേവലം തനിക്ക് വേണ്ടി മാത്രമല്ല മറിച്ച് തന്റെ ഉദരത്തിൽ രൂപം കൊള്ളുന്ന തന്റെ പൊന്നോമനയ്ക്ക് വേണ്ടിയാണ്. ഏതൊരു സ്ത്രീയുടെയും മൗലികമായ അവകാശങ്ങളാണിവ. എന്നാൽ ലോക രക്ഷകനും അവന്റെ അമ്മയ്ക്കും ഇവയെല്ലാം നിഷേധിക്കപ്പെട്ടു. പാർശ്വവത്ക്കരിക്കപ്പെട്ടവരോടുള്ള തന്റെ അനുകമ്പയുടെ പ്രതീകമായാണ് അവൻ കാലിത്തൊഴുത്ത് തെരെഞ്ഞെടുത്തത്. അവന് വേണ്ടി ഒരു സ്ത്രീ തന്റ ജീവതത്തിന്റെ ഏറ്റവും നിർണായക മുഹൂർത്തത്തിൽ ഒരു സ്ത്രീ ആഗ്രഹിക്കുന്നതൊക്കെയും ഉപേക്ഷിച്ചാണ് കാലി തൊഴുത്തിന്റെ ദാരിദ്രത്തിലേക്ക് അവളും ഇറങ്ങിത്തിരിക്കുന്നത്. അവളെ സഹായിക്കാൻ അവളുടെ മാതാപിതാക്കളൊ, ബന്ധുമിത്രാദികളൊ, ശിശ്രൂഷിക്കാൻ വയറ്റാട്ടിപോലുമൊ ഉണ്ടായിരുന്നില്ല. അങ്ങനെ കാലിത്തൊഴുത്ത് പരിഭവങ്ങളില്ലാത്ത അവളുടെ മാതൃ സ്നേഹത്താൽ കാലിത്തൊഴുത്ത് ഭൂമിയിലെ സ്വർഗ്ഗമാവുകയാണ്. ദൈവപുത്രനെ മുലയൂട്ടാനും താരാട്ട് പാടാനും സുകൃതം ലഭിച്ച സ്ത്രീകളിൽ അനുഗ്രഹീതയാണവൾ. അവളപ്പോലെ നാം ആയിരിക്കുന്നിടങ്ങളെ ഭൂമിയിലെ സ്വർഗ്ഗമാക്കാം …
ജീവൻറ്റെ അപ്പമായവന് ജന്മം നല്കാൻ നിറവയറുമായി അപ്പത്തിൻറ്റെ നഗരമായ ബെത്ലെഹെമിലേക്കായിരുന്നു അവളുടെ രണ്ടാമത്തെ വിശ്വാസ യാത്ര. അത്തരുണത്തിലുള്ള ഒരു മുഹൂർത്തത്തിൽ ഗർഭവതിയായ ഒരു സ്ത്രീയും അത്രയും ദുഷ്കരമായ ഒരു യാത്രയെപ്പറ്റി ചിന്തിക്കുകയൊ അതിന് മുതിരുകയോ ഇല്ല. പിന്നെ എന്തുകൊണ്ട് പരിശുദ്ധ കന്യകാമറിയം ഈ യാത്രയ്ക്ക് തയ്യാറായി? ലോകരക്ഷകനായ മിശിഹാ ദാവീദിൻറ്റെ നഗരമായ ബെത്ലെഹ്മിൽ ജനിക്കുമെന്നത് പ്രവാചകരിലൂടെ ഇസ്രായേൽ ജനത്തിന് വെളിപ്പെട്ടിട്ടുള്ളതാണ്. ഈ ദൈവഹിതത്തെ തിരിച്ചറിഞ്ഞു ആ രക്ഷാകര പദ്ധതിയുടെ പൂർത്തീകരണത്തിനായാണ് മരുഭൂമിയിലൂടെ ദുഷ്കരമായ ആ യാത്രയ്ക്ക് അവൾ ഇറങ്ങിത്തിരിക്കുന്നത്. പരാതിയും പരിഭവങ്ങളൊന്നുമില്ലാതെ പൂർണ മനസ്സോടെയാണ് ദൈവഹിതത്തെ അവൾ തൻറ്റെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുന്നത്. ദൈവപുത്രന് ജന്മം നല്കാൻ സത്രത്തിൽ പോലും ഇടം ലഭിക്കാതെ വരുമ്പോഴും കർത്താവിൻറ്റെ ഈ വിനീത ദാസി ദൈവഹിതത്തോട് കലഹിക്കുന്നില്ല. