മത്താ. 2: 1-12
ഇന്ന് നസ്രായന്റെ ദർശന തിരുനാൾ. ലോകത്തിന് തന്നെത്തന്നെ തന്നെ വെളിപ്പെടുത്തിയതിന്റെ ഓർമ്മദിനം…. നസ്രായന്റെ ദർശനം ലഭിച്ച ചില മനുഷ്യരുടെ അനുഭവങ്ങളാണ് ഈ ദിനങ്ങളിലെ വായനകളിലൊക്കെ നാം ശ്രവിച്ചത്…… വന്ദ്യനായ ശിമയോൻ, പ്രാവാചകയായ അന്ന, പൂജരാജാക്കന്മാർ, ആട്ടിടയന്മാർ …. ഇവരുടെ ജീവിതങ്ങളെ ക്കുറിച്ച് വചനം നല്ക്കുന്ന ഓർമ്മക്കുറിപ്പുകൾ ചേർത്ത് വായിക്കുകയാണെങ്കിൽ ഒരു കാര്യം വ്യക്തമാണ്. നസ്രായൻ തന്നെ വെളിപ്പെടുത്തി നൽകിയത് തന്നെ നിരന്തരം അന്വേഷിച്ച മനുഷ്യർക്ക് മാത്രമാണ്.
സത്യത്തെ ആത്മാർത്ഥ ഹൃദയത്തോടെ അന്വേഷിച്ച് തീവ്രമായ ആ അനുഭവത്തിനായി കാത്തിരുന്ന കുറച്ച് മനുഷ്യർക്കാണ് ഈ സുകൃതം ലഭിക്കുന്നത്. ജാതി മതമൊന്നും ഈ ദൈവാനുഭവത്തിന് തടസ്സമാവുന്നില്ല അല്ലെങ്കിൽ പിന്നെ യഹൂദരല്ലാത്ത പൂജ രാജാക്കന്മാർ ഈ കുട്ടത്തിൽ ഉൾപ്പെടുമായിരുന്നല്ലല്ലൊ… ഇവരുടെ ദൈവാന്വേഷണം നമ്മുക്ക് നൽകുന്ന ചെറിയൊരു ഉൾവെളിച്ചമെന്നത് ഈ ഒരു സത്യാന്വേഷണം ഒരു സാധനയാകണമെന്നതാണ്. ഒരു കരിസ്മാറ്റിക്ക് ധ്യാനത്തിന് പോയി, അവിടെ അത്ഭുതമൊന്നും കണ്ടില്ല, കർത്താവിന്റെ ദർശനമുണ്ടായില്ല , ആത്മാവിന്റെ കൃപകളും ദാനങ്ങളും ലഭിച്ചില്ല എന്ന് പരാതി പറഞ്ഞ് അവസാനിപ്പിക്കാനുള്ളതല്ല ഈ ദൈവാന്വേഷണം. നാം തിരിച്ചറിയേണ്ട വസ്തുത ദൈവമാണ് തന്റെ സമയത്ത് ഈ അനുഭവം നമുക്ക് നൽകുന്നതും ഈ അനുഭവത്തിന്റെ തീവ്രതയിൽ ജീവിക്കാനുള്ള കൃപ സമ്മാനിക്കുന്നതും. വന്ദ്യനായ ശിമയോൻ എത്ര കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ദിവ്യ ഉണ്ണിയെ കൈയ്യിലെടുക്കുന്നത്? പ്രവാചകയായ അന്ന ഒന്നും രണ്ടും വർഷമല്ല പ്രാർത്ഥനയിലും ഉപവാസത്തിലും ചെലവഴിച്ചത് ? പൂജ രാജാക്കന്മാരെ ജെറുസലെമിലെത്തിക്കാൻ എക്സ്പ്രെസ് ഹൈവേകളൊ, ഫ്ലെറ്റ് സർവ്വീസുമൊന്നും ഉണ്ടായിരുന്നില്ലല്ലൊ….. മരുഭൂമിയിലൂടെയുള്ള യാത്രയുടെ കാഠിന്യത്തെക്കുറിച്ച് വാചലനാ കേണ്ടതില്ലല്ലൊ… നാലാമത്തെ പൂജ രാജാവായ ആർത്തഭാൻ ഒരു കെട്ടുകഥയാണെന്ന് തോന്നുന്നില്ല. രക്ഷകനെ കാണാൻ അയാൾ താണ്ടേണ്ടിവരുന്ന ദുരിത പർവ്വതങ്ങൾ തന്നെയാണ് ചരിത്രത്തിൽ അയാളുടെ ഓർമ്മ അജയ്യമായി നിലനിറുത്തുന്നതും…
ദിവ്യരക്ഷകനെ ദർശിക്കുന്നവരാരും പിന്നെ പഴയ മനുഷ്യരല്ല … ദൈവത്തെ മുഖാമുഖം ദർശിക്കുക അതല്ലെ നിത്യാനന്ദം… പിന്നെ അവർക്ക് ആ ഒരു ദർശനം അതിന്റെ പൂർണ്ണതയിൽ … അത് മാത്രം മതി … നിരാശരാകാതെ ദൈവാനുഭവത്തിനായി നിരന്തരം ശ്രമിക്കാൻ ഈ ദർശന തിരുനാൾ എന്നെയും നിങ്ങളെയും പ്രചോദിപ്പിക്കട്ടെ എന്ന പ്രാർത്ഥനയോടെ … നസ്രായന്റെ ഹൃദയത്തിൽ ചാരെ …