യോഹ.1:29-34
സ്നാപകൻ നസ്രായനെ ലോകത്തിന് ചുണ്ടി കാണിച്ച് കൊടുക്കുന്ന വചന ഭാഗമാണ് ഇന്ന് നാം ധ്യാനിക്കുക. നസ്രായനിലേക്ക് സ്നാപകനെക്കാൾ മികച്ചൊരു ചൂണ്ടുപലകയുണ്ടെന്ന് തോന്നുന്നില്ല. നസ്രായന്റെ ഹൃദയത്തോട് അടുത്ത് നിൽക്കുന്ന സ്ത്രീ ജൻമങ്ങൾ ആരൊക്കെയാണെന്ന് ചോദിച്ചാൽ തെല്ലും സംശയമില്ലാതെ പറയാൻ സാധിക്കും അത് നാസായന്റെ സ്വന്തം മേരിയമ്മയും പ്രിയ തോഴിയായ മഗ്ദലേന മറിയവുമായിരുന്നു എന്ന്… അവന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ച പുരുഷ ജൻമങ്ങളിൽ തീർച്ചയായും ഔസേപ്പിതാവിനാപ്പം സ്നാപക യോഹനാന്നും വത്സല ശിഷ്യനായ യോഹന്നാനുമുണ്ടെന്ന് വിശ്വസിക്കുന്നു. സ്നാപകന്റെ ജീവിതത്തിലെ ഓരോ നിമിഷവും നസ്രായനു വേണ്ടിയായിരുന്നു ജീവിച്ചത്. വരാനിരിക്കുന്ന നസ്രായനെ കുറിച്ചല്ലാതെ മറ്റെന്തിങ്കിലും അയാൾ ചിന്തിച്ചിട്ടുണ്ടാവുമൊ? അയാളുടെ മരുഭൂമി വാസവും, കാട്ടുതേനും വെട്ടുകിളികളുമൊക്കെ ലോകത്തിന്റെ ശബ്ദ കോലാഹലങ്ങളിൽ നിന്ന് ഒഴിഞ്ഞ് നസ്രായനെ മാത്രം ധ്യാനിക്കുന്ന അയാളുടെ ലോകത്തെയാണ് നമുക്ക് പരിചയപ്പെടുത്തുന്നത്.
നസ്രായനെ ലോകത്തിന് അയാൾ ചൂണ്ടി കാണിക്കുന്നത് തന്നെ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്ന അവന്റെ നിയോഗത്തെ അവതരിപ്പിച്ച് കൊണ്ടാണ്. ഒരു പക്ഷെ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായി നസ്രായൻ എങ്ങിനെയാണ് മാറുന്നതെന്നൊ, എങ്ങിനെയാണ് ആ ദൗത്യം നിർവ്വഹിക്കുന്നതെന്നൊ അയാൾക്ക് പൂർണ്ണമായി മനസ്സിലായിട്ടുണ്ടാവില്ല. പിന്നീട് തടവറയിലാവുമ്പോൾ വരാനിരിക്കുന്നവൻ നീ തന്നെയാണൊ? എന്ന ഇയാളുടെ സന്ദേഹമൊക്കെ ഇതെക്കറിച്ചുള്ള സൂചനകളാവാം. പക്ഷെ അവന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള ചില ഉറപ്പുകൾ അയാൾക്ക് ഉണ്ടായിരുന്നു. ‘എനിക്ക് മുമ്പേ അവനുണ്ടായിരുന്നു’ എന്ന സ്നാപകന്റെ വാക്കുകൾ അവന്റെ നിത്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ‘ഇവനെ ഞാനും അറിഞ്ഞിരുന്നില്ല ‘ എന്ന വാക്കുകളിൽ നസ്രായനോടൊപ്പമുള്ള സ്നാപകന്റെ ബാല്യത്തിന്റെ സ്മരണകൾ ഉണ്ടെന്ന് തോന്നിപ്പോവുന്നു. മേരിയമ്മയുടെയും എലിസബത്ത് ചിറ്റമ്മയുടെയും മക്കൾ സമപ്രായക്കാരും ഏറ്റവും അടുത്ത സുഹൃത്തുക്കളുമൊക്കെ ആവാൻ സാധ്യതയുണ്ട്. തന്നോടൊപ്പം കളിച്ച് വളർന്ന് പിന്നീട് നിയോഗത്തിന്റെ വഴിയിൽ വേർ പിരിഞ്ഞ്, വീണ്ടും നിയോഗം അവരെ ഒരുമിപ്പിക്കുന്നു… ആത്മാവിന്റെ നിറവ് നൽകി തനിക്ക് പ്രിയനായ പുത്രനാണ് നസ്രായൻ എന്ന് വെളിപ്പെടുത്തുമ്പോൾ അവന്റെ ദൈവികതയ്ക്ക് മുന്നിൽ അയാൾ സ്വയം അടിയറ വയ്ക്കുകയാണ്. നസ്രായന് താൻ ഇപ്പോഴും ജേഷ്ഠ സഹോദരൻ തന്നെയായിരിക്കും പക്ഷെ തനിക്ക് അയാൾ വെറുമൊരു അനുജനലല്ലോ. അവന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും യോഗ്യനല്ല എന്ന് മൊഴിഞ്ഞ് അവന്റെ ദാസനായി അയാൾ സ്വയം ചെറുതാവുകയാണ്.
തന്നെ മിശിഹായായി കാണുന്നവരോടൊക്കെ തന്റെ ജലം കൊണ്ടുള്ള സ്നാനം അവൻ നൽകാൻ പോവുന്ന ആത്മാവിനാലുള്ള സ്നാനത്തിന്റെ മുന്നൊരുക്കങ്ങളാണെന്നുള്ള തിരിച്ചറിവ് പകർന്ന് നൽകി അവരെയെല്ലാം ദൈവത്തിന്റെ കുഞ്ഞാടിലേക്ക് അയാൾ നയിക്കുകയാണ്. തന്റെ കയ്യിൽ നിന്ന് സ്നാനം സ്വീകരിക്കുന്ന അയാളിൽ ആത്മാവിന്റെ നിറവ് സംഭവിക്കുന്നത് തനിക്കുള്ള അടയാളമായി തിരിച്ചറിയുന്ന സ്നാപകൻ ഈ വെളിപാടിനെ ലോകത്തോട് ഏറ്റ് പറഞ്ഞ് അവന്റെ സാക്ഷിയാവുകയാണ്. സ്നാപകനെപ്പോ തന്നെ അബ്ബാ തന്റെ പുത്രനെ ഏശയ്യാ പ്രവാചകനും ചൂണ്ടി കാട്ടുന്നുണ്ട്. ഒന്നാമത്തെ വായന നമ്മോട് പങ്ക് വയ്ക്കുന്നത് ഏശയ്യായ്ക്ക് ലഭിച്ച വെളിപാടാണ്. കർത്താവിന്റെ ദാസനെക്കുറിച്ച് ഏശയ്യായോട് ഇപ്രകാരം പറയുന്നുണ്ട്: ‘എന്റെ രക്ഷ ലോകത്തിന്റെ അതിർത്തികൾ വരെ എത്തുന്നതിന് ഞാൻ നിന്നെ ലോകത്തിന്റെ പ്രകാരമായി നൽകും.’ ഈ ഒരു ദൈവിക പ്രചോദനത്തിൽ നിന്നാണ് ഏശയ്യായും, സ്നാപകനുമൊക്കെ നസ്രായനെ നമുക്ക് ചൂണ്ടി കാട്ടുന്നത്. തന്റെ സ്വർഗ്ഗാരോപണത്തിന് മുമ്പ് തോഴരോട് ലോകാതിർത്തികൾ വരെയും തന്റെ സുവിശേഷം പ്രസംഗിക്കാൻ നസ്രായൻ പറയുന്നതിന്റെ ഉള്ളടക്കം താനാകുന്ന രക്ഷയെ ലോകത്തിന് ചൂണ്ടികാട്ടാനാണ്. ഏശയ്യായെപ്പോലെ, സ്നാപകനെപ്പോലെ ദൈവത്തിന്റെ കുഞ്ഞാടായ നസ്രായനെ ലോകത്തിന് ചൂണ്ടികാട്ടേണ്ടത്, അവനിലേക്ക് ലോകത്തെ നയിക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്. ജീവിതം കൊണ്ട് നസ്രായനെ പ്രപോഷിക്കുന്ന സാക്ഷികളാവാൻ നമുക്കാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…