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളുടെ മധ്യത്തിൽ അവൾക്ക് ദൈവത്തിൻറ്റെ പദ്ധതിയെ ചോദ്യം ചെയ്യാമായിരുന്നു, ദൈവപരിപാലയെ സംശയിക്കാമായിരുന്നു… എന്നാൽ തൻറ്റെ സംപൂർണ്ണ സമർപ്പണത്തിലൂടെയും, വിശ്വാസത്തിലൂടെയും നിരാശ നിറഞ്ഞ ഇടങ്ങളെയും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെയും അവൾ പ്രത്യാശഭരിതമാക്കുകയാണ്… പരിശുദ്ധ കന്യകാമറിയത്തെപ്പോലെ ദൈവഹിതത്തെ തിരിച്ചറിഞ്ഞു പ്രത്യാശയിയോടുകൂടി നമ്മുടെ വിശ്വാസ യാത്ര തുടരാം…
മംഗലവാർത്തയക്കുശേഷം യൂദയായിലെ മലമ്പ്രദേശത്തേക്കുള്ള ഒരു പട്ടണത്തിലേക്ക് എലിസബത്തിനെ സന്ദർശിക്കാൻ തിടുക്കത്തിൽ യാത്രയാകുന്ന പരിശുദ്ധ കന്യകാമറിയത്തെയാണ് നാം സുവിശേഷങ്ങളിൽ കണ്ടുമുട്ടുന്നത്. എന്തുകൊണ്ട് തിടുക്കത്തിൽ അവൾ എലിസബത്തിൻറ്റെ പക്കലേക്ക് യാത്രയായി? വന്ധ്യയെന്ന് അറിയപ്പെട്ടിരുന്ന എലിസബത്ത് ഗർഭിണിയായിരിക്കുന്നത് തൻറ്റെ കണ്ണുകൊണ്ട് നേരിൽകണ്ട് ബോദ്ധ്യം വന്നാൽ മാത്രമെ ഗബ്രിയേൽ ദൂതൻ തന്നോട് പറഞ്ഞ കാര്യങ്ങൾ യാഥാർഥ്യമാവുകയുള്ളു എന്ന വീക്ഷണം പരിശുദ്ധ കന്യകാമറിയത്തെ ഇടുങ്ങിയ ചിന്താഗതിയിൽ നിന്ന് വീക്ഷിക്കുന്നതിന് തുല്യമാണ്. ക്രിസ്തുനാഥനെ ഉദരത്തിൽ പേറി എലിസബത്തിൻറ്റെ പക്കലേക്ക് അവൾ യാത്രയാകുന്നത്, വിനയത്തിൻറ്റെ മേലങ്കിയണിഞ്ഞു എലിസബത്തിനെ ശുശ്രുഷിക്കാനാണ്… അതോടൊപ്പം ഈ ലോകത്ത് ആരെങ്കിലും തന്നെ മനസ്സിലാക്കുന്നുണ്ടെങ്കിൽ അത് എലിസബത്ത് മാത്രമായിരിക്കും എന്ന തിരിച്ചറിവും അവൾക്കുണ്ടായിരുന്നു.’ എൻറ്റെ കർത്താവിൻറ്റെ അമ്മ എ ൻറ്റെ അടുത്തുവരുവാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?” എലിസബത്തിൻറ്റെ ഈ വാക്കുകൾ കന്യകാമറിയത്തിനായി ദൈവം വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു എന്ന തിരിച്ചറിവിലാണ്… അങ്ങനെ ദൈവഹിതത്തിന് തങ്ങളെത്തന്നെ പരിപൂർണമായി സമർപ്പിച്ച രണ്ട് വ്യക്തികൾ ഒത്തുചേരുമ്പോൾ പരിശുദ്ധാത്മാവിൻറ്റെ വലിയ അഭിഷേകം അവിടെ സംഭവിക്കുകയാണ്… പരിശുദ്ധ കന്യകാമറിയത്തിൻറ്റെ മധ്യസ്ഥതയിലൂടെ പരിശുദ്ദത്മാവിൻറ്റെ നിറവിനായി നമുക്ക് പ്രാർത്ഥിക്കാം…
