യോഹ. 20:24-29
ഇന്ന് തോമാശ്ലീഹായുടെ ഓർമ്മ ദിനമാണ്. നമ്മുടെ സ്വന്തം അപ്പോസ്തലൻ… നമ്മുടെ നാടിന്റെ ആത്മാവിൽ അദ്ദേഹം കൊളുത്തിയ വിശ്വാസ ദീപം തന്നെയാണ് നമ്മുടെയൊക്ക ഏറ്റവും വലിയ സുകൃതം. പാരമ്പര്യത്തിന്റെയും റീത്തിന്റെയും പേരിൽ ഇടുങ്ങി ചിന്തിച്ച് നിങ്ങളുടെ അപ്പോസ്തലൻ, ഞങ്ങളുടെ അപ്പോസ്തലൻ ഇങ്ങനെയുള്ള വേർതിരിവുകൾക്കൊടുവിൽ നമ്മളൊക്കെ അകന്ന് പോവുന്നത് അദ്ദേഹം പകർന്ന് നൽകിയ ആ വിശ്വാസ ചൈതന്യത്തിൽ നിന്ന്, നസ്രായനിൽ നിന്ന് തന്നെ അല്ല? തോമശ്ലീഹായെപ്പോലെ നസ്രായനെ സ്നേഹിക്കാനുള്ള ആത്മാർത്ഥമായ ശ്രമമാണ് നമ്മിലുണ്ടാവേണ്ടത്. കലർപ്പിലയാതെയാണ് അയാൾ നസ്രായനെ സ്നേഹിച്ചത്. അവന്റെ ആണി പഴുതുകളിൽ വിരലിടുകയും, പാർശ്വത്തിൽ സ്പർശിക്കുകയും ചെയ്യണമെന്നുള്ള അയാളുടെ ആഗ്രഹത്തെ വിശ്വാസ രാഹിത്യമായും, പിടിവാശിയായുമൊക്കെ നമുക്ക് ചിത്രീകരിക്കാം. ‘ സംശയാലുവായ തോമാശ്ലീഹാ’ എന്നിങ്ങനെയുള്ള വിശേഷണങ്ങളൊക്കെ അദ്ദേഹത്തിന് നൽകാം. എന്നാൽ ഉത്ഥിതനായ നസ്രായനെ കാണാൻ, തൊട്ടനുഭവിക്കാനുള്ള അയാളുടെ ആഗ്രഹത്തെ നമ്മളൊക്കെ കണ്ടില്ലെന്ന് നടിക്കുകയല്ലേ ചെയ്യാറുള്ളത്… ആ ആഗ്രഹത്തിൽ ആത്മാർത്ഥത ഇല്ലെന്ന് കരുതുന്നുണ്ടൊ?
ആത്മാർത്ഥത ഇല്ലായിരുന്നെങ്കിൽ അയാൾക്ക് വേണ്ടി നസ്രായൻ വീണ്ടും പ്രത്യക്ഷപ്പെടുമായിരുന്നൊ? നസ്രായന് വേണമെങ്കിൽ പ്രത്യക്ഷപ്പെട്ട് ‘തോമസെ, നീ എന്നെ കണ്ടുവല്ലൊ? ഇനി ധൈര്യമായി നീ എന്നിൽ…’ എന്നൊക്കെ പറഞ്ഞ് കടന്ന് പോവാമായിരുന്നു. ഒരു പക്ഷെ ഒരു വ്യക്തിക്കും ലഭിക്കാത്ത സുകൃതത്തിലേക്കാണ് നസ്രായൻ അയാളെ ക്ഷണിക്കുന്നത്. സർവ്വ പ്രപഞ്ചത്തിന്റെയും രക്ഷയ്ക്കായി താൻ ഏറ്റെടുത്ത സഹനത്തിന്റെ ആണി പഴുതുകളിലേക്ക്, തന്റെ പാർശ്വത്തിലെ അതിരുകളില്ലാത്ത സ്നേഹത്തിന്റെ ആഴങ്ങളിലേക്ക് പ്രവേശിക്കാനുള്ള ക്ഷണം… ” എന്റെ കർത്താവെ… എന്റെ ദൈവമെ…” എന്ന അയാളുടെ നിലവിളി, ഗുരുവിനാൽ ശകാരിക്കപ്പെട്ടവന്റെ ദീനരോദനമായിരുന്നില്ല. ദൈവാനുഭവത്തിന് വേണ്ടിയുള്ള തന്റെ തീവ്രമായ അഗ്രഹത്തിന്റെ മേൽ കനിഞ്ഞിറങ്ങുന്ന, ദൈവ സ്നേഹത്തെ അനുഭവിച്ചവന്റെ ആത്മ നിർവൃതിയാണത്…
ഈ ദൈവാനുഭവം അയാൾക്ക് ഉണ്ടായിരുന്നില്ലെങ്കിൽ കടലും, കാടുമൊക്കെ കടന്ന് വിശ്വാസത്തിന്റെ ദീപശിഖയുമായി അയാൾ ഇവിടേക്ക് വരുമായിരുന്നൊ? ചരിത്ര സ്മരണകൾ അയാളുടെ ആഗമനത്തെ സംശയ മുനയിൽ നിറുത്തുമ്പോൾ… ഈ നാടിന്റെ ആത്മാവിൽ നിറയുന്ന നസ്രായന്റെ ഗന്ധത്തിന് അയാളുടെ വിയർപ്പിന്റെ, ചോരയുടെ, ഗന്ധമില്ലേ?. ഇന്ന് നിറുത്താതെ മഴ പെയ്യുമെന്നുള്ള പാരമ്പര്യമൊക്കെ നമ്മുടെ നാടിന്റെ ആത്മാവിൽ അലിഞ്ഞ് ചേർന്ന അയാളുടെ ക്രിസ്തുവിനുഭവത്തിന് പ്രകൃതി നൽകുന്ന തിലക ചാർത്തല്ലേ… നമ്മുടെ ഈ കൊച്ച് നാട്ടിൽ നിന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് സുവിശേഷ ദീപവുമായി കടന്ന് പോയിട്ടുള്ള സഹോദരി സഹോദരൻമാരുടെ മുഖം മനസ്സിൽ തെളിയുന്നുണ്ട്. അവരിലൂടെ അയാളുടെ വിയർപ്പിന്റെയും ചോരയുടെയും ഗന്ധം പരക്കുകയാണ്. അയാളെപ്പോലെ സുവിശേഷ ദീപമായി മാറാനുള്ള കൃപ നമുക്കും ലഭിക്കട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…