ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ, Cycle B, മാർക്കോ . 6:1-6

മാർക്കോ . 6:1-6
തിരസ്ക്കരിക്കപ്പെടുന്നതിന്റെ നൊമ്പരം വാക്കുകൾക്കും മേലെയാണ്. ഈഴയടുപ്പമുള്ള സൗഹൃദങ്ങളിൽ നിന്നൊ, ബന്ധങ്ങളിൽ നിന്നൊ ആണ് തിരസ്ക്കാരമെങ്കിൽ ഈ നൊമ്പരത്തിന്റെ ആഴം വലുതായിരിക്കും. കാരണം ഏറ്റവുമധികം നാമൊക്കെ സ്നേക്കപ്പെടാൻ ആഗ്രഹിക്കുന്നത് നാമൊക്കെ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന ചില മനുഷ്യരിൽ നിന്നല്ലേ?… ഈ അടുത്തിടെ പത്രത്തിൽ വായിച്ച ഒരമ്മയുടെയും മകന്റെയും മരണവാർത്ത വല്ലാതെ ഭാരപ്പെടുത്തിയിരുന്നു. കോ വിഡ് തന്റെ പ്രിയതമന്റെ ജീവൻ കവർന്നപ്പോൾ, ഇനി മുന്നോട്ടുള്ള യാത്ര തനിച്ചാണെന്ന ചിന്ത വല്ലാതെ അവരെ ബുദ്ധിമുട്ടിച്ചപ്പോൾ സ്വയം തങ്ങളുടെ ജീവിതത്തിന് അവർ ഒരു പൂർണ്ണ വിരാമമിടുകയായിരുന്നു. അങ്ങനെ പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യവും, വാക്കുകളും, പ്രവൃത്തികളുമൊക്കെ എത്ര മാത്രമാണ് നമ്മെ സ്വാധിനിക്കുന്നത്.
തന്റെ നാട്ടിലേക്കുള്ള തിരുച്ചുവരവ് നസ്രായനെ സംബന്ധിച്ചടുത്തോളം ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മയായിരിക്കണം. തന്റെ അമ്മയും, സഹോദരങ്ങളും, കളിത്തോഴരും അവൻ നെഞ്ചോട് ചേർക്കാൻ അഗ്രഹിക്കുന്ന ഒരു പിടി ബന്ധങ്ങളും ഒരു പാട് മാധുര്യം നിറഞ്ഞ ഓർമ്മകളും … എല്ലാ പ്രവാചകൻമാരും നേരിടേണ്ടി വന്ന തിരസ്ക്കാരമെന്ന വിധി തന്നെയായിരുന്നു അവനെ കാത്തിരുന്നതും. നാട്ടുകാരാൽ തിരസ്കരിക്കപ്പെടുക പിന്നെയും സഹിക്കാമായിരിക്കാം, അവരുടെ സ്ഥാനം ഹൃദയത്തിന് പുറത്താണെന്നൊക്കെ പറഞ്ഞ്… പരിഹാസപൂർവ്വം മേരിയുടെ മകനല്ലെ? ഈ തച്ചനെവിടെ നിന്നാണ് ഇത്ര ജ്ഞാനമെന്നതൊക്കെ നാട്ടുകാരുടെ പൊഴിവാക്കുകളൊ, വിവരമില്ലായ്മയൊക്കെയായി കരുതി അശ്വസിക്കാം. പക്ഷെ അവന്റെ സഹോദരങ്ങൾ അവൻ ഭ്രാന്തനെന്ന് കരുതി അവനെ പിടിക്കാൻ തയ്യാറായി എന്ന് പറയുമ്പോൾ ഉത്തരവാദിത്വമുള്ള സഹോദരൻമാരുടെ സ്നേഹമായി നാം തെറ്റിദ്ധരിക്കരുത്. മറിച്ച് അവനെയൊ, അവന്റെ പഠനങ്ങളെയൊ, പ്രവൃത്തികളെയൊ ഉൾക്കൊള്ളാൻ കഴിയാതെ പോവുന്ന ഇടുങ്ങിയ ഹൃദയമുള്ള സുഹോദരൻമാരുടെ ധാർഷ്ട്യമായി അതിനെ കണ്ടാൽ മതി.
അങ്ങനെ വിശ്വാസ രാഹിത്യത്താൽ അവന് മുന്നിൽ പുറം തിരിഞ്ഞ് നിൽക്കുന്ന തന്റെ നാട്ടുകാരുടെയും വീട്ട് കാരുടെയും മുന്നിൽ അത്ഭുതങ്ങളൊന്നും ചെയ്യാനാവാതെ നിസ്സഹായനായി പ്രവാചക ശബ്ദത്തിന് നൽകേണ്ടി വരുന്ന വിലയെ നസ്രായൻ വേദനയോടെ തിരിച്ചറിയുന്നുണ്ട്. അവരുടെ സ്നേഹം സമ്പാദിക്കാൻ തന്റെ പ്രവാചക ശബ്ദത്തിന് മയം വരുത്താൻ നസ്രായൻ തയാറാകുന്നില്ല. കാരണം മനുഷ്യനെ പ്രീതിപ്പെടുത്താനലല്ലൊ മറിച്ച് തന്റെ അബ്ബയുടെ തിരുഹിതം നിറവേറ്റാനു ണല്ലോ നസ്രായൻ വന്നത്. നസ്രായനെപ്പോലെ തിരസ്ക്കാരങ്ങൾക്ക് മുന്നിൽ പതറാതെ, പ്രവാചക ശബ്ദമായി നിലകൊള്ളാൻ പരിശുദ്ധാത്മാവ് നമ്മെ കരുത്തരാക്കട്ടെ എന്ന പ്രാർത്ഥനയോടെ … നസ്രായന്റെ ചാരെ…