പന്തക്കുസ്താ തിരുനാൾ, Cycle -A, യോഹ.3:16-18

യോഹ.3:16-18
ജൂൺ തിരുഹൃദയത്തിന്റെ മാസമാണ്. ഈ ലോകം കണ്ടതിൽ ഏറ്റവും തീവ്രവും ദീപ്തവുമായ ദൈവ സ്നേഹത്തിന്റെ പ്രതീകം തിരുഹൃദയമാണ്. തിരുഹൃദയ സ്നേഹത്തെ ആഴത്തിൽ ധ്യാനിക്കുന്ന ഈ ദിനങ്ങളിൽ തിരുഹൃദയത്തിലൂടെ വെളിവാക്കപ്പെട്ട ദൈവസ്നേഹത്തിന്റെ രണ്ട് തലങ്ങൾ കൂടി ഈ മാസം നാം സ്മരിക്കുന്നുണ്ട്. പരിശുദ്ധ ത്രിത്വത്തിന്റെ സ്മരണയും അതോടൊപ്പം സ്വയം തന്നെത്തന്നെ പകുത്ത് നൽകുന്ന നസ്രായന്റെ തിരുശരീരത്തിന്റെയും തിരുരക്തത്തിന്റെയും ഓർമ്മ കൂടിയാണ്. ഇന്ന് പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആചരണത്തിലൂടെ, ത്രിത്വത്തിലൂടെ വെളിവാക്കപ്പെടുന്ന ദൈവ സ്നേഹത്തിന്റെ ആഴങ്ങളെയാണ് നാം ധ്യാനിക്കുക. ഈ ഒരു ജീവിത കാലം മുഴുവൻ കഠിനമായി പരിശ്രമിച്ചാലും ത്രിത്വത്തെ പരിപൂർണ്ണമായി മനസ്സിലാക്കുവാൻ നമുക്ക് സാധിക്കുകയില്ല. പക്ഷെ അതിനർത്ഥം പരിശുദ്ധ ത്രിത്വമെന്നത് ആർക്കും മനസ്സിലാക്കാനാവാത്ത നിഗൂഢ രഹസ്യമെന്നല്ല മറിച്ച് ചക്രവാളം പോലെ അനന്തമാണ് ഈ യാഥാർത്ഥ്യം.
പരിശുദ്ധ ത്രിത്വം അനന്തമായ യാഥാർത്ഥ്യമാണെങ്കിൽ അനന്തതയിൽ തന്നെ ഇരിക്കട്ടെ, നമ്മൾ എന്തിനാണ് ഈ അനന്തമായ യാഥാർത്ത്യത്തെക്കുറിച്ച് ആലോചിച്ച് തലപുണ്ണാക്കുന്നത്? ത്രിത്വത്തെക്കുറിച്ച് നാം ധ്യാനിച്ചാലും ഇല്ലേലും ത്രിത്വം നമ്മെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. പരസ്പരം വേർപെടുത്താനാവാത്ത വിധം സ്നേഹത്തിൽ ഒന്നായിരിക്കുന്ന മൂന്ന് വ്യക്തിത്വങ്ങളുടെ കൂട്ടായ്മയായി ത്രിത്വം നിലനിൽക്കുമ്പോഴും ഈ കൂട്ടായ്മയിലേക്ക് നശ്വരരായ നാമും കടന്ന് വരണമെന്ന് പരിശുദ്ധ ത്രിത്വം ആഗഹിക്കുന്നു എന്നതാണ് ത്രിത്വത്തെക്കുറിച്ച് നമുക്കൊക്കെ മനസ്സിലാക്കാൻ സാധിക്കുന്ന ഏറ്റവും സരളമായ യാഥാർത്ഥ്യം. സ്നേഹം ഒരിക്കലും ഉൾവലിഞ്ഞ് ഒരു വ്യക്തിയിൽ തന്നെ കേന്ദ്രികൃതമായി നിലകൊള്ളുന്ന ഒന്നല്ല. അങനെയെങ്കിൽ ആ സ്നേഹം നിസ്വാർത്ഥ സ്നേഹമല്ല. യഥാർത്ഥമായ സ്നേഹമൊക്കെ സ്വയം പകുത്ത് നൽകുന്ന, ആത്മീയ വിരുന്നായി മറ്റൊരുവനിലേക്ക് ഒലിച്ചിറങ്ങുന്ന കൃപയാണ്, കാരുണ്യമാണ്…
ത്രിത്വത്തെക്കുറിച്ച് ധ്യാനിക്കാൻ യോഹന്നാൻ 3:16 നോളം മറ്റൊരു വെളിപാട് ഉണ്ടെന്നു തോന്നുന്നില്ല. ‘എന്തെന്നാൽ അവനിൽ വിശ്വാസിക്കുന്ന ഏവനും നശിച്ച്പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിന് വേണ്ടി, തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.’ ത്രിത്വത്തിലെ മൂന്നാമുകളും ചേർന്നനുഭവിക്കുന്ന ആ സ്നേഹ നിറവ് അഥവാ സ്നേഹ സുഷുപ്ത്തി അതങ്ങനെ തന്നെ തുടരാമായിരുന്നു… ആ സ്നേഹ നിറവിലേക്ക്, കൂട്ടായ്മയിലേക്ക് നമ്മെ കൂട്ടി കൊണ്ട് പോവാൻ ത്രിത്വത്തിലെ രണ്ടാമത്തെ ആളായ പുത്രനായ ദൈവത്തിന് നമ്മുടെയൊക്കെ സമയത്തിന്റെയും അത് പോലെ ജനന- മരണ ചക്രങ്ങളുടെയൊക്കെ ഭാഗമാവേണ്ടി വരികയാണ്. രക്ഷാകര ചരിത്രം പൂർത്തിയാക്കി അവൻ ആ സ്നേഹ നിറവിലേക്ക് പ്രവേശിക്കുക ദൈവപുത്രൻ മാത്രമായിട്ടല്ല മറിച്ച് നമ്മിൽ ഒരുവനായ മാനവജീവിതത്തെ അനുഭവിച്ച ദൈവ പുത്രൻ കൂടിയായിട്ടാണ്. അങ്ങനെ അവനിലൂടെ നവീകരിക്കപ്പെട്ട പുതിയ മാനവരാശിയും ത്രിത്വത്തിന്റെ ആ സ്നേഹക്കൂട്ടായ്മയിലേക്ക് പ്രവേശിക്കുകയാണ്…
എഴുതി ഇനിയും സങ്കീർണ്ണമാക്കുന്നില്ല. ത്രിത്വത്തോടൊപ്പമുള്ള സ്നേഹ കൂട്ടായ്മയുടെ മുന്നാസ്വാദനം ഈ ഭൂവിൽ തന്നെ നമുക്കനുഭവിക്കാനാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ച് കൊണ്ട്… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…