പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ, Cycle -B, മത്താ. 28:16-20

മത്താ. 28:16-20
കോവിഡ് കാലത്തെ ഭാരപ്പെടുത്തുന്ന ഓർമ്മ ഒരു മൃതസംസ്ക്കാരത്തിന്റെതാണ്. ശരീരം ദഹിപ്പിക്കുന്നതിനുമുമ്പുള്ള ശിശ്രൂഷകൾക്ക് പോയതാണ്. പ്രത്യേക കുടുംബ സാഹചര്യം കാരണം മരിച്ച വ്യക്തിയുടെ മൃതശരീരത്തെ അവർ സ്വന്തമെന്ന് വിചാരിച്ച് നെഞ്ചോട് ചേർത്തവരാരും അനുഗമിച്ചിരുന്നില്ല. ആ നിമിഷം മരണത്തെക്കുറിച്ചുള്ള ഭയമാണൊ, ഏകാന്തതയെക്കുറിച്ചുള്ള ഭയമാണൊ … വാക്കുകളിൽ വിവരിക്കാനാവാത്ത വിഷാദം എന്റെ മനസ്സിൽ തളം കെട്ടി നിന്നിരുന്നു. വിട പറഞ്ഞ വ്യക്തി ജീവിതം മുഴുവൻ സഹനങ്ങളുടെ തേരിൽ യാത്ര ചെയ്തതാണെന്നറിഞ്ഞപ്പോൾ വിഷാദത്തിന്റെ ആഴം കൂടി. ‘പലരോടും നാമൊക്കെ ഒറ്റയ്ക്കല്ല ‘ എന്ന പല തവണ ആവർത്തിച്ചിട്ടുള്ളതാണ്. എന്നിട്ടും പച്ചയായ ജീവിത യാഥാർത്ഥ്യത്തിന് മുന്നിൽ ഇടറിയ നിമിഷമായിരുന്നു ഇതെന്ന് തിരിച്ചറിയുന്നു.
ജ്ഞാനസ്നാനം സ്വീകരിച്ച ഓരോ ക്രിസ്തു അനുയായും ആഴത്തിൽ വളരേണ്ട ബോധ്യം തന്നിലുള്ള പരിശുദ്ധ ത്രിത്വത്തിന്റെ സഹവാസമാണ്. മാമ്മോദീസാ വേളയിൽ കാർമ്മികൻ അർത്ഥിയുടെ പേര് ചൊല്ലി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലാണ് ജ്ഞാനസ്നാനപ്പെടുത്തുന്നത്. നിന്റെ ജീവിതയാത്രയിൽ ഈ നിമിഷം മുതൽ നീ ഒറ്റയ്ക്കല്ല. അനുഗ്രഹങ്ങൾ വാരിവിതറി ഒരു സ്വർഗസ്ഥനായ പിതാവും, തന്നെത്തന്നെ പങ്ക് വച്ച്, നിന്റെ അസ്ഥിത്വത്തിന്റെ ഭാഗമാവാൻ കൊതിക്കുന്ന പുത്രനായ ദൈവവും, കൈപിടിച്ച് നിന്നെ നയിക്കാൻ പരിദ്ധാത്മാവും നിന്റെ കൂടെയുണ്ട്.
പരിശുദ്ധ ത്രിത്വത്തിന്റെ ഈ സ്നേഹക്കൂട്ടായ്മയിലേക്കുള്ള ക്ഷണമല്ലേ ജ്ഞാനസ്നാനമെന്ന കൂദാശ…
‘ദൈവം സ്നേഹമാണെന്നത് ‘ ചെറുപ്പം മുതലെ വേദപാഠ ക്ലാസിൽ പഠിക്കുന്ന യാഥാർത്ഥ്യമാണ്. അതോടൊപ്പം മൂന്ന് പേരുടെ സ്നേഹക്കൂട്ടായ്മയാണ് ദൈവമെന്ന് നമ്മുടെ ജീവിതാനുഭവങ്ങളിലൂടെ നാം തിരിച്ചറിയേണ്ട വിശ്വാസ യാഥാർത്ഥ്യമാണ്. പഠിക്കുന്നവർക്കും, പഠിപ്പിച്ചവർക്കും മനസ്സിലാകാത്തതു കൊണ്ടാണൊ ബോധപൂർവ്വം ത്രിത്വത്തിന്റെ ഐക്യത്തെ മറന്ന് പിതാവും, പുത്രനും, പരിശുദ്ധാത്മാവും മൂന്ന് വ്യത്യസ്ത യാഥാർത്ഥ്യങ്ങളായി നാമൊക്കെ മനസ്സിലാക്കാൻ ശ്രമിക്കുന്നത്. ഏറ്റവും സുപ്രധാന ആരാധനയായ ബലിയർപ്പണത്തിലെ എല്ലാ പ്രാർഥനകളും ത്രിത്വത്തിനുള്ള സമർപ്പണമായിട്ട് കൂടി അതിനോട് ചേർന്നൊരാത്മീയത ഇനിയും നമ്മിൽ രൂപപ്പെട്ട ട്ടില്ലെന്ന് കരുതുന്നു. അത് കൊണ്ടല്ലേ ഏകാന്തതയും, വിഷാദം മൊക്കെ നമ്മുടെ സമൂഹത്തെ വേട്ടയാടുന്നത്. മൂന്ന് വ്യക്തിത്വങ്ങളെ ഒന്നാക്കി നിറുത്തുന്ന സ്നേഹത്തെ തിരിച്ചറിയാനും, അനുഭവിക്കാനും, ആഴപ്പെടാനും, പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ നമ്മ സഹായിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് … നസ്രായന്റെ ചാരെ…