യോഹ. 10: 1-10
“ഞാൻ വന്നിരിക്കുന്നത് അവർക്ക് ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമാണ്.” (യോഹ.10:10) പ്രിയപ്പെട്ടവരെ നമുക്കൊക്കെ സുപരിചിതമായ ഈ തിരുവചനം നസ്രായൻറ്റെ രക്ഷണീയ ദൗത്യത്തെ ഒറ്റവാക്കിൽ സംഗ്രഹിക്കുകയാണ്. എസെക്കിയേൽ പ്രവാചകൻറ്റെ പുസ്തകത്തിൽ ദൈവാത്മാവ് അദ്ദേഹത്തെ അസ്ഥികൾ നിറഞ്ഞ താഴ്വരയിലേക്കു നയിക്കുന്നതും, വചനം പ്രഘോഷിച്ചു അവയ്ക്ക് പുതുജീവൻ നൽകുന്നതും നാം വായിക്കുന്നുണ്ട്. പാപത്തിൽ മൃതരായ നമ്മെ ഓരോരുത്തരെയും ജീവനിലേക്ക് നയിക്കുന്നത് നസ്രായൻറ്റെ വചനങ്ങളാണ്.
നല്ലിടയൻറ്റെ ഉപമയിലൂടെ നസ്രായൻ നമ്മോട് പങ്കുവെയ്ക്കുന്നതും തൻറ്റെ വചനത്തിന് കാതോർത്തുകൊണ്ട് ജീവൻറ്റെ വഴിയിൽ നടക്കുന്ന അജഗണമാവാനാണ്. ഇടയൻ തൻറ്റെ ആടുകളെയും ആടുകൾ തൻറ്റെ ഇടയനെയും തിരിച്ചറിയുന്നത് വാക്കുകൾക്കതീതമായ ആത്മബന്ധത്തിലൂടെയാണ്. പേരുചൊല്ലി തങ്ങളെ വിളിക്കുന്ന ഇടയനും ദിശയറിയാതെ ഇടയനെ പിഞ്ചൊല്ലുന്ന അജഗണവും നമ്മോട് പങ്കുവെയ്ക്കുന്നത് ഈ ആത്മബദ്ധത്തിൻറ്റെ ആഴങ്ങളാണ്. ഇടയനല്ലാത്തവനും, കൂലിക്കാരനുമൊക്കെ അജഗണം അപകടത്തിലാവുമ്പോൾ, അവയെവിട്ട് ഓടിപ്പോകുന്നു. നല്ലിടയനാവട്ടെ തൻറ്റെ ജീവൻപോലും പണയംവെച്ചു അവയെ സംരക്ഷിക്കുന്നു. വഴിതെറ്റിപ്പോകുന്ന ഒരാടിനുവേണ്ടിക്കൂടി അയാൾ ഇറങ്ങിത്തിരിക്കുന്നുണ്ട്…
പ്രിയപ്പെട്ടവരെ നല്ലിടയൻറ്റെ ഈ ഉപമ നസ്രായനെ സംബധിച്ചിടത്തോളം കേവലമൊരുപമ മാത്രമായിരുന്നില്ലലോ… ഈ ഉപമ ജീവിച്ചവനാണ് നസ്രായൻ. ഓരോ ക്രൂശിതരൂപവും നമ്മോട് പങ്കുവെയ്ക്കുന്നത് സ്വയം ബലിയായി, നമുക്കൊക്കെ ജീവൻ നൽകുന്ന നസ്രായൻറ്റെ അനന്ത സ്നേഹത്തെക്കുറിച്ചല്ലേ… ജീവൻറ്റെ വഴിയിലേക്ക് നമ്മെ വിളിക്കുന്ന ഇടയ സ്വരത്തിന് നാമൊക്കെ കാതോർക്കുന്നുണ്ടോ? നാനാവിധത്തിലുള്ള പ്രതിസന്ധികളിൽ പെട്ട് നമ്മുടെ ജീവിതമുലയുമ്പോൾ നമ്മളിലേക്ക് തന്നെ തിരിഞ്ഞുനോക്കി, നാമൊക്കെ പ്രതീക്ഷകൾ അസ്തമിച്ച നിരാശകൾ നിറഞ്ഞ അസ്ഥികളുടെ താഴ്വരയിലാണോ, അതൊ ജീവൻപോലും ബലികഴിച്ചു നമുക്ക് ജീവൻ നൽകുന്ന ക്രിസ്തുനാഥൻറ്റെ ഒപ്പമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു… ഇടയ സ്വരം ശ്രവിച്ചു, നസ്രായനെ പിഞ്ചൊല്ലുന്ന നല്ല അജഗണമാവാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ പിതാവിൻറ്റെയും, പുത്രൻറ്റെയും, പരിശുദ്ദത്മാവിൻറ്റെയും നാമത്തിൽ… ആമ്മേൻ