കർത്താവിന്റെ സമർപ്പണ തിരുനാൾ, Cycle A, ലുക്കാ. 2: 22-40

ലുക്കാ. 2: 22-40
ഇന്ന് സമർപ്പിതരുടെ ദിനം… പെസഹാ വ്യാഴാഴ്ച്ച പരിശുദ്ധ കുർബാനയുടെ തിരുനാളും, പൗരോഹിത്യകൂദാശയുടെ സ്ഥാപനവും സ്മരിച്ചുകൊണ്ട് വൈദീകർക്കായി പ്രാർത്ഥനുടെ കരങ്ങൾ ഉയർത്തുന്നതുപോലെ ഇന്നേ ദിനം, ഒരു മെഴുകുതിരി പോലെ, അൾത്താരയുടെ മുന്നിൽ തങ്ങളുടെ ജീവിതത്തെ സമർപ്പണം ചെയ്ത്, സ്വയം ഉരുകി, നാം പോലുമറിയാതെ നമ്മെ പ്രകാശിപ്പിക്കുന്ന എല്ലാ സമർപ്പിതർക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം…
നിത്യപുരോഹിതനായ നസ്രായനും സമർപ്പിതനായിരുന്നു എന്ന ചിന്തയാണ് സുവിശേഷം നമ്മോട് പങ്ക്‌വെയ്ക്കുന്നത്. യഹൂദാചാരമനുസരിച്ചു നസ്രായനെ ദേവാലയത്തിൽ സമർപ്പിക്കുന്ന മുഹൂർത്തം സമർപ്പിതരുടെ സംഗമമായി മാറുന്നു. രക്ഷകനെ കാണാതെ മരിക്കില്ലെന്ന വാഗ്ദാനം ലഭിച്ച ശിമയോൻ, പ്രാത്ഥനാരൂപിയിൽ ദേവാലയത്തിൽ തന്നെ കഴിഞ്ഞ അന്ന, പിന്നെ ലോകത്തിനു മുന്നിൽ ഭാര്യാ-ഭർത്താക്കന്മാരായിട്ടും, ദൈവപിതാവിൻറ്റെ ഹിതത്തോട് തങ്ങളുടെ ‘സമ്മതത്തിലൂടെ’ സമർപ്പണ ജീവിതത്തെ അതിൻറ്റെ പൂർണതയിൽ ജീവിച്ച മേരിയും ജോസഫും…
നമ്മുടെ സമൂഹത്തിൽ സമർപ്പണ ജീവിതത്തിന് പ്രസക്തിയുണ്ടോ? ഈ കാലഘട്ടത്തിൽ നിരന്തരം കേൾക്കുന്നതും അഭിമുഖീകരിക്കുന്നതുമായ ചോദ്യമാണിത്‌… ഒരു ചങ്ങലയുടെ ശക്‌തി അതിൻറ്റെ ഏറ്റവും ദുർബലമായ കണ്ണിയിലാണെന്നു പഠിച്ച തത്വമായിരുന്നു സമർപ്പണജീവിതത്തിൻറ്റെ ബാലപാഠങ്ങളിലൊന്ന്… വീഴ്ചകൾ ന്യായികരിക്കുന്നില്ല… പക്ഷെ ഒരാളുടെ വീഴ്ച്ച എല്ലാവരെയും കല്ലെറിയാനുള്ള മാർഗ്ഗമായി മാറുമ്പോൾ നസ്രായൻ അന്ന് നിലത്തെഴുതിയത് നമുക്കൊക്കെ ധ്യാനമാവട്ടെ… ജോസഫിനെയും മേരിയെയും പോലെ നസ്രായനെ ലോകത്തിനു നൽകാൻ വിളിക്കപ്പെട്ടവനാണ് ഓരോ സമർപ്പിതരും… ഞങ്ങളിതു മറക്കുമ്പോൾ നിങ്ങളുടെ ജപമണികൾ നവീകരണത്തിനുള്ള ആത്മാവിൻറ്റെ പ്രചോദനമായി ഞങ്ങളിൽ നിറയട്ടെ എന്ന പ്രാത്ഥനയോടെ…