യോഹ. 20: 1-9
ജീവിതയാത്രയിൽ നമ്മെ കാത്തിരിക്കുന്ന വലിയ വിസ്മയങ്ങളിലൊന്ന് അപ്രതീക്ഷിതമായി ഉണ്ടാവുന്ന ചില പൂർണ്ണവിരാമങ്ങളാണ്… എഴുതിതീരാത്ത കവിതകൾ പോലെ… വരച്ചുപൂർത്തിയാക്കാനാവാത്ത ചിത്രം പോലെ, പറഞ്ഞു തീരാത്ത കഥകൾ പോലെ ചില പൂർണ്ണ വിരാമങ്ങൾ… ഈ പൂർണ്ണ വിരാമങ്ങൾ പല രൂപത്തിലാകാം പ്രിയപ്പെട്ടവരുടെയൊ, ഉറ്റ തോഴരുടെയോ അപ്രതീക്ഷിതമായ വേർപാടുകൾ, പൊടുന്നനെ ഒരു സുപ്രഭാതത്തിൽ മുറിയപ്പെടുന്ന സ്നേഹബന്ധങ്ങൾ, അപ്രതീക്ഷിതമായി കടന്ന് വരുന്ന രോഗ സാഹചര്യങ്ങൾ… ഇവയൊക്കെയും എന്നേക്കുമായുള്ള പൂർണ്ണ വിരാമങ്ങളാണോ?
നസ്രായന്റെ കല്ലറയും ഒരു പൂർണ്ണ വിരാമത്തിൻറ്റെ അടയാളമാണ്. മുദ്രവെച്ച് അടച്ച കൊടുംകുറ്റവാളിയുടെ കബറിടമാണ്. അവൻറ്റെ കഥയ്ക്ക് പൂർണ്ണവിരാമമായി എന്ന് അവനെ കഴുവിലേറ്റിയ എല്ലാവരും കരുതിയിട്ടും അവരുടെയോക്കെയുള്ളിൽ അകാരണമായ ഒരു പേടിയുണ്ടായിരുന്നു. അല്ലെങ്കിൽ പിന്നെ നിസ്സഹായനായി മരിച്ച അവൻറ്റെ കബറിടത്തിന് വലിയ കല്ലും, മുദ്രയുമൊക്കെ എന്തിനാണ്? അവൻറ്റെ മരണസമയത്തു അവനെ തിരിഞ്ഞു നോക്കാതിരുന്ന അവൻറ്റെ അണികൾ രാത്രിയിൽ അവൻറ്റെ മൃതശരീരം മോഷ്ടിക്കാൻ വരുമെന്നൊക്കെ കരുതുന്നത് യുക്തിക്കൊക്കെ നിരക്കുന്നതാണോ?
അനുഗ്രഹീതരായ ഗുരുക്കരോടൊത്തു നാല് സുവിശേഷങ്ങളിലേക്കും കണ്ണോടിക്കാൻ കഴിഞ്ഞു… യോഹന്നാൻറ്റെ സുവിശേഷം പുതിയൊരു തലത്തിൽ നിന്ന് നസ്രായൻറ്റെ ജീവിതകഥയെ നോക്കിക്കാണാൻ പഠിപ്പിച്ചു. കഷ്ടിച്ച് ജയിക്കാൻ മാത്രമുള്ളതുമാത്രം പരീക്ഷയ്ക്ക് പാടിക്കൊന്നരു സുഹൃത്തെനിക്കുണ്ട്… അവനോട് പഠിപ്പിക്കുന്ന അവസരത്തിൽ അച്ചൻ പങ്കുവെച്ച, അത്ര പ്രധാനമെന്ന് തോന്നാത്ത ഒരുകാര്യത്തെക്കുറിച്ചു പരീക്ഷാ വേളയിൽ ചോദിച്ചു. കബറിടത്തിങ്കലേക്ക് ഓടിയെത്തുന്ന പത്രോസും, യോഹന്നാനും ദർശിക്കുന്നത് നസ്രായൻറ്റെ മൃതശരീരത്തെ പൊതിഞ്ഞ കച്ച ദൂരെ മാറികിടക്കുന്നതും , അവൻറ്റെ മുഖം മൂടിയ തുണി വൃത്തിയായി മടക്കിവച്ചിരിക്കുന്നതുമാണ്. അതെന്തുകൊണ്ടെന്നായിരുന്നു പരീക്ഷാവേളയിൽ കൂട്ടുകാരനോട് ചോദിച്ച ചോദ്യം? എല്ലാം പഠിച്ചെന്നു കരുതി ഊഴത്തിനായി അക്ഷമയോടെ കാത്തിരുന്ന എന്നോട് കൂട്ടുകാരൻ ഈ ചോദ്യം പങ്കുവെച്ചപ്പോൾ ഞാൻ കണ്ടതും അന്ധാളിപ്പിൻറ്റെ ഒരു പൂർണ്ണവിരാമമായിരുന്നു. ‘നീ അതിന് ഉത്തരം പറഞ്ഞോ?’ ആകാംഷയോടെ ഞാൻ അവനോട് ചോദിച്ചു? ‘ഉവ്വ്. അച്ചൻ പറഞ്ഞായിരുന്നല്ലോ, യഹൂദരുടെ പാരമ്പര്യമനുസരിച്ചു ഊണ് മേശയിൽ യജമാനൻ ഉപയോഗിക്കുന്ന തുണി മടക്കി വയ്ക്കുകയാണെങ്കിൽ അതിനർത്ഥം അദ്ദേഹം തൻറ്റെ ഭക്ഷണം തുടരാൻ വേണ്ടി വീണ്ടും വരുമെന്നതിൻറ്റെ അടയാളമാണ് അല്ലെങ്കിൽ ദാസർക്ക് ഭക്ഷണ വിഭവങ്ങളൊക്കെ വിരുന്ന് മേശയിൽ നിന്ന് മാറ്റാം… യോഹന്നാൻറ്റെ സുവിശേഷം പഠിപ്പിച്ച അച്ചനും, ഇത്ര മാത്രം ശ്രദ്ധയോടെ അദ്ദേഹത്തെ കേട്ട കൂട്ടുകാരനും സ്തുതി…
നസ്രായൻറ്റെ അനുയായികൾക്ക് പൂർണ്ണ വിരാമങ്ങളില്ല… നിത്യതയിൽ അവനോടപ്പമായിരിക്കുമ്പോൾ പൂർണവിരാമമെന്ന് നാം കരുതി, എല്ലാ പ്രതീക്ഷകളും ഉപേക്ഷിച്ച പലതിനെയും നോക്കി നാം പുഞ്ചിരിക്കുമായിരിക്കും… ഈ ഉയർപ്പു തിരുനാൾ പ്രതീക്ഷകളുടെ ദീപനാളം നമ്മിൽ കെടാതെ കാക്കട്ടെ… ഉയർപ്പുതിരുനാളിൻറ്റെ മംഗളങ്ങൾ സസ്നേഹം നേർന്നുകൊണ്ട്… നസ്രായന്റെ ചാരെ…