പരിശുദ്ധ കുർബ്ബാനയയുടെ തിരുനാൾ, Cycle C, ലൂക്കാ. 9.11b-17

ലൂക്കാ. 9.11b-17
കഴിഞ്ഞ ദിവസങ്ങളിലെ ദിവ്യബലി മദ്ധ്യേ യുള്ള സുവിശേഷ വായനകളൊക്കെ മത്തായി സുവിശേഷകന്റെ അഞ്ചാം അദ്ധ്യായത്തിന്റെ തുടർച്ചയായുള്ള വചന ഭാഗമായിരുന്നു. ധ്യാനിച്ചപ്പോഴൊക്കെ മനസ്സിൽ നിരന്തരം ഉയർന്ന ചോദ്യമിതായിരുന്നു:’ നിബന്ധനകളും പരിധികളുമില്ലാതെ നമുക്ക് മറ്റുള്ളവരെ സ്നേഹിക്കാനാവുമൊ?’ ബലിയർപ്പിച്ച ഇടങ്ങളിലൊക്കെ ഈ ചോദ്യം ചോദിച്ചപ്പോൾ അങ്ങനെ മനുഷ്യർക്ക് സ്നേഹിക്കാനാവില്ല എന്ന മറുപടി ലഭിക്കുകയുണ്ടായി… ഭാരിച്ച ഹൃദയത്തോടെ എന്റെ സഹോദരിയോട് ചോദിച്ചപ്പോൾ എനിക്ക് കിട്ടിയ ഉത്തരം: ‘അമ്മയ്ക്കും അപ്പച്ചനും തങ്ങളുടെ മക്കളോടുള്ള സ്നേഹത്തിന് ഈ ഒരു തലത്തിലേക്ക് വളരാൻ കഴിയുമെന്ന്…’ അപ്പച്ചനും അമ്മച്ചിക്കും മാത്രമല്ല നമുക്കെല്ലാവർക്കും പരിധികളും നിബന്ധനുകളുമില്ലാത്ത സ്നേഹത്തിന് ഉടമകളാവാൻ കഴിയുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. എന്താണ് ഉറപ്പന്നല്ലേ? സ്നേഹം ത്യാഗമാണ്… സ്വയം പകുത്ത് നൽകലാണ്… എന്റെ ഞാനെന്ന ഭാവത്തെ മാറ്റി നിറുത്തി മറ്റുള്ളവരുടെ കുറുവുകളെയറിഞ്ഞ് അവരെ നെഞ്ചോട് ചേർക്കലാണ്. മുൻവിധികളുടെ മേലങ്കിയഴിച്ച് വെച്ച് ശിശ്രൂഷാ മനോഭാവത്തോടെ അപരന്റെ കാൽ കഴുകാൻ തയ്യാറാവുന്ന, സ്വയം ചെറുതാക്കലിലേക്ക് ജീവിതത്തെ നയിക്കുന്ന നിമിഷങ്ങളിലാണ് നമ്മുടെയൊക്കെ ജീവിതം, പരിധികളില്ലാത്ത നിബന്ധനകളില്ലാത്ത സ്നേഹത്തിന്റെ ആഘോഷമായിത്തീരുന്നത്.
