മത്താ. 5:1-12A
ആരൊക്കെ എന്തൊക്കെ വട്ടപ്പേര് വിളിച്ചാലും ശരി, ‘വിശുദ്ധൻ’ എന്ന് മാത്രം വിളിക്കരുതെന്ന എന്ന നിർബന്ധം ഉണ്ടായിരുന്നു. രൂപക്കൂടിൽ ഇരിക്കാനുള്ള പേടിയോ, മടിയൊ, ഒന്നുമായിരുന്നില്ല മറിച് ആത്മീയ ജീവിതത്തിലെ നിരന്തരമായ പരാജയങ്ങളായിരുന്നു. മനസ്സിൽ കോറിയിട്ട വിശുദ്ധിയുടെ സങ്കൽപ്പങ്ങൾ എൻറ്റെ കൊച്ചു ജീവിതത്തിനുമൊക്കെ അപ്പുറമായിരുന്നു. വ്യക്തിപരമായ വിശുദ്ധിയിൽ വളരാനാവാത്ത ഞാൻ എങ്ങിനെയാണ് മറ്റുള്ളവരെ വിശുദ്ധിയുടെ പടവുകളിലേക്ക് നയിക്കാൻ പോവുന്നത്? ഫ്രാൻസിസ് അസ്സീസിയുടെ ജീവിതലാളിത്യവും, അൽഫോൻസാമ്മയുടെ സഹനശീലവും, ഫ്രാൻസിസ് സേവ്യറിൻറ്റെ തീക്ഷണതയുമൊക്കെ തൊട്ടുതീണ്ടിയിട്ടില്ല എന്ന തിരിച്ചറിവിൽ നിരാശയുടെ പടുകുഴിയിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്…
ധർമ്മസങ്കടങ്ങളിൽ കൂട്ടായ ആത്മീയ പിതാവാണ് നിരാശയുടെ പടുകുഴയിൽ നിന്ന് പ്രത്യാശയുടെ പാതയിലേക്ക് കൈപിടിച്ചു നടത്തിയത്. ‘വിശുദ്ധിയിലേക്ക് വളരാനുള്ള നമ്മുടെ എല്ലാ ശ്രമങ്ങളും വിശുദ്ധിയുടെ അടയാളം തന്നെയാണെന്ന ഉൾവെളിച്ചമാണ്’ അദ്ദേഹം പകർന്നു നൽകിയത്. വീഴ്ചകളല്ല, മറിച് വീഴുമ്പോഴൊക്കെ നസ്രായൻറ്റെ കൃപയിലശ്രയിച്ചു വീണ്ടും അവനെ പിഞ്ചൊല്ലാൻ നടത്തുന്ന ശ്രമങ്ങളാണ് വിശുദ്ധിയിൽ വളരാൻ നമ്മെ ഓരോരുത്തരെയും സഹായിക്കുന്നത്…
ഇന്നത്തെ സുവിശേഷത്തിലൂടെ നസ്രായൻ നമ്മോട് പറഞ്ഞുവെയ്ക്കുന്നത് സുവിശേഷ ഭാഗ്യങ്ങളെകുറിച്ചാണ്… ഓരോ സുവിശേഷ ഭാഗ്യവും വിശുദ്ധിയിലേക്ക് വളരാനുള്ള കുറുക്കുവഴിയല്ലാതെ മറ്റെന്താണ്? ദരിദ്രർ, വിലപിക്കുന്നവർ, ശാന്തശീലർ, നീതിമാനമാർ, കരുണയുള്ളവർ, ഹൃദയ ശുദ്ധിയുള്ളവർ, സമാധാനം സ്ഥാപിക്കുന്നവർ, നീതിക്കുവേണ്ടി പോരാടുന്നവർ… ഈ ഓരോ സുവിശേഷ ഭാഗ്യവും ആകസ്മികമായി നമ്മിലേക്ക് വന്ന് ചേരുന്ന ജീവിതസാഹചര്യങ്ങളല്ല മറിച്ചു നമ്മൾ ആയിരിക്കുന്ന ജീവിത സാഹചര്യങ്ങളിൽ നല്ല ബോധ്യത്തോടെ നാം നടത്തുന്ന തെരെഞ്ഞെടുപ്പുകളാണ്…നസ്രായൻ നോൽക്കുന്നത് ഈ തെരെഞ്ഞെടുപ്പുകളിലെ നമ്മുടെ പരാജയങ്ങളല്ല പിന്നെയൊ നമ്മുടെ കൊച്ചു കൊച്ചു ശ്രമങ്ങളാണ്.
നമ്മുടെ ഓരോ ശ്രമങ്ങളും ജീവൻറ്റെ പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്. ധന്യനായ ബിഷപ്പ് ഷീൻ പറയുന്നത് സ്വർഗ്ഗത്തിൽ മൂന്ന് വിസ്മയങ്ങൾ നമ്മെ കാത്തിരുപ്പുണ്ടാവുമെന്നാണ്… ആദ്യത്തേത്, നമ്മൾ കാണുമെന്ന് പ്രതീക്ഷിച്ചവരെ അവിടെ കണ്ടേക്കില്ല. രണ്ടാമത്തേത് നമ്മൾ ആരെ കാണില്ലെന്ന് കരുതിയോ, ആ വ്യക്തിയെ നമ്മൾ അവിടെ കണ്ടുമുട്ടിയേക്കാം… അവസാനത്തെ വിസ്മയം ‘ഞാൻ എങ്ങിനെ ഇവിടെ എത്തി എന്നതായിരിക്കും…’ പ്രതീക്ഷകളും, നന്മകളും നേർന്നുകൊണ്ട്… നസ്രായൻറ്റെ ചാരെ…