ലൂക്കാ. 2:22-35
ഇന്ന് മേരിയമ്മയുടെ ദൈവമാതൃത്വ തിരുനാളാണ്… വർഷത്തിന്റെ ആദ്യ ദിനം തന്നെ ദൈവം കുമാരനെ ഉദരത്തിൽ വഹിച്ച്, ജന്മം നൽകി, പാലൂട്ടി വളർത്തിയ മേരിയമ്മയെ ഓർത്ത് കൊണ്ട്, അവളുടെ, മാതൃതണലിൽ ആയിരുന്നു കൊണ്ട് വർഷത്തെ മുഴുവൻ അഭിമുഖികരിക്കാനുള്ള ക്ഷണമാണ്…
അബ്ബായുടെ സൃഷ്ടിയാണ് മേരിയമ്മ എന്നാൽ അബ്ബാ സൃഷ്ടിച്ച യാതൊന്നിനും ലഭിക്കാതിരുന്ന വലിയ കൃപയുടെ നിറവാണ് മേരിയമ്മയ്ക്ക് ലഭിച്ചത്… നിത്യതയിലെ അബ്ബായോടൊപ്പമുള്ള ദൈവപുത്രനായ നസ്രായന്റെ മാതാവാകുക… നസ്രായനിലെ മനുഷ്യ വ്യക്തിക്ക് ഒരു തുടക്കമുണ്ടെന്നുള്ളത് നേര് തന്നെയാണ്… എന്നാൽ ഈ മനുഷ്യവ്യക്തിയുടെ അമ്മ മാത്രമായി മേരിയമ്മയെ കണക്കാക്കുന്നത് നസ്രായന്റെ വ്യക്തിത്വത്തെ വികലമായി കാണുന്നതിന് സമാനമാണ്… നസ്രായനിൽ ദൈവിക മാനുഷിക തലങ്ങൾ വേർപെടുത്താനാവാത്തവിധം പൂർണ്ണതയിൽ സംയോജിച്ചിട്ടുണ്ട്. ആയതിനാൽ മേരിയമ്മ മാനവീകരണം നടത്തിയ ദൈവപുത്രനായ നസ്രായന്റെ അമ്മയാണ്. അബ്ബയോടൊപ്പം നസ്രായനും അനാദിയാണ്… ആദ്യവും അന്ത്യവുമില്ലാത്തവൻ. തന്റെ മാനവീകരണത്തിലൂടെ തന്റെ തന്നെ സൃഷ്ടിയായ മേരിയമ്മയെ അനാദിയിലെ തന്റെ മാതാവാകാൻ അവൻ തെരെഞ്ഞെടുക്കുകയും തന്റെ രക്ഷാകര കർമ്മത്തിന്റെ പൂർത്തികരണത്തിനായ് അവളെ ഉത്ഭവ പാപത്തിന്റെ മാലിന്യമേശാത്ത അമലോത്ഭവയാക്കി. മാനവീകരണത്തിലൂടെ മാനമരക്ഷയ്ക്കായ് നസ്രായൻ സ്വീകരിച്ച മാനുഷിക സത്വം അവളുടെ ശരീര രക്തങ്ങളാലാണ് പരിപോഷിതമായത്. ഈ മാനവ സത്യത്തെ അവന്റെ ദൈവിക സത്യത്തിൽ നിന്ന് വേർപെടുത്താനാവാത്തതുവഴി മേരിയമ്മയും മാനവീകരണം നടത്തിയ ദൈവപുത്രനായ നസ്രായന്റെ അമ്മയാണ്, ദൈവമാതാവാണ്…
ഇന്നത്തെ സുവിശേഷം എല്ലാം ഹൃദയത്തിൽ സംഗ്രഹിക്കുന്നവളായിട്ടാണ് മേരിയമ്മയെ നമുക്ക് പരിചപ്പെടുത്തുന്നത്. മംഗളവാർത്ത മുതലല്ല ജനനം മുതൽ താൻ ദൈവത്തിന്റെതാണെന്ന അഴമേറിയ ബോധ്യം മേരിയമ്മയിൽ നിറഞ്ഞു നിന്നിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. മംഗളവാർത്ത വേളയിൽ ഗബ്രിയേൽ ദൂതൻ പ്രത്യക്ഷപ്പെടുമ്പോൾ, ഇതാ കർത്താവിന്റെ ദാസി, നിന്റെ വചനം പോലെ എന്നിലാവട്ടെ… എന്ന മേരിയമ്മയുടെ വചസ്സുകൾ അവേശത്തിന്റെ പുറത്തുള്ള ഒരു ഗ്രാമീണ കന്യകയുടെ മൊഴി മാത്രമായി കരുതരുത്. ദൈവ വചനത്തെയും ദൈവഹിതത്തെയും ഹൃദയത്തിൽ സംഗ്രഹിച്ച് പാകപ്പെടുത്തിയ താൻ അബ്ബായുടേതാണെന്ന