പ്രിയപ്പെട്ട സുഹൃത്തെ ഈ വാക്യങ്ങളുടെ അകമ്പടിയൊ, ചാരുതയൊ, ഇല്ലാതെ തന്നെ നമുക്കൊക്കെ നിസ്സംശയം പറയാം ഈ പരിധികളില്ലാത്ത, നിബന്ധനകളില്ലാത്ത, നിർമ്മല സ്നേഹത്തിന്റെ ആഘോഷമാണ് പരിശുദ്ധ കുർബ്ബാനയെന്ന്… കാൽവരി മലയിൽ തന്റെ ജീവിതം സ്വയം ത്യാഗമാക്കി, തന്റെ തിരുശരീര രക്തങ്ങൾ നമുക്കായി പകുത്ത് നൽകി കൊണ്ട്, താൻ ദൈവപുത്രനാണെന്ന ഭാവത്തെ മറന്ന് കുറു വുകൾ നിറഞ്ഞ നമ്മെ നെഞ്ചോട് ചേർത്ത് പിടിക്കുന്നവൻ… എത്രയൊക്കെ ഇടറിയിട്ടും, അകന്ന് പോയിട്ടും മുൻവിധികളില്ലാതെ, സ്വയം ചെറുതായി, നമ്മടെ ദാസനായി, പാപ പങ്കിലമായ നമ്മുടെ ഹൃദയത്തിന്റെ അൾത്താരയിലേക്ക്, പരിധികളില്ലാതെ, നിബന്ധനകളില്ലാതെ, നിർമല സ്നേഹമായി നസ്രായൻ കടന്ന് വരുന്ന, സ്വർഗ്ഗം ഭൂമിയിൽ ഇറങ്ങുന്ന നിമിഷമാണ് പരിശുദ്ധ കുർബ്ബാന… ഒരു പക്ഷെ മാനുഷികമായ നമ്മുടെ കഴിവുകളെയൊ, സ്നേഹത്തെയൊ, ആശ്രയിച്ചു കൊണ്ട് നമുക്ക് മറ്റുള്ളവരെ നിബന്ധനകളില്ലാതെ, പരിധികളില്ലാതെ സ്നേഹിക്കാൻ കഴിയണമെന്നില്ല. എന്നാൽ ദിവ്യകാരുണ്യമായി നസ്രായൻ നമ്മുടെ ഹൃദയത്തോട് ചേരുമ്പോൾ അവൻ നമ്മുടെ ഹൃദയത്തിന്റെ ഭാഗമാവുകയല്ല നാം അവന്റെ തിരുഹൃദയത്തിന്റെ ഭാഗമാവുകയാണ്. അവന്റെ തിരുഹൃദയം നമ്മിൽ മിടിക്കുമ്പോൾ, പരിധികളില്ലാതെ, നിബന്ധനകളില്ലാതെ, മറ്റുള്ളവരെ നമുക്ക് സ്നേഹിക്കാൻ കഴിയാതിരിക്കുന്നത് എങ്ങിനെ?
പക്ഷെ ആഴ്ചയിലൊരിക്കൽ മാത്രം നസ്രായനെ ഹൃദയത്തിൽ സ്വീകരിച്ച് അവന്റെ തിരുഹൃദയം നമ്മിൽ മിടിക്കണമെന്ന് ആഗ്രഹിക്കാമൊ? കാൽവരി മലയിലെ ആ സ്നേഹയാഗം ഓരോ നിമിഷവും ലോകത്തിലെവിടെയെങ്കിലുമൊക്കെ പുനരാവിഷ്ക്കരിക്കപ്പെടുന്നുണ്ട്. ഓരോ നിമിഷവും തന്റെ പീഡാനുഭവ മരണ ഉത്ഥാന നിമിഷങ്ങൾ അവൻ ജീവിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഞായറാഴ്ച്ച മാത്രം അവനെ സ്വീകരിച്ചാൽ മതിയൊ? സ്വർഗസ്ഥനായ പിതാവെ പ്രാർത്ഥന പഠിപ്പിച്ചപ്പോൾ, ആ പ്രാർത്ഥനയുടെ രണ്ടാം ഭാഗം അവൻ തുടങ്ങിയത് തന്നെ അനുദിനം വേണ്ട ആഹാരം തരണമെന്നാണ്. അനുദിന ആഹാരം അവൻ തന്നെയാകുന്ന ദിവ്യകാരുണ്യമാണെന്നറിഞ്ഞിട്ടും നമ്മുടെ ഹൃദയത്തിന്റെ പുറത്ത്, അവന്റെ ഹൃദയത്തെ നാമൊക്കെ നിറുത്തുകയാണല്ലൊ… അനുദിനം നസ്രായനെ നമ്മുടെ ഹൃദയത്തിൽ സ്വീകരിച്ച് , ദിവ്യകാരുണ്യമായി, തിരുഹൃദയ സ്നേഹമായി മാറാൻ നുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…