തപസ്സുകാലം രണ്ടാം ഞായർ, Cycle A, മത്താ. 4:1-11

മത്താ. 4:1-11
ആത്മീയത ഉണർവിൻറ്റെ അമൂല്യ നിമിഷങ്ങളാണ് നോമ്പുകാലം നമുക്ക് പകർന്ന് നൽകുന്നത്. പ്രാർത്ഥനയുടെയും, ദാനധർമ്മത്തിൻറ്റെയും, പരിത്യാഗത്തിൻറ്റെയും നാളുകൾ നമ്മിൽ നിറയ്‌ക്കേണ്ടത് ഉപേക്ഷിക്കലുകളുടെ നൊമ്പരങ്ങളല്ല മറിച് നമ്മുടെ ആത്‌മീയ വളർച്ചയെ തളർത്തുന്ന ഘടകങ്ങളെ കണ്ടെത്തി അവയെ നസ്രായന് സമർപ്പിച്ചു, ആത്മീയവളർച്ചയുടെ ചവിട്ടുപടികളാക്കാനുള്ള തീക്ഷണമായ ആഗ്രഹമായിരിക്കണം. നമ്മുടെ ആത്മീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി പ്രലോഭനങ്ങളാണെല്ലോ… ജീവിതയാത്രയുടെ ഒരു ഘട്ടത്തിലും ഈ വെല്ലുവിളിയിൽ നിന്ന് പൂർണമായി ഒഴിഞ്ഞുമാറാൻ നമുക്കാവില്ല. പക്ഷെ ഈ ദുർബലനിമിഷങ്ങളെ ദൈവാനുഭത്തിൻറ്റെ അനുഗൃഹനിമിഷങ്ങളാക്കി മാറ്റാനാവുമെന്നാണ് ഇന്നത്തെ സുവിശേഷത്തിലൂടെ നസ്രായൻ നമുക്ക് നൽകുന്ന സദ്വാർത്ത.
നാല്പതുദിനത്തെ കഠിനമായ പ്രാർത്ഥനയ്ക്കും താപചര്യകൾക്കും ശേഷം അവനും ക്ഷീണിതനയിരുന്നു… നമ്മുടെ ദുർബലനിമിഷങ്ങൾ നമ്മളെക്കാളേറെ പ്രലോഭകൻ മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാവണം നസ്രായൻറ്റെ വിശപ്പെന്ന ഉൾവിളിയെ തിരിച്ചറിഞ്ഞു അതിനെ അവൻ പ്രലോഭനമാക്കിമാറ്റുന്നത്… നസ്രായൻറ്റെ അമാനുഷിക ശക്‌തി ലോകത്തിനുമുന്നിൽ പ്രദർശിപ്പിച്ചു പ്രസിദ്ധി സമ്പാദിക്കാനായിരുന്നു അടുത്ത പ്രലോഭനം, ഒരുപക്ഷെ നസ്രായൻ കൂടെക്കൂടെ നേരിട്ടുകൊണ്ടിരുന്ന പ്രലോഭനങ്ങളിലൊന്നാവണമിത്, രാജാവാക്കാനുള്ള ജനക്കൂട്ടത്തിൻറ്റെ ആർപ്പുവിളികളിനിന്നു ഒഴിഞ്ഞുമാറി കടന്നുപോകുന്ന നസ്രായനെ നാം നിരന്തരം കണ്ടുമുട്ടുന്നുണ്ട്… എല്ലാ സമ്പത്തും നല്കാമെന്നതായിരുന്നു അവസാനത്തെ പ്രലോഭനം പക്ഷെ പ്രലോഭകനെ തന്നെ ദൈവമായി ആരാധിക്കണം. വചനത്താൽ സമസ്‌തപ്രപഞ്ചവും സൃഷ്ടിച്ച ദൈവത്തോട് തന്നെ ഇപ്രകാരമുള്ള പ്രലോഭനം വച്ചുനീട്ടുന്ന പ്രലോഭകൻ എത്രമാത്രം തന്ത്രശാലിയാണ്, ഒരുപക്ഷെ നമ്മുടെ യുവതലമുറയൊക്കെ അഭിമുഖീകരിക്കുന്ന പ്രലോഭങ്ങളിലൊന്നിതല്ലേ… ‘പേരിനും പ്രശസ്തിക്കും വേണ്ടി തങ്ങളുടെ ആത്മാവിനെ തന്നെ സാത്താന് അടിയറവയ്ക്കാനുള്ള പ്രലോഭനം…’
ഈ മുന്ന് പ്രലോഭനങ്ങളും പലരൂപത്തിലും നമ്മെ തേടിയെത്തുന്നുണ്ട്. നമ്മൾ എങ്ങിനെയാണ് ഈ നിമിഷങ്ങളെ അഭിമുഖീകരിക്കുക? പ്രലോഭങ്ങളുടെ നിമിഷങ്ങളിൽ മനശാസ്ത്രം പറഞ്ഞുവെയ്ക്കുന്ന –ചിന്തകളെക്കുറിച് ബോധവാന്മാരാവുക, ചിന്തകളെ മറ്റേതെങ്കിലുമൊക്കെ ബിന്ദുവിലേക്കോ പ്രവൃത്തിയിലേക്കു കേന്ദ്രികരിക്കുക, ഇവയൊന്നും ഫലപ്രദമല്ലെന്ന് പറയില്ല പക്ഷെ നസ്രായൻ ചെയ്തതുപോലെ വചനമുരുവിട്ടുകൊണ്ട് ഇവയെ അഭിമുഖീകരിക്കാൻ നമുക്കാവുന്നുണ്ടോ? മനുഷ്യൻ ജീവിക്കുന്നത് ദൈവത്തിൻറ്റെ നാവിൽനിന്നുവരുന്ന വചനം കൊണ്ടുകൂടിയാണെന്ന നസ്രായൻറ്റെ വാക്കുകൾ വചനത്തെ മുറുകെപ്പിടിച്ചു ദുർബലനിമിഷങ്ങളെ ദൈവാനുഭവത്തിൻറ്റെ അനുഗ്രഹനിമിഷങ്ങളാക്കാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ…