ലുക്കാ. 19: 1-10
“എല്ലാ വിശുദ്ധന്മാർക്കും ഇടർച്ചകളുടെ ഒരു ഭൂതകാലമുണ്ട് അതോടൊപ്പം എല്ലാ പാപികൾക്കും നന്മകൾ നിറഞ്ഞ ഭാവികലത്തിൻറ്റെ സാദ്ധ്യതകളുമുണ്ട്. വചനം നമ്മോട് പങ്കുവെയ്ക്കുന്ന വലിയൊരുൾവെളിച്ചമിതാണെന്നു വിശ്വസിക്കുന്നു. ഇടറിയിട്ടും ഇടറാതെ നമ്മോട് ചേർന്നുനടക്കുന്ന ദൈവം…
ഇന്നത്തെ സുവിശേഷം നമ്മെ കൂട്ടികൊണ്ടുപോകുന്നത് ഒരുപാട് ഇടറിയ സക്കേവൂസിൻറ്റെ ജീവിതത്തിലേക്കാണ്. നസ്രായനെ കാണാൻ സിക്കമൂർ മരത്തിലേക്ക് വലിഞ്ഞുകയറുന്ന സക്കേവൂസിനെ നസ്രായൻ എടുത്തുയർത്തുന്നത് നിത്യതയുടെ വിഹായസ്സിലേക്കാണ്… നസ്രായനെ കാണാനുള്ള സക്കേവൂസിൻറ്റെ ആഗ്രഹം കേവലമൊരു കൗതുകമാണെന്ന് കരുതാൻ വയ്യ. എവിടെയൊക്കെയോ താൻ അനുഭവിച്ചറിഞ്ഞ, എന്നാൽ ജീവിതയാത്രയിൽ കളഞ്ഞുപോയ ആ ദൈവസ്നേഹത്തിനുവേണ്ടിയുള്ള ദാഹമാണ് സക്കേവൂസിൽ നിഴലിക്കുന്നത്. നസ്രായൻ സിക്കമൂർ മരത്തിൻറ്റെ ചുവട്ടിലെത്തുമ്പോൾ സക്കേവൂസിനെപ്പോലും അമ്പരപ്പിച്ചുകൊണ്ട് താഴ്ത്തേക്കിറങ്ങിവരാൻ നസ്രായൻ പറയുന്നതും, ആതിഥ്യം ചോദിച്ചുമേടിച്ചു സക്കേവൂസിൻറ്റെ വീട്ടിലേക്കു വിരുന്നിനു പോകുന്ന നസ്രായൻ നമ്മെ പഠിപ്പിക്കുന്നത് ജീവിതത്തിൽ യാദൃശ്ചികമായി ഒന്നും സംഭവിക്കുന്നില്ല എന്ന യാഥാർഥ്യമല്ലേ… ദൈവാനുഭവത്തിനായി തീവ്രാമായി ആഗ്രഹിച്ച സക്കേവൂസിൻറ്റെ ജീവിതത്തിലേക്ക് നസ്രായൻ അനുഗ്രഹമഴയായ് പെയിതിറങ്ങുന്നത് പ്രിയസുഹൃത്തേ നീ കാണുന്നില്ലേ…
നസ്രായൻ സക്കേവൂസിനോട് മാനസാന്തരത്തിൻറ്റെ വേദമൊന്നുമോതിയതായി സുവിശേഷകൻ രേഖപ്പെടുത്തിയിട്ടില്ല. പക്ഷെ സക്കേവൂസ് ഇനിമുതൽ പഴയ തോൽക്കുടമല്ലല്ലോ… നസ്രായൻ എന്ന പുതു വീഞ്ഞˇ ജീവിതത്തിലേക്ക് കടന്ന് വരുമ്പോൾ എങ്ങിനെയാണ് പഴയ തോൽക്കുടമായി നിലകൊള്ളുവാൻ നമുക്കാവുക? ചിലരുടെയൊക്കെ മനസാന്തരങ്ങൾ നമ്മളെയൊക്കെ അമ്പരപ്പിച്ചിട്ടില്ലേ? സക്കേവൂസും അവിടെയുണ്ടായിരുന്ന ഫരിസേയരെയും നിയമജ്ഞരെയുമൊക്കെ അമ്പരപ്പിച്ചിട്ടുണ്ടാവണം… നസ്രായൻറ്റെ പകുത്തുനൽകലിലേക്ക് സക്കേവൂസും വളരുകയാണ്… “തൻറ്റെ സമ്പത്തിൻറ്റെ പകുതി, ആരുടെയെങ്കിലുമൊക്കെ സമ്പത്തു അന്യമായി സ്വന്തമാക്കിയുട്ടുണ്ടെങ്കിൽ നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു…” സക്കേവൂസിനെപ്പോലെ നസ്രായനെ കണ്ടുമുട്ടുമെന്ന പ്രതീക്ഷയോടെ…