പെസഹാക്കാലം അഞ്ചാം ഞായർ, Cycle-B, യോഹ. 15:1-8

യോഹ. 15:1-8
ക്രിസ്തുവാകുന്ന തായ്ത്തണ്ടിനോട് ചേർന്ന് ഫലം പുറപ്പെടുവിക്കാൻ തെരെഞ്ഞെടുക്കപ്പെട്ട ശാഖകളാണ് നാമോരുരുത്തരും… യോഹന്നാൻ സുവിശേഷകൻറ്റെ ഈ പതിനഞ്ചാo അധ്യായം നമ്മോട് വിളിച്ചോതുന്നത് എത്രമാത്രം നസ്രായനിൽ ആഴപ്പെടേണ്ടതാണ് നമ്മുടെ ജീവിതമെന്ന യാഥാർത്യമാണ്. ഒറ്റയ്ക്ക് ഒരു മുന്തിരിച്ചെടിയായി വളർന്ന് ഫലം പുറപ്പെടുവിക്കാനുള്ള വിളിയല്ല ജ്ഞാനസ്നാനത്തിലൂടെ നാം സ്വീകരിക്കുന്നത്. മറിച് നസ്രായാനാകുന്ന മുന്തിരിച്ചെടിയിലെ ശാഖകളാകാനുള്ള വിളിയാണ്. തായ്ത്തണ്ടിനോട് ചേർന്ന് നിൽക്കാനാവാത്ത ശാഖയ്ക്ക് ജലമൊ, ധാതുലവണങ്ങളൊ, ലഭിക്കാതെ ഫലം പുറപ്പെടുവിക്കാൻ കഴിയാത്തതുപോലെ, നസ്രായനെ കൂടാതെ, അവൻറ്റെ കൃപകളില്ലാതെ, ക്രിസ്തീയ ജീവിതം ഫലരഹിതമായിത്തീരും. നമ്മുടെ ആത്മീയ വളർച്ചയ്ക്കുള്ള ഭക്ഷണം നസ്രായൻറ്റെ തിരു-ശരീര രക്തങ്ങളാണ്. നസ്രായനോട് ചേർന്ന് അവൻറ്റെ തിരു-ശരീര രക്തങ്ങളിൽ പങ്കുകാരാകുമ്പോഴാണ് നമ്മുടെ ആത്മീയ ജീവിതം ഫലദായകമാകുന്നത്.
ഈ ക്രിസ്തീയ ജീവിതയാത്രയാലുണ്ടാകുന്ന വെട്ടിയൊരുക്കലുകളെ നമുക്ക് തുറ വിയോടും വിനയത്തോടും സ്വീകരിക്കാനാവണം, കാരണം അത് നമ്മുടെ അബ്ബായുടെ സ്നേഹത്തിൻറ്റെയും, പരിപാലനയുടെയും, കരുതലിൻറ്റെയുമൊക്കെ അടയാളങ്ങളാണ്. മുന്തിരിച്ചെടിയുടെ ശാഖകൾ വെട്ടിയൊരുക്കലുകൾക്കപ്പുറം തഴച്ചുവളർന്നു, പതിന്മടങ്ങു ഫലം പുറപ്പെടുവിക്കുന്നത് പോലെ, ഹൃദയപൂർവം വിശ്വാസത്തോടുകൂടി, വേദന നിറഞ്ഞ ഈ ജീവിതമുഹൂർത്തങ്ങളെ സ്വീകരിക്കുമ്പോൾ നമ്മെ കാത്തിരിക്കുന്നത് സമൃദ്ധിയുടെയും സന്തോഷത്തിൻറ്റെയും വിളവെടുപ്പ് ദിനങ്ങളാണ്. അങ്ങനെ നാം നസ്രായനിൽ വസിക്കുകയും അവൻറ്റെ വാക്കുകൾ നമ്മിൽ നിലനിൽക്കുകയും ചെയ്യുമ്പോൾ നസ്രായനാകുന്ന തായ്ത്തണ്ടിനോട് ചേർന്ന് ഫലം പുറപ്പെടുവിക്കുന്ന ശാഖകളായി നമ്മുടെ ജീവിതം രൂപാന്തരപ്പെടുകയാണ്… മുന്തിരിച്ചെടിയുടെയും ശാഖകളുടെയും ആത്മീയത നമ്മെ പ്രകാശിപ്പിക്കട്ടെ… നസ്രാൻറ്റെ ഗന്ധമുള്ള, അവനെ പ്രതിഫലിപ്പിക്കുന്ന, സാക്ഷികളായി നമുക്ക് മാറാം… നസ്രായൻറ്റെചാരെ…