മത്താ. 2: 1-12
ഈ കഴിഞ്ഞ ദിവസങ്ങളിൽ നമ്മെയെല്ലാവരെയും ഈറനണിയിപ്പിച്ച ചിത്രമായിരുന്നു സ്വന്തം പിതാവിൻറ്റെ മൃതശരീരം വീട്ടുമുറ്റത്തു അടക്കുന്നത് തടയാനെത്തിയ ഉദ്യോഗസ്ഥനോട് രോഷത്തോടും സങ്കടത്തോടും സംസാരിക്കുന്ന രഞ്ജിത്തിൻറ്റെ ചിത്രം… വീടൊഴുപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരുടെ മുന്നിൽ എല്ലാ വാതിലുകളും അടഞ്ഞ രാജൻറ്റെ അവസാനത്തെ പിടിവള്ളിയായിരുന്നു ആത്മഹത്യശ്രമം. ഒരിക്കലൂം ഈ ചെയ്യ്തിയെ നമുക്ക് ന്യായികരിക്കാനാവില്ല… പക്ഷെ രാജൻ എന്ന മനുഷ്യസ്നേഹിയുടെ ചിത്രം നമ്മുടെ കണ്ണിൽനിന്ന് മറയാതിരിക്കട്ടെ… തൻറ്റെ വ്യക്തിപരമായ ജീവിതപ്രശ്നങ്ങൾക്കിടയിലും, തുച്ഛമായ വരുമാനത്തിൽ നിന്ന് വിശന്നു വലഞ്ഞ ഒരുപാട് ജീവിതങ്ങൾക്ക് അന്നമായവനാണ് ഇദ്ദേഹം… പക്ഷെ അദ്ദേഹത്തിൻറ്റെ ഇല്ലായ്മയിൽ സുമനസ്സുകളൊന്നും തങ്ങളുടെ ഹൃദയവാതിൽ തുറന്നില്ലല്ലോ എന്നത് വല്ലാതെ നൊമ്പരപ്പെടുത്തുന്നു…
ഇന്ന് നസ്രായൻറ്റെ ദർശന തിരുനാൾ… പൗരസ്ത്യ ദേശത്തുനിന്നെത്തിയ ജ്ഞാനികൾ നസ്രായനെ സന്ദർശിച്ചതിൻറ്റെ ദീപ്‌തസ്മരണ… വരാനിരിക്കുന്ന രാജാവിനെ അവർ കണ്ടുമുട്ടുന്നത് കൊട്ടാരത്തിലല്ല മറിച്ചു ഇല്ലായ്മകളുടെ മധ്യത്തിലാണ് … കണക്കുകൂട്ടലുകൾ തെറ്റിയിട്ടും പിള്ളകച്ചയിൽ പൊതിഞ്ഞ ശിശുവിൽ നസ്രായനെ, അവൻറ്റെ രക്ഷാകര ദൗത്യത്തെ തിരിച്ചറിയാനായത് ഈ മനുഷരുടെ സുകൃതം.. പിന്നെ തങ്ങളുടെ വിലപ്പെട്ട സമ്മാനങ്ങൾ നൽകി അവർ യാത്രയാവുകയാണ്…
ജനിക്കാൻ സത്രത്തിലിടം ലഭിക്കാതിരുന്ന രാജധിരാജൻ ലോകത്തിനുമുന്നിൽ തന്നെത്തന്നെ വെളിപ്പെടുത്തന്നത് പാർശ്വവത്കരിക്കപ്പെട്ടവരുടെ മദ്ധ്യേ നിന്നാണ്…പാർശ്വവത്കരിക്കപ്പെട്ടവരിൽ, അവരുടെ ജീവിതാവസ്ഥകളിൽ, അവരിലൂടെ നമ്മോട് സംസാരിക്കുന്ന നസ്രായനെ തിരിച്ചറിയാൻ, ഈ ദർശന തിരുന്നാൾ എന്നെയും നിങ്ങളെയും പ്രകാശിപ്പിക്കട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായൻറ്റെ ചാരെ…