അഴമേറിയ ബോധ്യത്തിൽ നിന്നാണ് അവളുടെ സമ്മതപത്രം ഒരുങ്ങുന്നത്… ഈ സംഗ്രഹിക്കലിനെ എല്ലാം മനസ്സിലാക്കി എന്നുള്ള അഹങ്കാരമായി ചുരുക്കി കളയരുത്. മറിച്ച് തന്നിലും തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ മാനുഷികമായ ശക്തികളും കഴിവുകളും ഉപയോഗിച്ച് പൂർണ്ണമായി മനസ്സിലാക്കാനും ഉൾകൊള്ളാനും കഴിയാത്തപ്പോഴും അബ്ബായിൽ വിശ്വസിച്ച് കൊണ്ട് തന്റെ നിയോഗത്തിൽ നിന്ന് പിൻമാറാതെ തന്റെ ബുദ്ധിശക്തിയും കഴിവുകളെയും അവന് പരിപൂർണ്ണമായി സമർപ്പിക്കുകയാണ്, അടിയറ വയ്ക്കുകയാണ്… ഞാനെന്ന ഭാവത്തിന് ഉപരിയായി, തനിക്ക് എല്ലാം മനസ്സിലാവുന്നില്ലെങ്കിലും തന്നെ തെരെഞ്ഞെടുത്ത അബ്ബാ എല്ലാം തന്റെയും മറ്റുള്ളവരുടെയും നന്മയ്ക്കായി പരിണമിപ്പിക്കും എന്ന അടിയുറച്ച ദൈവാശ്രയ ബോധ്യമാണിത്…
ദിവ്യശിശു കാലിതൊഴുത്തിൽ ജനിക്കുമ്പോഴും, പൂജ രാജാക്കന്മാർ അവനെ സന്ദർശിക്കുമ്പോഴും ദൈവാലയത്തിൽ കണ്ട് മുട്ടുമ്പോഴും ഞാനെന്റെ പിതാവിന്റെ ഭവനത്തിൽ ആയിരിക്കേണ്ടതല്ലെ എന്ന് കൊച്ച് നസ്രായൻ മൊഴിയുമ്പോഴും നിരാശപ്പെടാതെ ഇവയെല്ലാം അവൾ ഹൃദയത്തിൽ സംഗ്രഹിക്കുകയായിരുന്നു… തന്റെ ഇഷ്ടങ്ങളാണ് വലുതെന്ന് പറഞ്ഞ് ദൈവഹിതത്തിന് കാതോർക്കാതിരിക്കുകയല്ല അവൾ ചെയ്തത്. മറിച്ച് എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച് അവൾ തന്റെ ദൈവ മാതൃത്വത്തിലേക്ക് വളരുകയായിരുന്നു. കാൽവരിയിൽ വത്സലശിഷ്യന് ‘ഇതാ നിന്റെ അമ്മ ‘ എന്ന് പറഞ്ഞ് വത്സല മാതാവിനെ ഭരമേൽപ്പിക്കുന്നത് മരണ വെപ്രാളത്തിൽ വിധവയായ അമ്മയുടെ സംരക്ഷണം ഉറപ്പാക്കുന്ന നസ്രായന്റെ വെമ്പലായിരുന്നില്ല ദൈവമാതാവായ അവളാണ് ഇനി മുതൽ തന്നെ അനുഗമിക്കുന്ന തന്റെ പ്രിയ ശിഷ്യരുടെ അമ്മയാവാനുള്ളത്… അവരുടെ ദുർബലങ്ങളായ ഹൃദയത്തെ തന്റെ വിമല ഹൃദയത്തിൽ വഹിച്ച് തന്നെപ്പോലെ ഹൃദയത്തിൽ സംഗ്രഹിച്ചു കൊണ്ട് ദൈവപിതാവിന് തങ്ങളെ തന്നെ പരിപൂർണ്ണമായി സമർപ്പിക്കുന്ന വത്സലശിഷ്യരെ രൂപപ്പെടുത്തുക നസ്രായനെ നെഞ്ചോട് ചേർത്ത് ഇവളുടെ ദൈമാതൃത്വമാണ്… ദൈവമാതാവായ മേരിയെ പോലെ നസ്രായനെ ഹൃദയത്തോട് ചേർത്ത് അവളെപ്പോലെ ദൈവിക പദ്ധതിയുടെ വിവിധ തലങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ച് വിശ്വാസ യാത്ര മുന്നോട്ട് കൊണ്ട് പോവാൻ ഈ പുതു വർഷത്തിൽ നമ്മുക്കാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…