ആണ്ടുവട്ടത്തിലെ ഇരുപത്തിയാറം ഞായർ, Cycle A, മത്താ. 21:28-32

ഹൃദയങ്ങളെ അറിയുന്നവനാണ് അബ്ബാ. സുഭാഷിതങ്ങളിൽ നാം ഇപ്രകാരം വായിക്കുന്നുണ്ട്: ” മനുഷ്യനു തന്റെ വഴികൾ ശരിയെന്ന് തോന്നുന്നു. എന്നാൽ കർത്താവ് ഹൃദയത്തെ തൂക്കി നോക്കുന്നു. (സുഭാ. 21:2) യഹൂദ പാരമ്പര്യം ഹൃദയത്തെയാണ് ജീവന്റെയും വികാരവിചാരങ്ങളുടെയുമൊക്കെ കേന്ദ്രമായി പരിഗണിച്ചിരുന്നത്. ഹ്യദയത്തിലല്ല ഈ പ്രവർത്തനങ്ങളൊക്കെ നടക്കുന്നതെന്ന് നമുക്കറിയാം. മാനസാന്തരനുഭവം ബാഹ്യമായി മാത്രം സംഭവിക്കേണ്ടതൊ, കുറച്ച് ദിവസത്തേക്ക് മാത്രം നീണ്ട് നിൽക്കുന്നതൊ ആവരുത്. മറിച്ച് ജീവിതവാസാനം വരെ നീണ്ട് നിൽക്കുന്നതാവണം. നമ്മുടെ ജീവിതത്തിലെ ഓരോ ദിനവും തിരിച്ചറിവിന്റെതായി കണ്ട് ഇന്നലെത്തെതിൽ നിന്ന് ഒരുപടി കൂടി ദൈവത്തോടും നമ്മുടെ സഹോദരരോടുമുള്ള സ്നേഹത്തിൽ നമുക്ക് വളരാനാവണം. നസ്രായൻ പങ്ക് വയ്ക്കുന്ന ഈ ഉപമ നമ്മുടെ ജീവിതത്തിൽ മാനസാന്തരനുഭവത്തിനുണ്ടാവേണ്ട പ്രസക്തിയെയാണ് ചൂണ്ടികാട്ടുക. ധൂർത്തപുത്രന്റെ ഉപമയ്ക്ക് സമാനമായി പിതാവും രണ്ട് പുത്രൻമാരുമാണ് ഈ ഉപമയിലെ പ്രധാന കഥാപാത്രങ്ങൾ. പിതാവ് ആദ്യത്തെ പുത്രനോട് തോട്ടത്തിൽ പോവാൻ ആവശ്യപ്പെടുമ്പോൾ അയാൾ അതിന് തയ്യാറാവുന്നില്ല. എന്നാൽ പിന്നീട് അനുതപിച്ച് തന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നുണ്ട്. എന്നാൽ രണ്ടാമത്തെ പുത്രനാവട്ടെ മുന്തിരി തോട്ടത്തിലേക്ക് പോവാമെന്ന് പിതാവിന് വാഗ്ദാനം നൽകുന്നുണ്ടെങ്കിലും, ആ വാഗ്ദാനം പാലിക്കാൻ രണ്ടാമത്തെ പുത്രൻ കൂട്ടാക്കുന്നില്ല.

രക്ഷാകര ചരിത്രത്തിലെ തന്നെ മാനവരാശിയുടെ രണ്ട് മനോഭാവങ്ങളാണ് ഈ ഉപമ നമ്മോട് പങ്ക് വയ്ക്കുക. നസ്രായൻ തന്നെ ഈ മനോഭാവങ്ങളെ സരളമായി വിശദീകരിക്കുന്നുണ്ട്. പാപികളെന്ന് മുദ്ര കുത്തപ്പെട്ട ചുങ്കക്കാരും, ഗണികകളെയുമാണ് ആദ്യത്തെ പുത്രൻ പ്രതിനിധാനം ചെയ്യുന്നത്. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കാനുള്ള ആഹ്വാനം ആദ്യം സംശയ ദൃഷ്ടിയോടെ നോക്കുന്ന ഇവരാണ് ആത്മാർഥമായ അനുതാപത്തിലൂടെ നസ്രായന്റെ പ്രിയതോഴരായ് മാറുന്നത്. അനുതപിക്കുന്ന പാപിയെ പ്രതി സ്വർഗ്ഗത്തിൽ സന്തോഷമുണ്ടെന്ന് നസ്രായൻ പഠിപ്പിക്കുക ‘പോകേണ്ട എന്ന ആദ്യം വിചാരിച്ച് മനസ്സ് കഠിനമാക്കണുണ്ടെങ്കിലും പിന്നീട് തങ്ങളുടെ ആത്മാർത്ഥമായ അനുതാപത്തിലൂടെ ജീവിതത്തെ ദൈവസ്നേഹത്തിന്റെ ആഘോഷമാക്കി മാറ്റുന്ന ഈ സോദരങ്ങളെ പ്രതിയാണ്.’ രണ്ടാമത്തെ മകൻ പ്രതിനിധാനം ചെയ്യുക പുറമെ തങ്ങൾ എല്ലാ കൽപനകളും പാലിച്ചു ദൈവോൻമുഖമായ ജീവിതം നയിക്കാൻ ശ്രമിക്കുന്നു എന്ന് വരുത്തിതീർക്കുന്ന അക്കാലത്തെ മതനേതാക്കളായ ഫരിസേയരെയും, നിയമജ്ഞരെയും, സദുക്കെയരെയുമാണ്. യഥാർത്ഥത്തിൽ അവരുടെ ഹൃദയം അബ്ബായിൽ നിന്ന് ഒരുപാട് അകലെയായിരുന്നു. തങ്ങൾ മറ്റുള്ളവരെക്കാൾ മികച്ചവരാണെന്ന് കാണിക്കാനുള്ള ആത്മീയ ജൽപ്പനങ്ങൾ മാത്രമായിരുന്നു അവരുടെ ആത്മീയത. എല്ലാ നിയമങ്ങളും തങ്ങൾ അക്ഷരം പ്രതി പാലിക്കുന്നുണ്ടെന്ന് അവർ മേനി നടിക്കുമായിരുന്നെങ്കിലും പോകാമെന്ന് പറഞ്ഞിട്ടും മുന്തിരി തോട്ടത്തിലേക്ക് പോവാതെ ഹൃദയം കഠിനമാക്കിയ പുത്രനെപ്പോലെയായിരുന്നു ഇക്കൂട്ടരും. നമ്മൾ ഓരോരുത്തരും ഏത് പുത്രന് സമാനമായിരിക്കും? രണ്ടാമത്തെ പുത്രന്റെതിന് സമാനമായ മനോഭാവമാണ് നമ്മുടെ ആത്മീയ ജീവിതത്തെ നയിക്കുന്നതെങ്കിൽ നസ്രായന്റെ കൃപയെ യാചിച്ച് മാനസാന്തര അനുഭവത്തിലേക്ക് കടന്ന് വരാം. അനുതാപത്തിന് വേണ്ടിയുള്ള ആഗ്രഹം തന്നെ അബ്ബായിലേയുള്ള ആദ്യ ചുവട് വയ്പാണെന്ന തിരിച്ചറിവ് നമുക്കുണ്ടാവട്ടെ. അനുദിന മാനസാന്തരനുഭവ ആത്മീയതയിലേക്ക് വളരാൻ നമുക്കാട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…