ഹൃദയത്തിന്റെ കൊച്ചൾത്താരയിൽ നസ്രായനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ഇന്ന് മുതൽ നാം ആരംഭിക്കുകയാണ്. ക്രിസ്തുമസ് ദിനം നസ്രായന്റെ മാനവീകരണത്തിന്റെ ഓർമ്മയാണ് നാം ആഘോഷിക്കുന്നതെങ്കിലും ഒരുക്കത്തിന്റെ ഈ ദിനങ്ങളിലെ വചന വിചിന്തനം നമ്മെ ഒരുക്കുന്നത് സമയത്തിന്റെ അവസാനത്തിൽ സംഭവിക്കാനിരിക്കുന്ന നസ്രായന്റെ രണ്ടാം വരവിന് വേണ്ടിയാണ്. സുവിശേഷം നമ്മോട് ആവശ്യപ്പെടുന്നത് ജാഗരൂഗതയോടെ ഉണർന്നിരിക്കാനാണ്. സേവകരെ തന്റെ ഭവനവും മറ്റ് സ്വത്ത് വകകളും ഭരമേൽപ്പിച്ച് ദൂരദേശത്തേക്ക് യാത്രയാവുന്ന യജമാനൻ സുവിശേഷങ്ങളിൽ നമുക്ക് സുപരിചിതമായ മുഖമാണ്. യജമാനൻ സ്നേഹ സമ്പന്നനും, കരുണാമയനുമാണെങ്കിലും സേവകരുടെ വിശ്വസ്തതയും, കണക്ക് ബോധിപ്പിക്കലും ഈ യജമാനന് നിർബന്ധമുള്ള കാര്യമാണ്. ഈ യജമാനനെ സംബന്ധിച്ചടുത്തോളം അലസത വച്ചുപുറപ്പിക്കാനാവാത്ത തെറ്റാണ്. അതിനാൽ ഭൃത്യൻമാർ ജാഗരൂകതയോടെ ജീവിച്ചേ പറ്റു. ഈ യജമാനൻ ഏത് സമയത്താണ് തിരികെ വരികയെന്നത് ആർക്കും കാലേക്കൂട്ടി പറഞ്ഞ് വയ്ക്കാനാവില്ല. ഏത് പാതിരാത്രിക്ക് വേണമെങ്കിലും യജമാനന് തിരികെയെത്താം. തിരികെയെത്തുന്ന യജമാനന് ജാഗരൂഗതയോടെ ഉണർന്നിരുന്ന് തന്നെ ഭരമേൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റുന്ന ഭൃത്യനെയാണ് കാണേണ്ടത്. പാതിരാത്രിയാണല്ലൊ, ഉറങ്ങിയാൽ കുഴപ്പമുണ്ടാവില്ല, യജമാനൻ അത് മനസ്സിലാക്കികൊള്ളും എന്ന് ഭൃത്യൻ വിചാരിക്കുകയാണെങ്കിൽ അയാൾക്ക് തെറ്റ് പറ്റി. ഈ യജമാനൻ നേരത്തെ തന്നെ പറഞ്ഞപ്പിച്ചിട്ടുളളതും, നിശ്ചയിച്ചിട്ടുള്ളതുമായ അളവ് കോലുകളിൽ നിന്ന് വ്യതിചലിക്കുന്നവർക്ക് തന്റെ ഭവനത്തിലൊ, താൻ നടത്തുന്ന വിരുന്നിലൊ ഇടമുണ്ടാവുകയില്ല.
ഈ ഒരു ഉപമ നമ്മുടെ കാലഘട്ടത്തിനനുസൃതമായി ചിന്തിക്കുമ്പോൾ, രാത്രി ഉണർന്നിരിക്കണമെന്നാണൊ നാം മനസ്സിലാക്കേണ്ടത്? മറിച്ച് നമ്മെ തേടിയെത്തുന്ന യജമാനനെ മറക്കരുതെന്ന ജാഗ്രതയാണ് നമ്മോട് പങ്ക് വയ്ക്കുക. ക്രിസ്തുമസ് നസ്രായന്റെ മാനവീകരണത്തിന്റെ കേവലമൊരു ഓർമ്മ പുതുക്കലല്ല. മറിച്ച് അതൊരു ഒരുക്കമാണ്. അവന്റെ ആദ്യത്തെ വരവിൽ അവൻ സ്വീകരിക്കപ്പെട്ടത് കാലിതൊഴുത്തിലായിരുന്നെങ്കിൽ രണ്ടാം വരവിൽ അവൻ സ്വീകരിക്കപ്പെടേണ്ടത് നമ്മുടെ വ്യക്തി ജീവിതത്തിലാണ്. നമുക്കുള്ളതെല്ലാം നമ്മുടെ ജീവിതവും, നൻമയും, സൗഭാഗ്യങ്ങളും, താലന്തുകളും, അവൻ നമ്മെ ഭരമേൽപ്പിച്ചിട്ടുള്ള അവന്റെ കൃപകളാണ്. അവന്റെ രണ്ടാം വരവ് ഏത് സമയത്തും സംഭവിക്കാം. ഒരുപക്ഷെ നമ്മുടെയൊക്കെ ഈ ലോക ജീവിതത്തിന്റെ അന്ത്യത്തിലൊ, അല്ലെങ്കിൽ ഈ പ്രപഞ്ചത്തിന്റെ തന്നെ അവസാനത്തിലൊ ആവാം. ഇതിനൊന്നും യാതൊരു ഉറപ്പമില്ലല്ലൊ എന്ന് നാം ചോദിച്ചേക്കാം. ക്രിസ്തുമസ് ഒരു ചരിത്ര സംഭവത്തിന്റെ ഓർമ്മ പുതുക്കലല്ല മറിച്ച് മാംസം ധരിച്ച വചനം വീണ്ടും വരുമെന്ന ഓർമ്മപെടുത്തൽ കൂടിയാണ്. ജാഗ്രതയോടെ ഉണർന്നിരുന്നുകൊണ്ട് നസ്രായനെ ഹൃദയത്തിൽ സ്വീകരിക്കാനായ് നമുക്കൊരുങ്ങാം. ഈ ക്രിസ്തുമസ് അനുഭവം നസ്രായന്റെ രണ്ടാം വരവിനായ് നമ്മെ ഒരുക്കമെന്ന പ്രതീക്ഷയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…