ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ, Cycle B, യോഹ. 6:24-35

യോഹ. 6:24-35
നാസായനെ നിരന്തരം അന്വേഷിക്കുന്നവരാണ് നാമൊക്കെ… പള്ളിയിലും, ധ്യാന കേന്ദ്രങ്ങളിലും, തീർത്ഥാടന കേന്ദ്രങ്ങളുമൊക്കെ നാം സന്ദർശിക്കുന്നത് ഈ ദൈവാന്വേഷണത്തിന്റെ ഭാഗമാണ്. സൃഷ്ടാവിന്റെ സാമീപ്യത്തിനൊ, അനുഭവത്തിനൊ വേണ്ടിയുള്ള തീവ്രമായ ആഗ്രഹം നമ്മുടെ സത്വത്തിന്റെ തന്നെ അവിഭാജ്യമായ ഘടകമാണ്. പക്ഷെ പലപ്പോഴും നമ്മുടെ ഈ അന്വേഷണങ്ങളൊക്കെ ഈശ്വരാനുഭവത്തെക്കാളുപരിയായി നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങളുടെ പൂർത്തികരണത്തിൽ മാത്രമായി . പരിമിതപ്പെടാറുണ്ട്. ഈ ഒരു മനോഭാവത്തിൽ എന്താണ് തെറ്റുള്ളതെന്ന് ചോദിച്ചാൽ യാതൊരു തെറ്റുമില്ല. നമ്മുടെ ആവശ്യങ്ങളുടെ പൂർത്തികരണത്തിനായ് നാം ആശ്രയിക്കുന്നത് നമ്മുടെ സൃഷ്ടാവിനെത്തന്നെയാണ്. പക്ഷെ ഇത് ആത്മീയതയുടെ ആദ്യപടി മാതമാണ്. നമ്മുടെ ദൈവാന്വേഷണം അന്ത്യതികമായി അവന്റെ സത്വത്തെ തിരിച്ചറിയാനും, അനുഭവിക്കാനും, അത് മറ്റുള്ളവരുമായി പങ്ക് വയ്ക്കാനും കഴിയുമ്പോൾ മാത്രമാണ് നമ്മുടെ ദൈവാന്വേഷണം വളർച്ചയുടെ പാതയിലേക്ക് കടന്ന് വരുന്നത്.
ഇന്നത്തെ സുവിശേഷത്തിൽ നാം കണ്ട് മുട്ടുന്നത് നസ്രായനെ ആവേശപൂർവ്വം അന്വേഷിക്കുന്ന ജനസാഗരത്തെയാണ്. അവരുടെ ഉള്ളം തിരിച്ചറിയുന്ന നസ്രായൻ അവരുടെ ദൈവാന്വേഷണത്തിന് പിറകിലുള്ള കാരണം വ്യക്തമായി പറയുന്നുണ്ട് – ‘വയറ് നിറയെ അപ്പം ലഭിച്ചതിലുള്ള ആത്മസംതൃപ്തിയാണ് അവനെ വീണ്ടുമന്വേഷിക്കാൻ അവരെ പ്രേരിപ്പിച്ചത്.’ അവരോട് നസ്രായൻ സംവദിക്കുന്നത് നശ്വരമായ അപ്പത്തെ അന്വേഷിക്കാതെ ജീവന്റെ അപ്പത്തെ അന്വേഷിക്കാനാണ്. കേവലം ഭൗതികമായ ആവശ്യങ്ങളുടെ പൂർത്തികരണത്തെക്കാളുപരി നസ്രായനുമായി തീവ്രമായ അത്മബന്ധം സ്ഥാപിക്കാനും, നിത്യതയിലേക്ക് നീളുന്ന സൗഹൃദമായി ഈ വിശ്വാസ യാത്രയെ രൂപാന്തരപ്പെടുത്താനും നമുക്ക് കഴിയണം.
സമരിയാക്കാരി സ്ത്രീയുമായുള്ള സംവാദത്തിൽ താൻ തന്നെയാകുന്ന ജീവജലത്തെക്കുറിച്ച് നസ്രായൻ അവളോട് സംവാദിക്കുന്നുണ്ട്. താനാകുന്ന ജീവജലം നുകരുന്നവർക്ക് ഒരിക്കലും ദാഹിക്കുകയില്ല എന്ന നസ്രായന്റെ വാക്കുകൾ നമ്മെ നയിക്കേണ്ടത് ശാരീരികവും, മാനസികവുമായ നമ്മുടെ എല്ലാ ദാഹങ്ങൾക്കുമുള്ള ഉത്തരം നസ്രായനാണെന്ന ബോധ്യത്തിലേക്കാണ്.
ഇന്നത്തെ വചന വിരുന്നിൽ നസ്രായൻ തന്നെ അമർത്ഥ്യതയുടെ ദിവ്യ ഭോജനമായിട്ടാണ് അവതരിപ്പിക്കുന്നത്. അടിമത്തത്തിന്റെ നുകത്തിൽ നിന്ന് വാഗ്ദത്ത ഭൂമിയിലേക്കുള്ള യാത്രയിൽ ദൈവം ഇസ്രായേൽ ജനത്തിന് മന്നയും കാടപക്ഷിയുടെ മാംസവും നൽകി. നീണ്ട നാൽപ്പത് വർഷക്കാലം ഇസ്രായേൽ ജനത്തെ പരിപോഷിപ്പിച്ചത് മന്നായായിരുന്നു. തേൻ പോലെ മധുരിച്ച മന്ന ഇസ്രായേൽ ജനം വാഗ്ദത്ത ഭൂമിയിൽ കാലുകുത്തുന്ന നിമിഷം അപ്രത്യക്ഷമാവുകയാണ്. കാരണം തേനും പാലും ഒഴുകുന്ന വാഗ്ദത്ത ഭൂമി അവർ സ്വന്തമാക്കി. ഇനി അതിന്റെ മൂന്നാസ്വാദനമായ മന്നായുടെ ആവശ്യമില്ലല്ലൊ. പിന്നീട് ഈ സ്വഗ്ഗീയ ഭോജനത്തിന്റെ സ്മരണയ്ക്കായി വാഗ്ദത്ത പേടകത്തിൽ മന്നാ സൂക്ഷിക്കാൻ മോശയോട് ദൈവം കൽപിക്കുന്നുണ്ട്. മാത്രമല്ല മിശിഹാ വരുമ്പോൾ ഈ ദിവ്യഭോജ്യം വീണ്ടും കൊണ്ടുവരുമെന്ന ശക്തമായ വിശ്വാസം ജൂതസമൂഹത്തിൽ പ്രബലമായിരുന്നു. അങ്ങനെ ജീവന്റെ അപ്പമായി നസ്രായൻ നൽകുന്ന മന്നായും, ജീവന്റെ ജലവും തന്റെ തന്നെ തിരുശരീര രക്തങ്ങളാണ്. നമ്മുടെ വാഗ്ദത്ത ഭൂമിയായ നിത്യതയിലേക്കുള്ള യാത്രയിൽ നാസായനെ നിരന്തരം അന്വേഷിക്കാനും, അവന്റെ തിരുശരീര രക്തങ്ങൾ സ്വീകരിച്ച് അവനാകുന്ന നിത്യതയിൽ പങ്കുകാരാവാനും നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ…