പീഡാനുഭവ ഞായർ, (കുരുത്തോല ഞായർ) Cycle A, മത്താ. 21: 1-11

മത്താ. 21: 1-11
ഓശാന ആചരണത്തോടെ വിശുദ്ധ വാരത്തിലേക്ക് നാം പ്രവേശിക്കുകയാണ്. എന്തിനാണ് എല്ലാ വർഷവും ഓശാനയിലൂടെ നസ്രായന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഉയർപ്പിന്റെയുമൊക്കെ ഓർമ്മ നാം പുതുക്കുന്നത്? ഈ ഓർമ്മ പുതുക്കൽ നമുക്കോരോരുത്തർക്കും വേണ്ടി തന്നെയാണ്. തന്റെ നിത്യതയിൽ നിന്ന് ഈ ഭൂവിലേക്ക് നസ്രായൻ ആഗതനായത് ഹോസാന എന്ന പദം അർത്ഥമാക്കുന്നത് പോലെ നമ്മെ രക്ഷിക്കാൻ വേണ്ടിയാണ്. ഈ രക്ഷ യുഗാന്തത്തോളം തുടരുമെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് വിശുദ്ധവാര ആചരണം നമ്മോട് പങ്ക് വയ്ക്കുന്നത്.
ജറുസലെമിലേക്കുള്ള തന്റെ യാത്രാ മദ്ധ്യേ അവിടെ തന്നെ കാത്തിരിക്കുന്ന യാതനകൾ തന്റെ തോഴരോട് നസ്രായൻ പങ്കിടുന്നുണ്ട്. ദാവിദിന്റെ പിൻഗാമിയായി അവരോധിക്കപ്പെടാൻ പോവുന്ന നാസായൻ തന്റെ പീഡാനുഭവത്തെയും മരണത്തെയും കുറിച്ച് വാചാലനാവുമ്പോൾ അവന്റെ തോഴരുടെ ഹൃദയം വല്ലാതെ ഭാരപ്പെടുന്നുണ്ട്. അവന്റെ രാജകീയ പ്രതാപവും അവിടെ തങ്ങൾക്ക് ലഭിക്കാൻ പോവുന്ന മഹത്വവും, ആദരവും, അധികാരവുമൊക്കെയായിരുന്നു അവരുടെ മനസ്സ് നിറയെ… തന്റെ പീഡാനുഭവത്തെക്കുറിച്ച് തോഴരോട് മനസ്സ് തുറക്കുമ്പോൾ അത് നിനക്കൊരിക്കലും സംഭവിക്കാതിരിക്കട്ടെ എന്ന പത്രോസ് പാപ്പയുടെ അഭിപ്രായം ഒറ്റപ്പെട്ട ഒന്നായിരുന്നില്ല മറിച്ച് ശിഷ്യഗണത്തിന്റെ മുഴുവൻ ആഗ്രഹമായിരുന്നു. മൂന്ന് തവണ തന്റെ മരണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി അതിന്റെ അനിവാര്യതയെ അടിവരയിട്ട് നസ്രായൻ സംസാരിക്കുമ്പോൾ അവരുടെ സ്വപ്നങ്ങൾ ചീട്ട് കൊട്ടാരം പോലെ തകരുന്നുണ്ട്. എങ്കിലും ജെറുസലേമിലേക്കുള്ള അവന്റെ രാജകീയമായ പ്രവേശനം ആ സ്വപ്നങ്ങളെ വീണ്ടെടുക്കുകയാണ്.
സാധാരണ രാജകീയ പ്രൗഡി കാണിക്കാൻ കുതിര പുറത്താണ് ആഗതനാവേണ്ടതെങ്കിലും, നസ്രായൻ കഴുതയെ തെരെഞ്ഞെടുക്കുമ്പോൾ തോഴർക്ക് ചെറിയൊരു അമ്പരപ്പ് ഉണ്ടായിട്ടുണ്ടാവണം. പക്ഷെ തുടർന്നുള്ള സ്വീകരണമെല്ലാം അവർ രാജകീയമാക്കുകയാണ്. സൈത്തിൻ കൊമ്പുകളുടെ അകമ്പടിയും, ചുവന്ന പരവതാനി ഇല്ലങ്കിലും തങ്ങളുടെ വസ്ത്രമൊക്കെ വിരിച്ച് അവൻ കടന്ന് പോകുന്ന പാതയെ രാജകീയവും, തങ്ങൾ കാത്തിരിക്കുന്ന ‘ദാവിദിന്റെ പുത്രനായ മിശിഹായാണ് ‘ നസ്രായനെന്ന ആർപ്പ് വിളികളുമായി അവർ രാജകീയ മാക്കുകയാണ്. റോമൻ ഭരണകൂടത്തിനും, മതനേതാക്കൾക്കും സമാധാനത്തിന്റെ ദൂതനായി കഴുത പുറത്തേറിയുള്ള അവന്റെ പ്രവേശനം അവന്റെ പരസ്യമായിട്ടുള്ള യുദ്ധ വിളംബരമായിട്ടാണ് അവർ മനസ്സിലാക്കുക. ശിഷ്യരുടെ ഓശാന വിളികളെ ഉൾക്കൊള്ളാൻ കഴിയാതെ മതനേതാക്കൾ പരാതി പുലമ്പുമ്പോൾ അവർ ഓശാന വിളിച്ചില്ലെങ്കിൽ ഈ കല്ലുകൾ ആർപ്പ് വിളിക്കുമെന്ന നസ്രായന്റെ വാക്കുകൾ ഈ സമസ്ത പ്രപഞ്ചത്തിനും മീതെയുള്ള അവന്റെ രാജത്വത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഓരോ നിമിഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിവ്യബലി അർപ്പിക്കപ്പെടുന്നുണ്ട്. അവിടെയെല്ലാം ഈ ഓശാനയുടെ തുടർച്ചയായുള്ള ജയഗീതികൾ പാടിയതിന് ശേഷമാണ് അൾത്താരയിലേക്ക് അവൻ ആഗതനാവുന്നതെന്ന യാഥാർത്ഥ്യം രക്ഷാകര ചരിത്രത്തിൽ ഓശാനയുടെ പ്രാധാന്യത്തെ തന്നെയാണ് ചൂണ്ടികാട്ടുക. വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുമ്പോൾ നമ്മുടെ ഹൃദയമാകുന്ന ജെറുസലെമിലേക്ക്, ആത്മീയമായി ഒരുങ്ങി, നൻമ പ്രവൃത്തികളുടെ സൈത്തിൻ കൊമ്പുകളുയർത്തി, നസ്രായനിൽ നിന്ന് നമ്മെ അകറ്റുന്ന നമ്മുടെ സ്വാർത്ഥതാ മനോഭാവങ്ങളെ അവന് മുന്നിൽ അടിയറ വച്ച് ലോകരക്ഷകൻ നസ്രാനാണെന്ന് ലോകത്തോട് പ്രഘോഷിച്ച് നമുക്ക് നസ്രായനെ ഹൃദയത്തിലേക്ക് സ്വീകരിക്കാം. നല്ലൊരു വിശുദ്ധവാര അനുഭവം ആശംസിച്ച് കൊണ്ട്… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…