നസ്രായൻ്റെ ജീവിതത്തിൻ്റ നേർകാഴ്ചയാണ് ഇന്നത്തെ സുവിശേഷം നമ്മോട് പങ്ക് വയ്ക്കുക. മുറിവേറ്റ ലോകത്തിൽ മുറിവ് പേറുന്ന മനുഷ്യരുടെ ജീവിതങ്ങൾക്ക് മേൽ നസ്രായൻ സൗഖ്യമായി പെയ്തിറങ്ങുകയാണ്. ശരീരികവും, മാനസികവുമായ എല്ലാ മുറിവുകളിലേക്കും നസ്രായൻ്റെ സൗഖ്യ സ്പർശം കടന്ന് വരുന്നുണ്ട്. പനി പിടിച്ച് കിടപ്പിലായ പത്രോസ് പാപ്പയുടെ അമ്മായിമ്മയെ ഭവനത്തിൽ സന്ദർശിച്ച് സൗഖ്യം നൽകുകയാണ്. തുടർന്ന് പിശാച് ബാധിതരായ അനേകരെ തങ്ങളുടെ ബന്ധനത്തിൽ നിന്ന് നസ്രായൻ മോചിപ്പിക്കുന്നുണ്ട്. അശുദ്ധാത്മക്കളൊക്കെ പഠിച്ച പണി പതിനെട്ടും നോക്കി നസ്രായനെ തൻ്റെ ദൗത്യത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. നസ്രായൻ്റെ വ്യക്തിത്വത്തെയും, നിയോഗത്തെയും ഏറ്റ് പറയുകയുകയും തങ്ങളെ വെറുതെ വിടണമെന്ന അപക്ഷയുമായി നസ്രായൻ്റെ ശ്രദ്ധ തിരിച്ച് വിടാനൊക്കെ പാഴ് ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഈ അശുദ്ധാത്മക്കളെ സംസാരിക്കാൻ പോലും അനുവദിക്കാതെ അവ ആവാഹിച്ചിരുന്ന മനുഷ്യരിൽ നിന്ന് അവരെ കുടിയിറക്കി വിമോചനത്തിൻ്റെ സൗഖ്യ സ്പർശം നസ്രായൻ അവർക്ക് സമ്മാനിക്കുകയാണ്. അങ്ങനെ വളരെ സജീവമായി യൻ്റെ പരസ്യജീവിതം മുന്നോട്ട് പോവുന്നതാണ് നാം ധ്യാനിക്കുക. തൊട്ടടുത്ത ദിവസം അതിരാവിലെ ശിഷ്യൻമാർ നസ്രായനെ അന്വേഷിച്ച് പരക്കം പായുന്നുണ്ട്. എന്നാൽ നസ്രായനെ കണ്ടെത്താൻ കഴിയുന്നില്ല. ഒരുപക്ഷെ ശിഷ്യർ നസ്രായനെ അന്വേഷിക്കാൻ കാരണം ജനക്കൂട്ടം അതിരാവിലെ എത്തിയിരിക്കണം. പ്രഭാതം പൊട്ടി വിടരും മുമ്പേ പ്രാർത്ഥനയിലൂടെ പിതാവുമായും, പരിശുദ്ധാത്മാവുമായും ഐക്യത്തിലായിരിക്കുന്ന നസ്രായനെയാണ് വിജനസ്ഥലത്ത് ശിഷ്യർ കണ്ട് മുട്ടുക. എല്ലാവരും നിന്നെ അന്വേഷിക്കുന്നു എന്ന് ശിഷ്യർ നസ്രായനെ അറിയിക്കുമ്പോൾ, അവിടെത്തന്നെ തുടരാനല്ല മറിച്ച് അടുത്ത പട്ടണങ്ങളിലേക്ക് ദൈവരാജ്യത്തിൻ്റെ സുവിശേഷവുമായി പോവാൻ ശിഷ്യരെ പ്രേരിപ്പിക്കുന്ന നസ്രായനെയാണ് നാം മനസ്സിലാക്കേണ്ടത്പഠനങ്ങളും, താൻ പ്രവർത്തിച്ച അത്ഭുതങ്ങളും, പേരും, പ്രശസ്തിയുമായി ഒരിടത്ത് ഒതുങ്ങിക്കൂടാൻ നസ്രായൻ തയ്യാറാവുന്നില്ല. എത്ര തിരക്കുകൾക്ക് മദ്ധ്യേയും അബ്ബായോടൊപ്പമായിരിക്കാൻ നസ്രായൻ സമയം കണ്ട് പിടിച്ചത് തന്നെയാണ് അബ്ബാ തന്നെ ഏൽപ്പിച്ച നിയോഗത്തോട് വിശ്വസ്തനായി നിൽക്കാൻ നസ്രായനെ സഹായിച്ചതും. ഒരു പക്ഷെ തിരക്കുകളും, പേരും, പ്രശ്സ്തിയുമൊക്കെ നമ്മെ തേടി വരുമ്പോൾ നാം ആദ്യം ഉപേക്ഷിക്കുന്നതും, മറക്കുന്നതും, ത്യജിക്കുന്നതുമായ കാര്യം അബ്ബായോടൊപ്പമായിരിക്കാനുള്ള നമ്മുടെ സമയമാണ്. എല്ലാവർക്കും, എല്ലാത്തിനും വേണ്ടിയും നാം സമയം കണ്ടെത്തും പക്ഷെ എല്ലാ കൃപകളും വർഷിച്ച അബ്ബായോടൊപ്പം ചേർന്നിരുന്ന് അവൻ്റെ ഹൃദയം നമ്മോട് പങ്ക് വയ്ക്കുന്നതെന്താണെന്ന് കേൾക്കാൻ നമുക്ക് സമയമുണ്ടാവാതെ പോവുകയും ചെയ്യുന്നു. അവൻ്റെ ഹൃദയത്തോട് ചേർന്നിരുന്ന് അവനെ കേൾക്കാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായൻ്റെ തിരുഹൃദയത്തിൻ ചാരെ…