പരിശുദ്ധ കന്യകാമറിയത്തിന് നൽകപ്പെട്ട ഏറ്റവും ശ്രേഷ്ഠമായ അനുഗ്രഹം ദൈവമാതാവാകാനുള്ള സുകൃതമാണ്. ദൈവമാതാവ് എന്ന് കേൾക്കുമ്പോൾ സാധാരണ ഗതിയിൽ നാം ചിന്തിക്കുക ദൈവത്തിന് ജൻമം നൽകിയ സ്ത്രീ എന്നായിരിക്കാം. പക്ഷെ ആദിയും അന്ത്യവുമില്ലാത്ത ദൈവത്തിന് എങ്ങിനെയാണ് അമ്മയുണ്ടാകുന്നത്? സർവ്വ പ്രപചനത്തിൻറ്റെ യും സൃഷ്ഠികർത്താവിന് എങ്ങിനെയാണ് തൻറ്റെ സൃഷ്ടിയിൽ നിന്ന് ജനിക്കാനവുക? ക്രിസ്തുവിൻറ്റെ മനുഷ്യാവതാര രഹസ്യവുമായി ബന്ധപ്പെടുത്തിയാണ് കന്യകാമറിയത്തിൻറ്റെ ദൈവമാതൃത്വം നാം മനസ്സിലാക്കേണ്ടത്. എല്ലാ അമ്മമാരെയും പോലെ ക്രിസ്തുനാഥൻറ്റെ മനുഷ്യ ശരീരം രൂപം കൊണ്ടത് കന്യകാമറിയത്തിൻറ്റെ ഉദരത്തിലാണ്. പക്ഷെ മനുഷ്യനായി അവതരിച്ച പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളായ ദൈവപുത്രനിൽ അവൻറ്റെ ദൈവത്തവും മനുഷ്യത്വവും വേർതിരിക്കാനാവാത്ത വിധത്തിൽ ഒരൊറ്റ വ്യകതിത്വമായി സംയോജിച്ചിരിക്കുന്നു. അങ്ങനെ പരിശുദ്ധാത്മാവിനാൽ തൻറ്റെ ഉദരത്തിൽ സംവഹിക്കപ്പെടുകയും, തന്നെത്തന്നെ നൽകി അവൻറ്റെ മനുഷ്യ ശരീരത്തിന് രൂപം നൽകുകയും വഴി തൻറ്റെ പുത്രൻറ്റെ തിരുയോഗ്യതകളാൽ അവളും ദൈവമാതൃസ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. അവളുടെ സവിശേഷമായ ഈ പദവി രക്ഷണീയ കർമത്തിലെ അവളുടെ അതിവിശിഷ്ട നമ്മോട് വിളിച്ചോതുന്നു. ഫാത്തിമമാതാവിൻറ്റെ തിരുനാൾ ആഘോഷിക്കുന്ന ഇന്നേ ദിനം അനുതാപം നിറഞ്ഞ ജീവിതത്തിലൂടെ അവളോടൊപ്പം ലോകസമാധനത്തിനും കൊറോണ മഹാവ്യാധിയിൽ നിന്ന് എത്രയും വേഗം മോചനം ലഭിക്കുന്നതിനുമായി നമുക്ക് പ്രാർത്ഥിക്കാം…
മേയ്മാസം മാതാവിനോടൊപ്പം… “ഇതാ കർത്താവിൻറ്റെ ദാസി നിൻറ്റെ വാക്ക് എന്നിൽ നിറവേറട്ടെ.” പരിശുദ്ധ കന്യകാമറിയാ൦ ഈ വചനങ്ങൾ ഉച്ചരിച്ചത് മംഗളവാർത്താ വേളയിൽ മാത്രമായിരുന്നില്ല, തൻറ്റെ ജീവിതം മുഴുവൻ ദൈവഹിതത്തിന് തന്നെത്തന്നെ പരിപൂർണമായി സമർപ്പിച്ചുള്ള തീർത്ഥയാത്രയായിരുന്നു അവളുടേത്. സാധാരണ നാമൊക്കെ നമ്മുടെ വ്യകതിപരമായ താത്പര്യങ്ങളെ മുൻനിറുത്തി, ദൈവഹിതത്തെ അവക്കനുസൃതമായി മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ, അവൾ ദൈവഹിതത്തെ തിരിച്ചറിഞ്ഞു തൻറ്റെ വ്യകതി ജീവിതം ദൈവഹിതത്തിനു അനുരൂപമാക്കുകയാണ് ചെയ്തത്… ഈ സമ്പൂർണ്ണസമർപ്പണത്തിൻറ്റെ പട്ടുമെത്തയിലൂടെയുള്ള ഒരു വിശ്വാസയാത്രയായിരുന്നില്ല, മറിച് വെല്ലുവിളികളും, പരീക്ഷകളും നിറഞ്ഞതുമായിരുന്നു. എന്നിരുന്നാലും മുറുമുറപ്പ് നടത്താനൊ ദൈവഹിതത്തോട് കലഹിക്കാനോ, അവൾ തുനിയുന്നില്ല. കർത്താവിൻറ്റെ പ്രിയ ദാസിയായി കാൽവരിയിലും കുരിശി ൻറ്റെ ചുവട്ടിലും എളിമയോടെ അവൾ നിൽക്കുകയാണ്. “എൻറ്റെ ഇഷ്ടമല്ല, അങ്ങേ തിരുഹിതം നിറവേറപ്പെടട്ടെ,” എന്ന യേശുനാഥനാൻറ്റെ വാക്കുകൾ അന്വർത്ഥമാകുന്നത് ഇവളുടെ ജീവിതത്തിലും കൂടിയാണ്. പരിശുദ്ധ കന്യകാമറിയത്തെപ്പോലെ ദൈവഹിതം തിരിച്ചറിഞ്ഞു അതിനനുസൃതമായി നമ്മുടെ ജീവിതത്തെയും നമുക്ക് രൂപപ്പെടുത്താം…
മംഗളവാർത്ത വേളയിൽ തന്നെ തേടിയെത്തുന്ന ദൈവ വചനത്തിന് പരിശുദ്ധ കന്യകാമറിയം തന്നെത്തന്നെ സമർപ്പിക്കുകയാണ്. തന്റെ ചെവികൾകൊണ്ട് വചനം ശ്രവിക്കുക മാത്രമല്ല ഹൃദയത്തിൽ സംഗ്രഹിക്കുകയാണ്. വചനത്തെ തൻറ്റെ ഉദരത്തിൽ പേറുകയും, ഹൃദയത്തിൽ സംഗ്രഹിക്കുകയും വഴി വചനത്തിൻറ്റെ ഏറ്റവും വലിയ ഉപാസകയായി അവൾ മാറുകയാണ്. ഓരോ തവണയും തന്നെത്തേടിയെത്തുന്ന ദൈവ വചനത്തെ തൻറ്റെ പൂർണ്ണ ഹൃദയത്തോടും, മനസ്സോടും, ശക്തിയോടുംകൂടിയാണവൾ ശ്രവിക്കുന്നത്… വന്ദ്യനായ ശിമയോനിലൂടെ ‘നിൻറെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറും’ എന്ന ദൈവവചനം വലിയ വിശ്വാസത്തോടും സമചിത്തതയോടും കൂടിയാണവൾ സ്വീകരിക്കുന്നത്. കാനയിൽ തൻറ്റെ തിരുക്കുമാരൻ “എനിക്കും നിനക്കുമെന്ത്?” എന്ന വചനത്തിന് അവൾ പരിപൂർണമായി കീഴ്‌വഴങ്ങുകയാണ്. കാരണം അവളുടെ ദൗത്യം ആരംഭിക്കേണ്ടത് കാൽവരിയിലാണ്…”ഇതാ നിൻറ്റെ മകൻ…” ഇനി മുതൽ തന്നെ അനുഗമിക്കാൻ പോവുന്ന എല്ലാ ശിഷ്യന്മാരുടെയും അമ്മയാകേണ്ടവളാണവൾ… കുരിശിൻറ്റെ ചുവട്ടിലും ഹൃദയഭേദകമായ ആ നിമിഷത്തിലും അവളുടെ മൃദുമന്ത്രണം “ഇതാ കർത്താവിന്റെ ദാസി, നിൻറ്റെ വചനം പോലെ എന്നിലാവട്ടെ …”പരിശുദ്ധ കന്യകമാറിയത്തെപ്പോലെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിച്ചു നൂറ് മേനി ഫലങ്ങൾ പുറപ്പെടുവിക്കുന്ന ക്രിസ്തുശിഷ്യരാകാം…
