ആഗമനകാലത്തിലെ രണ്ടാം ഞായറാഴ്ച്ച വചനം നമ്മെ കൂട്ടി കൊണ്ട് പോവുക സ്നാപകന്റെ ജീവിതത്തിലേക്കാണ്. നസ്രായന്റെ വരവിന് തൊട്ടു മുന്നോടിയായി അബ്ബാ നൽകുന്ന ഏറ്റവും ശ്രേഷഠമായ അടയാളം സ്നാപകൻ തന്നെയാണ്. സ്നാപകന്റെ തീക്ഷണയോട് താരതമ്യം ചെയ്യാൻ ബൈബിളിൽ മറ്റൊരു വ്യക്ത്തിത്വത്തെ കണ്ടെത്തുക പ്രയാസകരമാണ്. നസ്രായൻ മാത്രമായിരുന്നു ഇയാളുടെ ചിന്തയും ലോകവുമെന്ന് നമുക്ക് നിസ്സംശയം പറയാം. ആദ്യത്തെ സുവിശേഷമായ മാർക്കോസിന്റെ സുവിശേഷം ആരംഭിക്കുന്നത് തന്നെ സ്നാപകനെക്കുറിച്ച് പ്രതിപാദിച്ച് കൊണ്ടാണ്. രക്ഷാകര ചരിത്രത്തിൽ സ്നാപകനുള്ള നിർണായകമായ പ്രാധാന്യത്തെയാണ് വചനം നമ്മാട് പങ്ക് വയ്ക്കുക.
ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് ഒരു വെളിപാട് ഉണ്ടായി, ഒട്ടകരോമം ധരിച്ച്, അരയിൽ തോൽപ്പട്ട ചുറ്റി നസ്രായന് വഴിയൊരുക്കാൻ ഇറങ്ങി തിരിച്ചതായിരുന്നില്ല സ്നാപകൻ. അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിന് മുമ്പേ നിന്നെ ഞാനറിഞ്ഞു എന്ന ജെറമിയാ പ്രവാചകന്റെ വാക്കുകൾ അന്വർത്ഥമാക്കുമാറ്, അമ്മുടെ ഉദരത്തിലെ അബ്ബാ ഇയാളെ തെരെഞ്ഞെടുത്ത് വിശുദ്ധീകരിക്കുന്നുണ്ട്. സഖറിയായും, എലിസബത്തും, തങ്ങൾ ആറ്റ്നോറ്റ് കാത്തിരുന്ന ഉണ്ടായ കൺമണിയായിട്ടും അവർ സ്നാപകനെ അബ്ബായക്ക് വിട്ടു കൊടുക്കകയാണ്. മേരിയമ്മ വഴി ഉദരത്തിലായിരിക്കുമ്പോഴെ ആത്മാവിന്റെ നിറവ് ലഭിക്കുന്ന സ്നാപകൻ ജീവിതകാലം മുഴുവൻ മരുഭൂമിയിൽ ജീവിച്ച് പ്രാർത്ഥനയിലും തപചര്യയിലും മുഴുകുന്നത് ഈ നിയോഗത്തിന് സ്വയം ഒരുങ്ങുന്നതിന് വേണ്ടിയാണ്.
സ്നാപകന്റെ വാക്കുകൾ ജനങ്ങളുടെ ഹൃദയത്തെ സ്പർശിക്കാനും അവൻ നൽകുന്ന അനുതാപത്തിന്റെ സ്നാനത്തിന് തങ്ങളെത്തന്നെ വിട്ട് നൽകാനും അവർ തയ്യാറാവുക സ്നാപകന്റെ ഒരുക്കത്തിന്റെ ശ്രേഷ്ഠത തിരിച്ചറിയുന്നത് കൊണ്ടാണ്. അക്കാലത്ത് ഫരിസേയരും നിയമജ്ഞരുമൊക്കെ തങ്ങളുടെ പൊള്ളത്തരങ്ങളാൽ കപടതയുടെ മുഖംമൂടി തീർക്കുമ്പോൾ സ്നാപകനെ സംബന്ധിച്ചടുത്തോളം തന്റെ ജീവിത മാതൃക തന്നെയായിരുന്നു അയാളുടെ പ്രഘോഷണവും. ഇയാളുടെ പ്രഘോഷണം കേൾക്കുമ്പോൾ തങ്ങൾ എന്ത് ചെയ്യണമെന്ന് ചോദിച്ച് ജനങ്ങൾ അയാളെ സമീപിക്കുന്നുണ്ട്. താനാണ് വരാൻ പോവുന്ന മിശിഹാ എന്നൊക്കെ പറഞ്ഞ് വേണമെങ്കിൽ അയാൾക്ക് ആടി തർക്കമായിരുന്നു. എന്നാൽ താൻ കേവലം വഴിയൊരുക്കുവാൻ വന്നവൻ മാത്രമാണ് എന്ന് പറഞ്ഞ് വരാനിരി ക്കുന്നവന്റെ ശ്രേഷ്ഠതയെ അയാൾ ചൂണ്ടികാട്ടുകയാണ്. യഹൂദ പാരമ്പര്യത്തിൽ ഗുരുവിന് വേണ്ടി ശിഷ്യൻമാർ എല്ലാ ജോലിയും ചെയ്തു കൊടുത്തിരുന്നു, ഒരു കാര്യം ഒഴികെ, ചെരുപ്പിന്റെ വള്ളികൾ അഴിക്കുന്നത് ഒഴിച്ച്… ഇയാൾ പറയുക തനിക്ക് ആ വള്ളികൾ അഴിക്കാൻ പോലും യോഗ്യതയില്ലെന്നാണ്. അതോടൊപ്പം അവൻ നൽകാൻ പോവുന്ന ആത്മാവിന്റെ നിറവ് നൽകുന്ന സ്നാനത്തെ, ജലം കൊണ്ടുള്ള തന്റെ സ്നാനത്തിന് മുകളിലാണ് അയാൾ പ്രതിഷ്ഠിക്കുന്നതും. പരിശുദ്ധ അമ്മയ്ക്ക് ശേഷം നസ്രായന് വേണ്ടി സ്നാപകനെപ്പോലെ മറ്റാരാണ് ഇത്രയധികം ഒരുങ്ങിയിട്ടുള്ളത്? സ്നാപകനെപ്പോലെ നമുക്കൊരുങ്ങാനാവില്ലെങ്കിലും തിരക്കുകൾക്കിടയിലും നമ്മുടെ വ്യക്തിപരായ ഒരുക്കമാണ് ക്രിസ്തുമസ് അനുഭവം സമ്മാനിക്കുന്നതെന്ന് നമുക്ക് മറക്കാതിരിക്കാം. നല്ല ഒരുക്കത്തിന്റെ ദിനങ്ങൾ ആശംസിച്ചുകൊണ്ട്… നസ്രായന്റെ തിരുഹൃദയത്തിൽ ചാരെ…