മത്താ. 10:37-42
നസ്രായനെ അനുഗമിക്കുന്ന ശിഷ്യന്റെ ജീവിതത്തിലെ പ്രഥമമായ സ്നേഹം നസ്രായനോട് തന്നെയാവണം. എല്ലാറ്റിനുമുപരിയായി ദൈവത്തെ സ്നേഹിക്കണമെന്ന നസ്രായന്റെ പഠനവും ഇതിൽ അന്തർലീനമാണ്. എന്നെക്കാൾ അധികമായി കുടുംബ ബന്ധങ്ങളെ സ്നേഹിക്കുന്നവൻ എനിക്ക് യോഗ്യനല്ല എന്ന് നസ്രായൻ പഠിപ്പിക്കുന്നുണ്ട്. കുടുംബ ബന്ധങ്ങളെ ഉപേക്ഷിക്കണമെന്നല്ല ഇതിനർത്ഥം. എല്ലാ ബന്ധത്തെക്കാളും ഉപരിയായ ബന്ധം നമുക്കുണ്ടാവേണ്ടത് നസ്രായനോടാണ്. പലപ്പോഴും നമ്മുടെ വിശ്വാസ യാത്രയിൽ നാമൊക്കെ വിസ്മരിക്കുന്നത് ഈ ഒരു തലത്തിലേക്കുള്ള നമ്മുടെ ആത്മീയ വളർച്ചയാണ്. ആചരങ്ങളോടും അനുഷ്ഠാനങ്ങളോടും തുലനം ചെയ്തു കൊണ്ട് മുന്നോട്ട് പോവുമ്പോൾ നസ്രായനുമായുള്ള വ്യക്തി ബന്ധത്തെ അനുഭവിക്കാനൊ, നസ്രായനെ അറിയാനൊ കഴിയാതെ പോവുന്നു എന്നതാണ് വാസ്തവം. നമ്മുടെ ആത്മായാചാരങ്ങളും ആഘോഷങ്ങളുമൊക്കെ നസ്രായനുമായുള്ള വ്യക്തിബന്ധത്തിക്ക് പ്രവേശിക്കാനും ആഴപ്പെടാനും നമ്മെ സഹായിക്കുന്നില്ലെങ്കിൽ അവയെല്ലാം ഭൗതികമായ ആഘോഷം മാത്രമായി ചുരുങ്ങുകയാണ്.
അങ്ങനെ എല്ലാറ്റിനുമുപരിയായി നസ്രായനെ സ്നേഹിക്കുന്ന ഓരോ ശിഷ്യനും അനുഗ്രഹമാവാൻ വിളിക്കപ്പെട്ടവരാണ്. ഈ ശിഷ്യൻമാർ ഓരോരുത്തരും നസ്രായനെ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. തന്റെ നാമത്തിൽ ശിഷ്യരെ സ്വീകരിക്കുന്നവൻ തന്നെത്തന്നെയാണ് സ്വീകരിക്കുന്നതെന്ന് നസ്രായൻ പഠിപ്പിക്കുന്നത് ഈ ഒരു പശ്ചാത്തലത്തിൽ ആണ്. ഒരു പ്രവാചകനെ സ്വീകരിക്കുന്നവന് പ്രവാചകന് തുല്യമായ പ്രതിഫലം ലഭിക്കുമെന്ന് നസ്രായൻ പങ്ക് വെയ്ക്കുന്നുണ്ട്. ഒന്നാമത്തെ വായനയിൽ ഏലീഷാ പ്രവാചകനെ ഹ്യദയപൂർവ്വം സ്വീകരിക്കുന്ന ഷൂനെമിലെ സ്ത്രീയെ നാം വായിച്ചറിയുന്നുണ്ട്. അതിസമ്പന്നയായിട്ടും, ആ സ്ത്രീക്ക് ഒരു കുരുന്നുകാൽ കാണുന്നതിനുള്ള ഭാഗ്യം ലഭിച്ചിരുന്നില്ല. മാത്രമല്ല അവളുടെ ഭർത്താവ് വാർദ്ധക്യത്തിലുമെത്തിയിരുന്നു. പ്രവാചകന് തന്റെ ഭവനത്തിൽ ഭക്ഷണ പാനീയങ്ങൾ നൽകി അതിത്ഥ്യമരുളുക മാത്രമല്ല അതിനെക്കാൾ ഉപരിയായി തന്റെ ഭവനത്തിൽ പ്രവാചകന് വിശ്രമിക്കാനായി ഒരിടവും അവൾ ഒരുക്കുന്നുണ്ട്. അവളുടെ ആതിഥ്യത്തിൽ സംപ്രീതനാകുന്ന ഏലീഷാ പ്രവാചകൻ അവൾക്ക് ഒരു മകൻ ഉണ്ടാവുമെന്ന വാഗ്ദാനം നൽകുകയാണ്. നസ്രായൻ സുവിശേഷത്തിൽ വീണ്ടും അടിവരയിട്ട് ഇപ്രകാരം പറയുന്നുണ്ട്:’തന്റെ ചെറിയ ഈ ശിഷ്യരിൽ ഒരാൾക്ക് ഒരു പാത്രം ജലം കുടിക്കാൻ നൽകുന്ന ആൾക്ക് അതിന്റെ പ്രതിഫലം നഷ്ടമാകില്ലെന്ന്…’ എല്ലാറ്റിനുമുപരിയായി നസ്രായനെ സ്നേഹി ച്ചുകൊണ്ട് അവന്റെ മഹത്വത്തിനും, രാജ്യത്തിനുമായി നാമൊക്കെ നിലകൊള്ളുമ്പോൾ നമ്മുടെ ജീവിതങ്ങളും അനുഗ്രഹമായി മാറും. നമ്മുടെ ഓരോ പ്രവർത്തനങ്ങളെയും നസ്രായൻ തന്റെ അടയാളങ്ങൾ കൊണ്ട് സ്ഥീകരിക്കും. അങ്ങനെ നാം ഒരോരുത്തരും അനുഗ്രഹമായി മാറും. ഈ കൃപയുടെ നിറവിലേക്ക് വളരാൻ നമുക്കാവട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ…