ചാട്ടവാറെടുത്ത് ജെറുസലം ദേവാലയം കച്ചവടസ്ഥലമാക്കിയവരെയെല്ലാം രോഷത്തോടെ ആട്ടി പായിക്കുന്ന നസ്രായനെയാണ് സുവിശേഷത്തിൽ നാം കണ്ട് മുട്ടുക. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജെറുസലെം ദേവാലയത്തിലെത്തുന്ന തീർത്ഥാടകരുടെ സൗകര്യാർത്ഥമായിരുന്നു നാണയ കൈമാറ്റവും, ബലിയ്ക്കായുള്ള മൃഗങ്ങളെയുമൊക്കെ ദേവാലയത്തിൽ വിറ്റിരുന്നത്. എന്നാൽ ദൈവാരധനയെ സഹായിക്കുക എന്നതിനെക്കാൾ ഉപരിയായി കച്ചവടത്തിന് പ്രഥമസ്ഥാനവും, ആരാധനയ്ക്ക് രണ്ടാം സ്ഥാനവും എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. ജെറുസലം ദേവാലയത്തിൻ്റ രൂപകൽപ്പനയെയും, നിർമ്മാണത്തെയുംക്കുറിച്ച് ചിന്തിക്കുമ്പോൾത്തന്നെ എത്ര മാത്രം വിശുദ്ധി നിറഞ്ഞ ഒരിടമായിട്ടാണ് ഇതിനെ വിഭാവനം ചെയ്ത് നിർമ്മിച്ചതെന്ന് നമുക്ക് മനസ്സിലാവും. എന്നാൽ കാലാന്തരത്തിൽ ദൈവാരാധനയെക്കാൾ ഉപരിയായി കച്ചവട താത്പര്യങ്ങൾക്കാണ് ഇവിടെ പ്രാധ്യാനം ലഭിച്ചത്. തൻ്റെ പരസ്യ ജീവിതകാലത്ത് അനീതികൾക്കെതിരെ നസ്രായൻ ശബ്ദമുയർന്നുന്നതും മുഖം നോക്കാതെ ഫരിസേയരെയും, നിയമജ്ഞരെയുമെല്ലാം വിമർശിക്കുന്നതും, തിരുത്തുന്നതുമൊക്കെ സുവിശേഷത്തിൽ നാം വായച്ചറിയുന്നുണ്ട്. എന്നാൽ ചാട്ടവാറെടുത്ത് കച്ചവടക്കാരെയെല്ലാം പുറത്താക്കുന്നതും, നാണയ മാറ്റക്കാരുടെ മേശകൾ മറിച്ചിടുന്നതുമെല്ലാം അതിസാധരണമായ സംഭവമായിരുന്നു.’ എൻ്റെ പിതാവിൻ്റെ ഭവനത്തെ നിങ്ങൾ കച്ചവടസ്ഥലമാക്കി ‘ എന്ന നസ്രായൻ്റെ ആത്മഗതത്തിൽ മാനവരാശിയുടെ ദൈവാരാധനയ്ക്ക് വന്ന തകർച്ചയാണ് നിഴലിക്കുക. ഈ ദൈവാരധനയെ നവീകരിക്കാനാണ് നസ്രായൻ തൻ്റെ മാനവകീരണത്തിലൂടെ ശ്രമിക്കുക.
നസ്രായൻ്റെ അധികാരത്തെ ചോദ്യം ചെയ്ത് കൊണ്ട് അടയാളം ചോദിക്കുന്ന മതനേതാക്കളോട് നസ്രായൻ പറയുക: ‘നിങ്ങൾ ഈ ദേവാലയം നശിപ്പിക്കുക. മൂന്ന് ദിവസം കൊണ്ട് ഞാനിത് പുനർനിർമ്മിക്കാം.’ ഹെറോദേസ് രാജാവ് നാൽപ്പത്തിയാറ് സംവത്സരമെടുത്ത് പൂർത്തിയാക്കിയ ജെറുസലെം ദേവാലയം മൂന്ന് ദിവസം കൊണ്ട് പുനർനിർമ്മിക്കാമെന്ന വാഗ്ദാനമാണ് നസ്രായൻ നൽകുന്നതെന്ന് വിചാരിച്ച് അതിനെ തമാശയായി കണ്ട് ഫരിസേയരും, നിയമജ്ഞരുമൊക്കെ അതിനെ പുച്ഛിച്ച് തള്ളുന്നുണ്ട്. എന്നാൽ തൻ്റെ ശരീരമാകുന്ന ദേവാലയത്തിലാണ് അബ്ബായ്ക്ക് ഏറ്റവും പ്രീതികരമായ ബലി അർപ്പിക്കപ്പെടാൻ പോവുക. താൻ തന്നെ ബലിയർപ്പകനും, ബലിവസ്തുവുമാവുന്ന ആ ബലിക്ക് ശേഷം, മൂന്നാം ദിവസം വീണ്ടും ഉയർത്തെഴുന്നേൽക്കും എന്ന യാഥാർത്ഥ്യത്തെ സൂചിപ്പിക്കാനാണ് മൂന്ന് ദിവസം കൊണ്ട് തൻ്റെ ശരീരമാകുന്ന ദേവാലയത്തെ പുനരുദ്ധീകരിക്കുമെന്ന് നസ്രായൻ പറയുക. നസ്രായൻ മരിക്കുമ്പോൾ ജെറുസലം ദേവാലയത്തിൻ്റെ തിരശ്ശീല നെടുകെ കീറപ്പെടുന്നുണ്ട്. ജെറുസലെം ദേവാലയത്തിലെ മൃഗബലിക്ക് ഇനി മുതൽ പ്രസക്തി ഇല്ല. ലോകാവസനത്തോളം നിലനിൽക്കുന്ന ഏകബലി അർപ്പിക്കപ്പെട്ടത് നസ്രായനാകുന്ന പുതിയ ജെറുസലെം ദേവാലയത്തിലാണ്. നസ്രായൻ്റെ ശരീരത്തോട് അനുരൂപപ്പെടാനുള്ളതാണ് നമ്മുടെ ശരീരങ്ങളും. പരിശുദ്ധാത്മാവിൻ്റെ ആലയങ്ങളാണ് നമ്മുടെ ശരീരങ്ങളെന്ന് പൗലോസ് ശ്ലീഹാ ഓർമ്മിപ്പിക്കുന്നത് ഈ ഒരു ചിന്ത മനസ്സിൽ സൂക്ഷിച്ച് കൊണ്ടാവണം. ശരീരത്തിൻ്റെ പരിശുദ്ധിക്ക് നിരയ്ക്കാത്ത പ്രവണതകൾ നമ്മിൽ ഉണ്ടെങ്കിൽ നസ്രായനെ ആ ബലഹീനതകളിലേക്ക് നമുക്ക് ക്ഷണിക്കാം. ചാട്ടവാറാകുന്ന അവൻ്റെ വചനം, നമ്മുടെ ബലഹീനതകളുടെ മേൽ കൃപയുടെ നിറവാകട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട്… നസ്രായൻ്റെ തിരുഹൃദയത്തിൻ ചാരെ…