ലുക്കാ. 24: 46-53
ദൈവസന്നിധിയിലുള്ള സമ്പൂർണ സമർപ്പണമാണ് ഏറ്റവും തീവ്രമായ പ്രാർത്ഥന. നസ്രായൻറ്റെ സ്വർഗ്ഗാരോപണത്തിനുശേഷം സന്തോഷചിത്തരായി ജെറുസലേമിലേക്ക് തിരികെ പോവുന്ന ശിഷ്യന്മാരെ ഇന്നത്തെ സുവിശേഷത്തിൽ നാം കണ്ടുമുട്ടുന്നു. ഒരിക്കൽ നസ്രായനുമൊത്തു ജെറുസലേമിലേക്ക് പോകുവാൻ ഭയമായിരുന്ന ശിഷ്യന്മാർ സദൈര്യം, സന്തോഷത്തോടെ, ജറുസലേമിൽ സഹായകനെ സ്വീകരിക്കാൻ ഒരുങ്ങുന്നു. ക്രിസ്തുവിൻറ്റെ ഉത്ഥാനം ശിഷ്യന്മാർക്കു നൽകിയ ഏറ്റവും വലിയ പരിവർത്തനമെന്നത് തങ്ങളുടെ കഴിവിൽ ആശ്രയിക്കാതെ, ദൈവകൃപയ്ക്ക് തങ്ങളെത്തന്നെ സമർപ്പിക്കാനുള്ള മനോഭാവമായിരുന്നു. നസ്രായനുമൊത്തു റോമൻ സാമ്രാജ്യത്തിനെതിരെ പടവെട്ടി, ദാവീദിൻറ്റെ സിംഹാസനം പുനഃസ്ഥാപിക്കുന്ന വീരയോദ്ധാക്കന്മാരെയായിരുന്നു ഓരോ ശിഷ്യരും തങ്ങളിൽതന്നെ ദർശിച്ചത്. എന്നാൽ ദൈവഹിതത്തിന് തന്നെത്തന്നെ അടിയറവെച് കുരിശിൽ രക്തം ചിന്തിമരിക്കുന്ന നസ്രായൻ അവരുടെ ബുദ്ധിക്കും വിശ്വാസത്തിനുമൊക്കെ അതീതനായിരുന്നു.
ഉത്ഥിതനായ നസ്രായൻറ്റെ സാന്നിധ്യത്തിലാണ് അവർ പറഞ്ഞതും പഠിപ്പിച്ചതുമായ കാര്യങ്ങൾ രക്ഷാകരചരിത്രത്തിൻറ്റെ വെളിച്ചത്തിൽ അവർക്കു മനസിലാകുന്നത്. അവൻറ്റെ ഉത്ഥാനത്തിനുശേഷം തിടുക്കത്തിൽ സുവിശേഷ പ്രഘോഷണത്തിനിറങ്ങിത്തിരിക്കുന്ന ശിഷ്യന്മാരെ നാം കാണുന്നില്ല… മറിച്, പ്രാർത്ഥനയോടും, പ്രതിക്ഷയോടും, മാതാവിനോടുത്തു ആത്മാവിൻറ്റെ നിറവിനായി കാത്തിരിക്കുന്ന ശിഷ്യന്മാരെ നാം കണ്ടുമുട്ടുന്നു. തങ്ങളുടെ താത്പര്യങ്ങളും, കഴിവുകളുമൊക്കെ മാറ്റിവച്ചു ദൈവകൃപയ്ക്കു തങ്ങളെത്തന്നെ സമർപ്പിച്ചപ്പോഴാണ് അവരിലൂടെ ലോകത്തിൻറ്റെ അതിർത്തികൾവരെയും സുവിശേഷം പ്രസംഗിക്കപ്പെടുന്നത്… ദൈവസന്നിധിയിൽ നമ്മെത്തന്നെ പരിപൂർണമായി സമർപ്പിച്ചു പരിശുദ്ദത്മാവിൻറ്റെ നിറവിനായി നമുക്ക് പ്രാർത്ഥിച്ചോരുങ്ങാം…