ഗബ്രിയേൽ മാലാഖയിലൂടെ പരിശുദ്ധ അമ്മയ്ക്ക് ലഭിച്ച മംഗളവാർത്ത സമസ്ത പ്രപഞ്ചത്തിനുമുള്ള മ൦ഗള വാർത്തയായിരുന്നു. ‘നന്മ നിറഞ്ഞ മറിയമെ സ്വസ്തി, കർത്താവ് നിന്നോട് കൂടെ, സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു…”ദൈവ പിതാവിൽ നിന്ന് ലഭിച്ച സുകൃതങ്ങളെ, പ്രസാദവര സഹായത്തിൽ ആശ്രയിച്ചു അതി ൻറ്റെ പൂർണതയിൽ ജീവിക്കാനും അങ്ങനെ അത് വഴി തൻറ്റെ വ്യക്തി ജീവിതത്തെയും ആത്മീയജീവിതത്തെയും പരിപോഷിപ്പിക്കാനും അവൾക്ക് കഴിഞ്ഞു. “ദൈവം നിന്നോട് കൂടെ…” എന്ന മാലാഖയുടെ വാക്കുകൾ അവളുടെ ജീവിതത്തിൽ നിറഞ്ഞു നിന്ന ദൈവകൃപയുടെ സാന്നിദ്ധ്യം വിളിച്ചോതുന്നു. എല്ലാ സ്ത്രീകളിലും വച്ച് അവൾ അനുഗ്രഹിക്കപെട്ടവളായി മാറുന്നത് ദൈവപിതാവിലുള്ള അവളുടെ അചഞ്ചലമായ വിശ്വാസവും, ദൈവപിതാവിന ൻറ്റെ തെരെഞ്ഞെടുപ്പുമായിരുന്നു. ദൈവപുത്രനെ ഉദരത്തിൽ പേറാൻ ഭാഗ്യം ലഭിച്ചതിലൂടെ സർവ്വ മാനുഷരെയുംകാൾ അനുഗ്രഹിക്കപ്പെട്ടവളായി അവൾ മാറുകയാണ്. പരിശുദ്ധ അമ്മയെപ്പോലെ ഈശോയെ ഹൃദയത്തിൽ പേറി നന്മനിറഞ്ഞ ജീവിതം നമുക്കും നയിക്കാം…
തൻറ്റെ തിരുക്കുമാരന് മാതാവാകാൻ സകല സുകൃതങ്ങളാലും അലങ്കരിക്കപ്പെട്ട പരിശുദ്ധ കന്യകാ മറിയത്തെ തെരെഞ്ഞെടുത്തത് പോലെ ദിവ്യസുതൻറ്റെ വളർത്തുപിതാവാകനും പരിശുദ്ധ കന്യകയ്ക്കു താങ്ങും തുണയുമാവാൻ തെരെഞ്ഞെടുത്തത് നീതിമാനായ ഔസേപ്പിതാവിനെ ആയിരുന്നു. തനിക്കേറ്റവും വിശ്വാസ്യയുള്ളതും പ്രിയനുമായ വ്യക്തിയായിരുന്നു ഔസേപ്പിതാവ്.രക്ഷാകര പദ്ധതിയുടെ പൂർത്തീകരണത്തിനായി, കന്യകാമറിയത്തെപ്പോലെ തൻറ്റെ ഇഷ്ട്ടങ്ങളൊക്കെ മാറ്റിവച്ചു ദൈവഹിതം നിറവേറ്റാനായി ജീവിതം തന്നെ ഉഴിഞ്ഞുവച്ച വ്യക്തിയാണ് ഔസേപ്പിതാവ്. കന്യകാമറിയത്തോട് ചേർന്ന് ദൈവകുമാരനെ പരിപാലിക്കാനും, നെറ്റിയിലെ വിയർപ്പൊഴുക്കി ജീവൻറ്റെ അപ്പമായവന് അന്നം നൽകാനുള്ള സുകൃതം അദ്ദേഹത്തിനുണ്ടായി. പരിശുദ്ധ കന്യകാമറിയവും ഔസേപ്പിതാവും തങ്ങളുടെ സമർപ്പണം നിറഞ്ഞ ജീവിതത്തിലൂടെ യേശുനാഥനെ വളർത്തികൊണ്ടുവന്നത് പോലെ നമ്മെ ഭരമേല്പിച്ചിരിക്കുന്നവരുടെ ജീവിതത്തിൽ യേശുനാഥനെ വളർത്തിക്കൊണ്ടു വരുവാൻ നമുക്ക് ശ്രമിക്കാം…
