യോഹ. 21.1-19
വലിയ സ്വപ്നങ്ങൾ മനസ്സിൽ കണ്ട് കൊണ്ടാണ് ഒരിക്കൽ തങ്ങളുടെ ജീവിത മാർഗ്ഗങ്ങളായ വഞ്ചിയെയും വലയെയുമൊക്കെ അവർ ഉപക്ഷിച്ചത്. അവനോടൊപ്പം അവന്റെ മഹത്വത്തിലൊരിടം അതൊക്കെയായിരുന്നു അവരുടെ സ്വപ്നം. അവൻ മരിച്ചവരിൽ നിന്ന് ഉത്ഥിതനായിട്ടും, കണ്ണുകൾ കൊണ്ട് അതിന് സാക്ഷ്യം വഹിച്ചിട്ടും വീണുടഞ്ഞ ആ സ്വപ്നങ്ങളൊന്നും കൂടിച്ചേരുന്നില്ല. അവന്റെ ജീവിതത്തിലെ നിർണായക നിമിഷങ്ങളിൽ അവനെ ഉപക്ഷിച്ച തങ്ങളെ അവനും ഉപേക്ഷിക്കുമൊ? ഇനി പഴയ പോലെ തങ്ങളോടൊപ്പം തങ്ങളിലൊരുവനായ് അവനുണ്ടാവുമൊ? അങ്ങനെ ഈ ചിന്തകളുടെ ഭാരം അവരെ തളർത്തുമ്പോൾ തങ്ങളുടെ പഴയ തൊഴിലിലേക്ക് അവർ വീണ്ടും ചേക്കേറുകയാണ്. മീൻപിടുത്തക്കാരിൽ നിന്ന് തങ്ങളെ മനുഷ്യരെ പിടിക്കുന്നവനാക്കിയവന്നെ ഉപേക്ഷിച്ച് വീണ്ടും കടലിന്റെ ആഴങ്ങളിലേക്ക്… എന്നാൽ വിചാരിച്ചത് പോലെ കാര്യങ്ങൾ നടക്കുന്നില്ല. രാത്രി മുഴുവൻ അദ്ധ്വാനിച്ചിട്ടും മത്സ്യ സമ്പത്തൊന്നും അവർക്ക് സ്വന്തമാക്കാനാവുന്നില്ല… നസ്രായനില്ലാതെ, അവനിൽ ആശ്രയിക്കാതെ അവന്റെ പ്രിയർക്ക് എങ്ങിനെയാണ് ഫലങ്ങൾ പുറപ്പെടുവിക്കാനാവുക? ഉത്ഥിതനായ നസ്രായനെ അവന്റെ തോഴർ ഉപേക്ഷിക്കുകയാണെങ്കിലും അവരെ നസ്രായൻ ഉപേക്ഷിക്കുന്നില്ല. നിരാശയുടെ ആ തീരത്തേക്ക് നസ്രായൻ വീണ്ടുമെത്തുകയാണ്..
നിരാശയുടെ കാഠിന്യം വലുതായത് കൊണ്ടാവണം അപരിചിതനായ നസ്രായന്റെ വാക്കുകൾക്ക് ചെവി കൊടുത്ത് പത്രോസ് പാപ്പയും കൂട്ടരും കരയിൽ നിന്ന് അധികം അകലെയല്ലാത്തിടത്ത് വയിറക്കുന്നത്. മത്സ്യമൊന്നും ലഭിക്കില്ലെന്ന ഉറപ്പോടെ വല തിരിച്ച് കയറ്റാമെന്ന ധാരണയിൽ വലയിറക്കുന്ന ശിഷ്യഗണത്തിന് തങ്ങളുടെ മിഴികളെ വിശ്വസിക്കാനാവുന്നില്ല. വല കീറുവോളം മത്സ്യ സമ്പത്ത് … ഈ നിമിഷം അവരുടെ ഓർമകളിൽ ഒരു മിന്നൽ പിണർ പായുന്നുണ്ട്. ഒരിക്കൽ ഇത് പോലെ ഒരു അപരിചിതന്റെ വാക്ക് കേട്ട് വലയിറക്കി മത്സ്യസമ്പത്ത് കൊയ്ത്, അന്ന് മുതൽ അവൻ തങ്ങളെ മനുഷ്യരെ പിടുക്കുന്നവരാക്കിയതിന്റെ ഓർമ്മ. ആ ഓർമ്മയുടെ തിളക്കത്തിൽ വത്സല ശിഷ്യൻ പ്രഘോഷിക്കുന്നുണ്ട്: ‘അത് കർത്താവാണ്…’ എല്ലാവരും എഴുതി തള്ളിയ തങ്ങളെ നസ്രായനല്ലാതെ ആരാണ് അന്വേഷിച്ച് വരുന്നത്?
