ആഗമനകാലം ഒന്നാം ഞായർ, Cycle A, മത്താ. 24: 37-44

മത്താ. 24: 37-44
മാനം നിറയെ താരകങ്ങളും മനസ്സ് നിറയെ മധുര സ്മരണകളുമായി ഒരു ക്രിസ്തുമസ്കാലം… ഏതൊരു പരിപാടിയോളം തന്നെ പ്രധാനപ്പെട്ടതാണ് അതിനുവേണ്ടിയുള്ള ഒരുക്കങ്ങളുമെന്നത് മനസ്സിൽ കോറിയിടേണ്ട ബോധ്യമാണെന്ന് കരുതുന്നു. കേവലം മുന്ന് വർഷത്തെ പരസ്യ ജീവിതത്തിനായി നസ്രായൻ മുപ്പത് വർഷം ഒരുങ്ങി എന്ന് പറയുമ്പോൾ… നമ്മുടെ ഒരുക്കങ്ങളൊക്കെ എവിടെയാണ്? ശരിയാണ്… നമുക്ക് അതിനുള്ള സമയമില്ലല്ലോ…
ഇന്നത്തെ ആദ്യ വായന ചെറിയൊരു ഓർമപ്പെടുത്തലാണ്. ഒരു പാട് ഒരുങ്ങിയ ഒരു മനുഷ്യൻറ്റെയും, ഒരുങ്ങാൻ മറന്ന് പോയ ഒരു ജനതയുടെയും കഥ. അതെ പറഞ്ഞുവരുന്നത് നോഹയുടെ കഥ തന്നെയാണ്…പലകുറി കേട്ട് മറന്ന കഥ. നോഹയുടെ പെട്ടകവും, വെള്ളപ്പൊക്കവുമൊക്കെ ഭാവനയിൽ നിറയുമ്പോൾ അദ്ദേഹത്തിൻറ്റെ ഒരുക്കങ്ങൾ നമ്മളൊക്കെ കാണാതെ പോവുന്നുണ്ട്.
ഇന്നത്തെ സുവിശേഷവും നമ്മെ ഓർമപ്പെടുത്തുന്നത് ഈ ഒരുങ്ങലിൻറ്റെ ആത്മീയതയെകുറിച്ചാണ്. മുൻകൂട്ടി കാണാൻ കഴിയാത്ത ഏതോ ഒരു നിമിഷത്തിൽ , നസ്രായൻ നമ്മെ കാണാൻ വരുന്നുണ്ടെന്ന്… വരട്ടെ , അപ്പോൾ നോക്കാമെന്നാണോ നമ്മുടെ മറുപടി! പ്രിയപ്പെട്ട സുഹൃത്തെ വിശുദ്ധ ലിഖിതം മുഴുവൻ ദൈവം ഒരുക്കിയവരുടെയും ദൈവത്തിനുവേണ്ടി ഒരുങ്ങിയവരുടെയും കഥകളാണ്. ഒരുങ്ങി, ജാഗരൂകരായി ഇരുന്ന കന്യകകളാണ് വിവാഹ വിരുന്നിലേക്ക് പ്രവേശിക്കപ്പെട്ടത്… ഇരുപത്തഞ്ചു ദിനത്തിനപ്പുറമുള്ള ക്രിസ്തുമസ് രാവ്, വെറുമൊരു ആഘോഷരാവാകാതെ നസ്രായനെ കണ്ടുമുട്ടുന്ന ദൈവാനുഭത്തിൻറ്റെ രാവാകുന്നതിനുവേണ്ടി നമുക്കൊരുങ്ങാം… പ്രാർത്ഥനകളോടെ… സ്നേഹപൂർവ്വം…