സകല സുകൃതങ്ങളാലും അല൦കൃതയായവളാണ് ദൈവപിതാവിൻറ്റെ സ്നേഹഭാജനമായ പരിശുദ്ധ കന്യകാമറിയo. ദൈവിക പുണ്യങ്ങളായ വിശ്വാസം, പ്രത്യാശ, ഉപവി അവളിൽ സൂര്യതേജസ്സ് പോലെ പ്രശോഭിച്ചിരുന്നു. കാലിത്തൊഴുത്തിലും, കാൽവരിയിലും, വിശ്വാസത്തിൻറ്റെ ദീപശിഖ അവൾ കെടാതെ കാത്തു… തൻറ്റെ തിരുക്കുമാരൻറ്റെ മൃതശരീരം മടിയിലേന്തിയപ്പോഴും, കല്ലറയിൽ സംസ്കരിച്ചപ്പോഴും ദുഖാർത്തയായിരുന്നെങ്കിലും പ്രത്യാശയുടെ കിരണങ്ങൾ അവളിൽ അസ്തമിച്ചിരുന്നില്ല… ശിശുവിനെ ഉദരത്തിൽ പേറുന്ന എലിസബത്തിന് കരുതലിൻറ്റെ കരങ്ങൾ നൽകുന്നതും, കാനായിലെ കുടുംബത്തെ അപമാന ഭാരത്തിൽ നിന്ന് കാക്കുന്നതുമൊക്കെ സുവർണ്ണ ലിപിയിൽ അവൾ കുറിച്ച സ്നേഹസാക്ഷ്യങ്ങളാണ്. അവളെപ്പോലെ നസ്രായനിലുള്ള വിശ്വാസത്തിൽ അടിയുറച്ചു പ്രത്യശാഭരിതവും സ്നേഹനിർഭരവുമായ ജീവിതം നമുക്ക് ജീവിക്കാം.
മംഗള വാർത്താ വേളയിൽ ഗബ്രിയേൽ മാലാഖ മറിയത്തെ അഭിവാദനം ചെയ്തത് “നൻമ നിറഞ്ഞ മറിയമെ സ്വസ്തി, കർത്താവ് നിന്നോട് ” എന്ന വചസുകളിലൂടെയാണ്. എല്ലാ സുകൃതങ്ങളും അതിന്റെ പൂർണ്ണതയിൽ പരിശുദ്ധ കന്യകാമറിയത്തിൽ പ്രശോഭിച്ചിരുന്നു. എല്ലാ സുകൃതങ്ങളുടയും വരപ്രസാദങ്ങളുടെയും വിളനിലമായി അവളുടെ ജീവിതം രൂപാന്തരപ്പെട്ടത് ദൈവപിതാവിന് അവളോടുള്ള സ്നേഹത്തിന്റെ പ്രകടമായ സാക്ഷ്യമായിരുന്നു. തനിക്ക് ലഭിച്ച ദൈവവരപ്രസാദത്തിലൂടെ കളങ്കരഹിതമായ ജീവതം നയിക്കാനും അങ്ങനെ തന്റെ പുത്രന്റെ മാതാവും അവന്റെ പ്രഥമ ശിഷ്യയുമായി അവൾ മാറി. അവളുടെ മാദ്ധ്യസ്‌ഥം കൃപ നിറഞ്ഞ ജീവിതം നയിക്കാൻ നമ്മെ സഹായിക്കട്ടെ …
മാനുഷികമായ പുണ്യങ്ങളിൽ പ്രഥമസ്ഥാനം എളിമയെന്ന സുകൃതത്തിനാണ്. പരിശുദ്ധ കന്യകാമറിയത്തിൽ വിളങ്ങിയിരുന്ന പരമപ്രധാനമായ പുണ്യo എളിമയായിരുന്നു. “ഇതാ കർത്താവിൻറ്റെ ദാസി, നിൻറ്റെ വാക്ക് എന്നിൽ നിറവേറട്ടെ!” എന്ന അവളുടെ മൊഴികൾ തന്നെയാണ് അവളിൽ നിറഞ്ഞു നിന്ന ഈ പുണ്യത്തിന് അടിവരയിടുന്നത്… പുരുഷനെ അറിയാതെ താൻ ഗർഭിണിയാകണെമെന്ന ദൈവഹിതത്തോട് സമ്മതം മൂളുമ്പോൾ വിവാഹിതബന്ധത്തിന് പുറത്തു ഗർഭിണിയാകുന്ന യഹൂദസ്‌ത്രിയെ കാത്തിരിക്കുന്ന ശിക്ഷ കല്ലെറിഞ്ഞു കൊല്ലപ്പെടുക എന്നതാണെന്ന് അവൾക്ക് അറിയാമായിരുന്നു. അവളോളം താഴ്ത്തപ്പെട്ടവളായി ആരുമില്ല. അവളുടെ ഈ എളിമയാണ് എല്ലാ മനുഷ്യരെക്കാളും ഉയർത്തപ്പെട്ടു സ്വർഗ്ഗത്തിൻറ്റെയും ഭൂമിയുടെയും രാഞ്ജിയായി രൂപപ്പെടുത്തിയത്. ഇന്ന് മുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്ന് വിളിക്കും. ഭാഗ്യവതിയായ മറിയത്തിൻറ്റെതു പോലെ എളിമ നിറഞ്ഞ ജീവിതമാവട്ടെ നമ്മുടേത്…
മേയ് മാസം മാതാവിനോടൊപ്പം… ചെറുപ്പം മുതലെ അനിതസാധാരണമായ വിശുദ്ധിയും മാനുഷിക മൂല്യങ്ങളുടെ നിറവും പരിശുദ്ധ കന്യകാമറിയത്തിൽ പ്രകടമായിരുന്നു. ഒരുപാട് കാലത്തെ കാത്തിരിപ്പുകൾക്കും പ്രാർത്ഥനകൾക്കുമൊടുവിൽ വി. യൊവാക്കിമിനും , വി. അന്നായ്ക്കും ലഭിച്ച കണ്മണിയായിരുന്നിട്ട് കൂടി ചെറുപ്പത്തിലെ തന്നെ മേരിയെ ദേവാലയത്തിൽ അവർ സമർപ്പിക്കുകയാണ്. അങ്ങനെ രക്ഷകനെ വഹിക്കേണ്ട വാഗ്ദത്ത പേടകമാവേണ്ടവൾ വചനത്തിൽ ആഴപ്പെടുന്നതും , പാരമ്പര്യങ്ങൾ മനസ്സിലാക്കുന്നതും വാഗ്‌ദത്ത പേടകം സൂക്ഷിച്ച ജെറുസലേം ദേവാലയത്തിലാണ്. മാംസം ധരിച്ച ജീവൻറ്റെ വചനമായ നസ്രായന് ഈ മുല്യങ്ങളെല്ലാം പകർന്ന് നൽകുന്നത് മേരിയാണ്… സ്വർഗസ്ഥാനായ പിതാവ് തനിക്കായി ചെയ്ത നന്മകളെ തിരിച്ചറിഞ്ഞു ആനന്ദ നിർവൃതിയിൽ, അവൾ പാടുന്ന സ്തോത്രഗീതത്തിൻറ്റെ ആത്മീയത പിതാവിന് നിരന്തരം കൃതജ്ഞതാസ്തോത്രം ചൊല്ലുന്ന നസ്രായനിൽ നാം ദർശിക്കുന്നുണ്ട്. മേരിയെപ്പോലെ നന്ദി നിർഭരമായ ഹൃദയത്തോടെ, ദൈവസ്നേഹത്തിലും പരസ്നേഹത്തിലും അനുദിനം വളരാം…
മേയ് മാസം മാതാവിനോടൊപ്പം… ഓരോ കുഞ്ഞിൻറ്റെയും ജനനം പ്രത്യാശയുടെ പുലർതിരി വെട്ടമാണ് നമുക്ക് സമ്മാനിക്കുന്നത്. സർവ്വ പ്രപഞ്ചത്തിനും പ്രത്യാശയുടെ പൊൻകതിർവെട്ടം സമ്മാനിച്ച നിമിഷമായിരുന്നു പരിശുദ്ധ കന്യകാ മറിയത്തിൻറ്റെ ജനനം, നമ്മുടെ രക്ഷാകര പദ്ധതിയിലെ നിർണായക മുഹൂർത്തം. ആദ്യത്തെ സക്രാരിയായി മാറേണ്ട അവളെ ഉദരത്തിൽ വഹിക്കാൻ ഭാഗ്യം ലഭിച്ചത് വിശുദ്ധ അന്നയ്ക്കായിരുന്നു. അതുപോലെ നിർമ്മലയായ കന്യകാമേരിക്ക് പിതൃ വാത്സല്യത്തിൻറ്റെ ചൂടും കരുതലും നൽകാൻ ദൈവ്വം തെരെഞ്ഞെടുത്തത് വിശുദ്ധ യോവ്വാക്കിമിനെയായിരുന്നു . മേരിയുടെ സാന്നിധ്യമാണ് ഈ ദമ്പതിമാരെ വിശുദ്ധിയുടെ മകുടമണിയിച്ചത്. മേരിയെപ്പോലെ വിശുദ്ധി നിറഞ്ഞ സന്താനങ്ങളാൽ നമ്മുടെ കുടുംബങ്ങളും സമൂഹങ്ങളും അനുഗ്രഹിക്കപ്പെടട്ടെ…
