ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ, Cycle C, ലുക്കാ 14: 1, 7-14

ലുക്കാ.. 14: 1, 7-14
നസ്രായൻ നമുക്ക് നൽകി കടന്ന് പോയ മനോഹരമായ സമ്മാനങ്ങളിലൊന്ന് അവൻറ്റെ വിനയത്തിൻറ്റെ മേലങ്കിയായിരുന്നു… ദൈവമായിരുന്നിട്ടു കൂടി, ദൈവമായിട്ടുള്ള തൻറ്റെ സാദൃശ്യം പരിഗണിക്കാതെ സ്വയം തന്നെത്തന്നെ ശൂന്യനാക്കി, ദാസൻറ്റെ രൂപം സ്വികരിച്, തൻറ്റെ തന്നെ ശിഷ്യരുടെ പാദങ്ങൾ കഴുകി കടന്നുപോയവൻ… മറ്റൊരു നസ്രായനാവുക എന്നാൽ നസ്രായൻറ്റെ ഈ മേലങ്കി നമ്മുടെ ജീവിതത്തിൻറ്റെ ഭാഗമാക്കുന്നതല്ലേ… ഒരു പക്ഷെ ഈ വിനയത്തിൻറ്റെ മേലങ്കി നഷ്ടപ്പെട്ടപ്പോഴെക്കെ, നമുക്ക് നഷ്ടപ്പെട്ടത് നസ്രായനെ തന്നെയെല്ലേ… നസ്രായനെ നാം അനുധാവനം ചെയുന്നത് സമൂഹത്തിൽ വിലയും പദവിയും ലഭിക്കാനാണെങ്കിൽ അവൻറ്റെ മേലങ്കിക്ക് നാം അർഹരല്ല… ഇന്നത്തെ സുവിശേഷം നമ്മോട് ആവശ്യപ്പെടുന്നതും ഈ വിനയത്തിൻറ്റെ മേലങ്കി ധരിച്ചു മറ്റൊരു നസ്രായനാവാനാണ്… ലോകം നമ്മെ അവൻറ്റെ ശിഷ്യരായി തിരിച്ചറിയേണ്ടത് നമ്മുടെ വിനയം നിറഞ്ഞ ജീവിതമാതൃകകളിലൂടെയാണ്.
ക്രിസ്തിയതുടെ പ്രതീകമായി ജനഹൃദയങ്ങളിൽ ജീവിക്കുന്ന ഫ്രാൻസിസ് പാപ്പയുടെ സവിഷേത എന്താണ്? അദ്ദേഹത്തോട് അടുത്തിടപിഴക്കുന്നവർക്കും, അദ്ദേഹത്തെ കണ്ടുമുട്ടുന്നവർക്കുമൊക്കെ പറയുവാൻ വിനയത്തിൻറ്റെ ഒരു കഥയുണ്ടാവും… ഫ്രാൻസിസ് പാപ്പയെപ്പോലെ നാമും നസ്രായൻറ്റെ മേലങ്കി ധരിച്ചു മറ്റൊരു നസ്രായനായി ജീവിക്കുമെന്ന പ്രതീക്ഷയോടെ…