Mk. 10: 2-16
ബൈബിളിന്റെ ആദ്യ താളുകളിൽ തന്നെ രേഖപ്പെടുത്തിയിട്ടുള്ള കുദാശയാണ് വിവാഹം. സൃഷ്ടിയുടെ ആരംഭത്തിൽത്തന്നെ അബ്ബാ സ്ഥാപിച്ച കൂദാശയാണിത്. പുരുഷന് ദൈവം നൽകിയ ഏറ്റവും വലിയ സമ്മാനം തന്റെ കായിക ബലമൊ, ബുദ്ധി ശക്തിയൊ ഒന്നുമല്ല മറിച്ച് അവന് തുണയായും, ഇണയായും ചേർന്ന് നിൽക്കുന്ന തോഴിയെയാണ്. പുരുഷനെ ഗാഢനിദ്രയിലാക്കി അവന്റെ വാരിയെല്ലിൽ നിന്ന് നാരിയെ അബ്ബാ രൂപപ്പെടുത്തി എന്ന് വായിക്കുമ്പോൾ നരന് ദാസിയേകേണ്ടവളാണ് സ്ത്രീ എന്ന പൊരുളല്ല വേദം പങ്ക് വയ്ക്കുന്നത് പിന്നെയൊ നരനെ പൂർണ്ണനാക്കുന്ന നരന്റെ പൂർണ്ണതയാണ് നാരി. ഇനി മുതൽ അവർ രണ്ടല്ല ഒറ്റ ശരീരമാണെന്ന വചനം ഈ ബോധ്യത്തിലേക്കാണ് നമ്മെ നയിക്കേണ്ടത്.
പുരുഷന് ലഭിക്കാവുന്ന ഏറ്റവും മൂല്യമാർന്നും മികച്ചതുമായ സമ്മാനമാണ് അവന്റെ തോഴി. കുടുംബ ജീവിതത്തിന്റെ മനോഹാരിത എന്ന് പറയുന്നത് ഇഴചേർന്ന ഈ സൗഹൃദമാണ്. പക്ഷെ കാലാന്തരത്തിൽ ഈ ബോധ്യത്തിന് കോട്ടം സംഭവിച്ചിട്ടുണ്ട്. പുരുഷന്റെ സുഖത്തിനും, അവന്റെ കുഞ്ഞുങ്ങൾക്ക് ജൻമം നൽകാനും, വീട്ട് വേല ചെയ്യാനുള്ള ഉപകരണവും മാത്രമായി അവുടെ ജിവിതം മാറിയപ്പോൾ കറിവേപ്പല പോലെ അപ്രസ്കതമാകുന്ന അവളുടെ ജീവിതത്തിന്റെ യാഥാർത്ഥ്യത്തിലേക്കാണ് സുവിശേഷം നമ്മെ കൂട്ടിക്കൊണ്ട് പോവുന്നത്.
നസ്രായനോട് ഫരിസേയർ ചോദിക്കുന്നത് ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണൊ എന്നാണ്? കാരണം മോശയുടെ നിയമം അവർക്ക് അതിന് അനുമതി നൽകിയിരുന്നു. പക്ഷെ പേർപിരിയുന്നതിന് അനുമതി നൽകുന്നതിനുള്ള കാരണങ്ങൾ മോശയുടെ നിയമത്തിൽ വ്യക്തമായിരുന്നില്ല. മോശ അത്തരമൊരു അനുമതി നൽകിയത് അവരുടെ ഹൃദയ കാഠിന്യം നിമിത്തമാണ്. അങ്ങനെ അപൂർവ്വങ്ങളിൽ അപൂർവ്വമായി സംഭവിക്കേണ്ട പേർപിരിയിൽ നിസാര കാര്യങ്ങളുടെ പേരിൽ പോലും തന്റെ സഖിയെ ഉപേക്ഷിക്കുന്ന തരത്തിലേക്ക് തരം താഴ്ത്തപ്പെട്ടിരുന്നു.
പുതിയ മോശയായ നസ്രായൻ അവർക്ക് ഒരു പുതിയ നിയമം നൽകുന്നില്ല മറിച്ച് സുഷ്ടിയുടെ ആരംഭത്തിലെ ദൈവം സ്ഥാപിച്ച ഈ മഹത്തായ കൂദാശയുടെ അവിഭാജ്യതയിലേക്ക് അവരെ നയിക്കുകയാണ്. പരസ്പരം പരിപൂർണ്ണമായി നൽകുന്ന സ്നേഹ ത്തിലൂടെ സ്ത്രീയും പുരുഷനും ഒറ്റ ശരീരമായി മാറുന്ന മഹത്തായ കൂദാശയാണ് വിവാഹം. ആദത്തിന് ഹവ്വായെ തോഴിയായി നൽകി അവരെ ഒരുമിപ്പിച്ച അബ്ബാ, തന്റെ എല്ലാ മക്കളുടെ ജീവിതത്തിലും നിർണായകമായ ഈ ദൗത്യം നിറവേറ്റുന്നുണ്ട്. ആയതിനാൽ ദൈവം യോജിപ്പിച്ച ഈ ബന്ധത്തെ വേർപെടുത്താനൊ, അവൻ സമ്മാനമായി നൽകിയ ഇണയെ ഉപേക്ഷിക്കാനൊ ആർക്കാണ് യോഗ്യതയുള്ളത്? അങ്ങനെ അബ്ബായുടെ ഇഷ്ടത്തിൽ നിന്ന് വ്യതിചലിച്ച് മറ്റൊരു വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന സ്ത്രീയുടെയും പുരുഷന്റെയും സംയോഗത്തിന് ദൈവവരപ്രസാദത്തിന്റെ ആശിർവാദമൊ, സാന്നിദ്ധ്യമൊ ഇല്ല. നിയമത്തിന്റെ മുന്നിൽ അവരുടെ വിവാഹത്തിന് സാധുതയുണ്ടെങ്കിലും അവരുടെ ഈ സംയോഗം ഇടർച്ചയുടെ അടയാളമാവുകയാണ്. നസ്രായന്റെ ഈ വചനങ്ങൾ വൈവാഹിക ബന്ധം എത്രമാത്രം പവിത്രവും ഉന്നതവുമാണെന്ന ബോധ്യത്തിലേക്ക് നമ്മെ നയിക്കണം. നിസാരമായ കാരണങ്ങളുടെ പേരിൽ തങ്ങളുടെ ജീവിത പങ്കാളിയെ വേർപിരിഞ്ഞ ഒരു പാട് സംഭവങ്ങൾ നമ്മുടെ ചിന്തകളിലേക്ക് കടന്ന് വരുന്നുണ്ടാവും. പങ്കാളിയുടെ അപൂർണ്ണതകളും കുറവുകളും ഉൾക്കൊള്ളാൻ കഴിയാതെ പോവുന്നതാണ് കുടുംബ ശിഥിലീകരണത്തിന്റെ പ്രധാന കാരണം. പങ്കാളിക്ക് ദൈവം ആ കുറവുകളും അപൂർണ്ണതകളും നൽകിയത് ആ വ്യക്തിയുടെ കുറവുകളിൽ നീ നിറവാകാനും, ഒരേ ശരീരമാക്കുന്നതിലൂടെ പൂർണ്ണതയിലേക്ക് തോളോട് തോൾ ചേർന്ന് നടക്കാനുമാണ്. സൗഹൃദത്തിന്റെ ഈ കരുതലും സ്നേഹവും നമുക്ക് നഷ്ടപ്പെടതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ…. നസ്രായന്റെ ചാരെ…