മേയ് മാസം മാതാവിനോടൊപ്പം… തൻറ്റെ പുത്രനിലൂടെ പൂർത്തീകരിക്കപ്പെടാൻ പോകുന്ന രക്ഷണീയ കർമ്മത്തിന് ദൈവ്വം തെരെഞ്ഞെടുത്ത വ്യകതിയാണ് പരിശുദ്ധ കന്യകാമറിയാം. ദൈവ്വം അവൾക്ക് സമ്മാനിച്ച അമലോത്ഭവമെന്ന സുകൃതം മാനവകുലത്തിൻറ്റെ രക്ഷണീയകർമ്മവുമായി ചേർത്ത് നാം മനസ്സിലാക്കണം. അവളെ അമലോത്ഭവയായി ദൈവപിതാവ് അനുഗ്രഹിച്ചത് നമ്മെ പാപത്തിൻറ്റെ ബന്ധനത്തിൽനിന്ന് വീണ്ടെടുക്കാനാണ്… ആദിമാതാവായ ഹവ്വാ അനുസരണക്കേടിലൂടെ തൻറ്റെ മക്കളിലേക്ക് ഉത്ഭവപാവം പകർന്ന് നൽകി. രണ്ടാമത്തെ ഹവ്വായെ മറിയം തൻറ്റെ അനുസരണത്തിലൂടെ ദിവ്യരക്ഷകനെ ലോകത്തിന് നൽകുകയും, അങ്ങനെ അവനിലൂടെ നാം ഉത്ഭവപാപത്തിൻറ്റെ ബന്ധനത്തിൽനിന്ന് മോചിക്കപ്പെട്ട് ദൈവപിതാവിൻറ്റെ പ്രിയ മക്കളായി മാറുന്നു…
മേയ് മാസം മാതാവിനോടൊപ്പം… ആദിയിലെ ദിവ്യരക്ഷകൻറ്റെ മാതാവായി ദൈവത്താൽ പ്രത്യേകമായി തെരെഞ്ഞെടുക്കപ്പെട്ടവളാണ് പരിശുദ്ധ കന്യകാമറിയം. ഉത്ഭവപാപത്തിൻറ്റെ കളങ്കമില്ലാതെ ജീവിച്ച അവളുടെ ഉദരത്തിലാണ് കാലത്തിൻറ്റെ പൂർണ്ണതയിൽ വചനമായ ക്രിസ്തുനാഥൻ മാംസം ധരിക്കുന്നത്… വിശുദ്ധി നിറഞ്ഞ ജീവിതത്തിലൂടെ തൻറ്റെ തെരെഞ്ഞെടുപ്പിനോട് പരിശുദ്ധ കന്യകാമറിയം വിശ്വസ്തത പുലർത്തിയത് പോലെ അവളുടെ കരങ്ങളിൽ മുറുകെപ്പിടിച്ചു വിശുദ്ധിയുടെ പടവുകളിലേക്ക് നമുക്കും യാത്രയാകാം…
മേയ് മാസം മാതാവിനോടൊപ്പം… മാതാവിലൂടെ ക്രിസ്തുവിലേക്ക്… കർത്താവിൻറ്റെ ദാസിയുടെ കരങ്ങളിൽ നമ്മുടെ ജീവിതങ്ങളെ ഭാരമേൽപ്പിക്കാം അവളുടെ കരങ്ങളെ മുറുകെപ്പിടിച്ചു പ്രത്യാശയോടും, വിശ്വാസത്തോടും കൂടി ഈ കൊറോണ കാലത്തെ നമുക്ക് അഭിമുഖീകരിക്കാം…ഉദരത്തിൽ ക്രിസ്തുവിനെപ്പേറി എലിസബത്തിനെ അവൾ ശുശ്രുഷിച്ചതുപോലെ, ഹൃദയത്തിൽ ക്രിസ്തുവിനെപ്പേറി, കൊറോണാ മഹാവ്യാധിയാൽ വലയുന്ന സഹോദരങ്ങൾക്ക് കാരുണ്യത്തിൻറ്റെ തണലേകാം…