ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ, Cycle A, മത്തായി. 16: 21-27

നസ്രായന്റെ പഠനങ്ങളിൽ ഏറ്റവും കഠിനമായി തോന്നാവുന്ന കാര്യങ്ങളിൽ ഒന്ന് സ്വന്തം കുരിശുമെടുത്ത് അവനെ പിൻചൊല്ലാനുള്ള ക്ഷണമാണ്. മനുഷ്യരെല്ലാവരും ദൈവത്തെ അന്വേഷിക്കുക തങ്ങളുടെ ജീവിതത്തെ സമ്പൽ സമ്പൂർണ്ണമാക്കാനും ജീവിത വീഥിയിലുണ്ടാവുന്ന ബുദ്ധിമുട്ടുകളിൽ നിന്ന് തങ്ങളെ കാത്ത് രക്ഷിക്കാനുമാണ്. പറഞ്ഞ് വരുന്നത് ഇങ്ങനെയൊന്നും പ്രാർത്ഥിക്കരുതെന്നല്ല. തീർച്ചയായും നമ്മുടെ ആവശ്യങ്ങൾ സമർപ്പിച്ചും, ദൈവത്തിന്റെ സംരക്ഷണം നമ്മുടെ മേലും, പ്രിയപ്പെട്ടവരുടെ മേലും യാചിച്ചു കൊണ്ടും നമുക്ക് പ്രാർത്ഥിക്കാം. എന്നാൽ ഇതിനെക്കാളുപരിയായി നാസായൻ നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നത് ജീവിത കുരിശുകളെ സധൈര്യം, തുറവിയോടെ ഏറ്റെടുത്ത് മുന്നോട്ട് പോവുന്നതിനുള്ള ആന്തരിക കരുത്ത് നേടുവാനായി പ്രാർത്ഥിക്കാനാണ്.
ഇന്നത്തെ സുവിശേഷത്തിൽ നാം കണ്ട് മുട്ടുക തന്റെ പീഡാനുഭവങ്ങളെ മുൻകൂട്ടി തന്റെ തോഴരോട് പങ്ക് വയ്ക്കുന്ന നസ്രായനെയാണ്. ഉടൻ തന്നെ പത്രോസ് പാപ്പ നിനക്കിത് സംഭവിക്കാതിരിക്കട്ടെ എന്ന് പറഞ്ഞ് നസ്രായനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ നസ്രായൻ ഇത് കേൾക്കുമ്പോൾ പത്രോസ് പാപ്പയോട് ക്ഷുഭിതനായി പറയുക: ‘സാത്താനെ എന്റെ മുന്നിൽ നിന്നു പോകൂ എന്നാണ്…’ നാമായിരുന്നു പത്രോസ് പാപ്പയുടെ സ്ഥാനത്തെങ്കിലും ഇതെല്ലെ പറയൂ. ഒരു ദുരന്തം ഒരാൾക്ക് സംഭവിക്കാൻ പോവുന്നു എന്ന് അയാൾ പറയുമ്പോൾ അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് നാം പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നത് പോലെ. നീ സജീവ ദൈവത്തിന്റെ പുത്രനായ മിശിഹായാണെന്ന് ഏറ്റ് പറഞ്ഞ പത്രോസ് പാപ്പയെ നീ പാറയാകുന്നു. ഈ പാറമേൽ എന്റെ പള്ളി ഞാൻ പണിയും. നകര കവാടങ്ങൾ അതിനെതിരെ ബലപ്പെടുകയില്ല. ഈ വാഗ്ദാനങ്ങളൊക്കെ നൽകി തൊട്ടടുത്ത നിമിഷത്തിൽ തന്നെയാണ് പത്രോസ് പാപ്പയ്ക്ക് നസ്രായന്റെ ശകാരവും… കുരിശിന്റെ വഴിയാണ് മഹത്വത്തിലേക്കുള്ള വഴി എന്ന യാഥാർത്ഥ്യത്തെ ഇങ്ങനെയല്ലാതെ പിന്നെ എങ്ങിനെയാണ് നാസ്രായൻ പറഞ്ഞ് മനസ്സിലാക്കുക?
എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്റെ പിന്നാലെ വരട്ടെ എന്ന നസ്രായന്റെ വാക്കുകൾ അവന്റെ തോഴർക്ക് മാത്രമല്ല അവനെ കേട്ട ജനക്കൂട്ടത്തിനും സ്വീകാര്യമായിട്ടുണ്ടാവാനിടയില്ല. കാരണം കുരിശ് മരണത്തെ അല്ലെങ്കിൽ കുരിശ് വഹിച്ച് കൊണ്ടുള്ള ശിക്ഷ ഒരു വ്യക്തിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അപമാനും സഹനവുമായിരുന്നു. എല്ലാവരും കുരിശ് വഹിച്ച് കുരിശ് മരണം വഹിക്കണമെന്ന പശ്ചാത്തലത്തിലല്ല യേശു നാഥൻ ഇപ്രകാരം പറയുക, മറിച്ച് സ്വയം പരിത്യജിച്ച് ജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകളൊക്കെയും സധൈര്യം ഏറ്റെടുത്ത് അവനെ അനുധാവനം ചെയ്യാനുള്ള വിളിയാണ് ക്രിസ്തീയത എന്ന യാഥാർത്ഥ്യത്തെ പങ്ക് വയ്ക്കാനാണ്. നസ്രായന്റെ ഉത്ഥാനത്തിന് ശേഷം സാവാധാനമാണ് ഈ കുരിശിന്റെ ആത്മീയതയെ അവന്റെ തോഴർ മനസ്സിലാക്കുന്നതും പിന്നീട് നിർഭയരായി കുരിശുകൾ ഏറ്റെടുക്കുന്നതും. തുടർന്ന് നാസ്രായൻ പങ്ക് വയ്ക്കുന്നുണ്ട് ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്ത് പ്രയോജനം? നസ്രായന്റെ ജീവിതം നമ്മെ പഠിപ്പിക്കുക നിത്യതയിലേക്കുള്ള വീഥിയിൽ കാൽവരിയെ അവഗണിക്കാനാവില്ല എന്ന യാഥാർത്ഥമാണ്. ഈ ബോധ്യത്തിൽ ആഴപ്പെട്ട് വിശ്വാസ യാത്ര തുടരാനാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…