കർത്താവാണ് അതെന്ന് തിരിച്ചറിയുമ്പോഴെ പത്രോസ് പാപ്പ കടലിലേക്ക് എടുത്ത് ചാടി മറ്റുള്ളവർക്ക് മുൻപേ അവന്റെ ചാരത്തേക്ക് നീന്തുകയാണ്. ഓർമകൾ അയാളുടെ മനസ്സിനെ മഥിക്കുന്നുണ്ട്. ‘ കത്താവെ, അങ്ങാണെങ്കിൽ ഞാൻ ജലത്തിന് മീതെക്കൂടി അങ്ങയുടെ അടുത്തേക്ക് വരാൻ കൽപ്പിക്കുക.’ അന്ന് അഴിയിൽ മുങ്ങിത്താണപ്പോൾ അവന്റെ കരങ്ങളാണ് താങ്ങായത്. അവനെ പരസ്യമായി തള്ളിപ്പറഞ്ഞ് നിരാശയിൽ മുങ്ങിത്താഴുന്ന തന്നെ എടുത്തയർത്താൻ അവനല്ലാതെ ആർക്കാണാവുക?
കരുതിലിന്റെ പ്രാതലൊരുക്കി, പരിശുദ്ധ കുർബ്ബാനയായി നസ്രായൻ തീരത്തുണ്ട്. ജീവിതത്തിലെ നിരാശകളെ നേരിട്ടേണ്ടത് ഈ അനുദിന പ്രാതൽ സ്വീകരിച്ച് കൊണ്ടാവണമെന്ന ഓർമ്മപ്പെടുത്തലോടെ … അന്ന് തീക്കനൽ കൂട്ടി തണുപ്പകറ്റുന്നതിന്റെ പശ്ചാത്തലത്തിലാണ് പരസ്യമായി പത്രോസ് പാപ്പ നസ്രായനെ തള്ളിപ്പായുന്നത്, അതും മൂന്ന് തവണ. അയാളെ നോവിക്കാൻ വേണ്ടിയല്ല ‘ നീ എന്നെ സ്നേഹിക്കുന്നുവൊ? എന്ന് മൂന്ന് തവണ നസ്രായൻ ഈ അനുദിന പ്രാതൽ സ്വീകരിച്ച് കൊണ്ടാവണമെന്ന ഓർമ്മപ്പെടുത്തലോടെ … അന്ന് തീക്കനൽ കൂട്ടി തണുപ്പകറ്റുന്നതിന്റെ പശ്ചാത്തലത്തിലാണ് പരസ്യമായി പത്രോസ് പാപ്പ നസ്രായനെ തള്ളിപ്പായുന്നത്, അതും മൂന്ന് തവണ. അയാളെ നോവിക്കാൻ വേണ്ടിയല്ല ‘ നീ എന്നെ സ്നേഹിക്കുന്നുവൊ? എന്ന് മൂന്ന് തവണ നസ്രായൻ ചോദിക്കുന്നത്. കാരണം അയാൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടേണ്ടത് ഇടറിയവനായിട്ടല്ല മറിച്ച് മൂന്ന് തവണ നസ്രായനെ ഏറ്റ് പറഞ്ഞ്, അവനെപ്പോലെ അജഗണത്തിന് വേണ്ടി ജീവിക്കുന്ന, സ്വന്തം ജീവൻ പോലും അജഗണത്തിന് നൽകുന്ന നല്ല ഇടയനായിട്ടാവണം. നസ്രായന്റെ നെഞ്ചോട് ചേർക്കുന്ന ആ സ്നേഹ സാഗരത്തെ അനുഭവിക്കുന്ന അയാൾ ഇനി പാറപോലെ ഉറച്ച വിശ്വാസത്തിനുടമയാണ്. അവനെ അയാൾ തള്ളി പറഞ്ഞ ഇടങ്ങളിലൊക്കെ, ഭയമേതുമില്ലാതെ അയാൾ അവന്റെ സുവിശേഷത്തെ പ്രഘോഷിക്കുന്നുണ്ട്. ഗുരുവിനെപ്പോലെ മരിക്കാൻ യോഗ്യതയില്ലെന്ന് പറഞ്ഞ് തല കീഴായാണ് അയാൾ ക്രൂശിക്കപ്പെടുന്നത്… നസ്രായന്റെ സ്നേഹത്തിന്റെ ആഴങ്ങളെ അനുഭവിക്കുന്നവർക്കൊക്കെ ഭയങ്ങളില്ല, സ്നേഹം മാത്രം… ഈ സ്നേഹത്തിന്റെ ആഴങ്ങളെ അനുഭവിക്കാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ ഹൃദയത്തിൻ ചാരെ…