ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ, Cycle C, ലുക്കാ. 12: 13-21

ലുക്കാ. 12: 13-21
ക്രിസ്തിയത നമുക്ക് പകർന്ന് നൽകുന്ന മഹത്തായ ഉൾവെളിച്ചമെന്നത് പങ്കുവെയ്ക്കലിൻറ്റെ ആത്മീയതയാണ്… രക്ഷാകരചരിത്രം തന്നെ ഒരു പങ്കുവെയ്ക്കലിൻറ്റെ കഥയല്ലേ… മനുഷ്യരുമായി തൻറ്റെ പുത്രനെപോലും പങ്കുവെയ്ക്കുന്ന സ്നേഹപിതാവിൻറ്റെ കഥ. പങ്കുവെയ്ക്കലിൻറ്റെ സന്തോഷവും സംതൃപ്തിയും അനുഭവിച്ചറിയേണ്ടതുതന്നെയാണ്…
പരിശുദ്ധ കുർബ്ബാനയിലെ ഏറ്റവും മനോഹരമായ പ്രതീകാത്മകതയായി തോന്നുന്നത് ദിവ്യകാരുണ്യ സ്വികരണത്തിനുമുന്പായി കൂദാശചെയ്യപ്പെട്ട അപ്പക്കഷണം വൈദികൻ രണ്ടായി ഭാഗിക്കുന്നതാണ്… പങ്കുവെയ്ക്കപ്പെടാനായി സ്വയം മുറിയപ്പെടുന്ന നസ്രായൻ… ഓരോ പങ്കുവെയ്ക്കലിലും മുറിയപ്പെടലിൻറ്റെ ഈ ചെറിയ വേദനയില്ലേ… തനിക്ക് കിട്ടുന്ന മിട്ടായികളൊക്കെ സൂക്ഷിച്ചുവെച് ഞായറാഴ്ച്ച താൻകണ്ടുമുട്ടുന്ന കുട്ടികളുമായി പങ്കുവെയ്ക്കുന്ന സുഹൃത്തിനെ സ്നേഹപൂർവ്വം സ്മരിക്കുന്നു… ദിവ്യകാരുണ്യം മുറതെറ്റാതെ ഭക്തിപൂർവ്വം സ്വികരിച്ചിട്ടും കാരുണ്യത്തിൻറ്റെ നീർച്ചാലായി മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിച്ചേരാൻ നമുക്കായില്ലെങ്കിൽ നസ്രായൻ നമ്മുടെ ജീവിതത്തിൻറ്റെ ഭാഗമായിട്ടില്ലെന്ന യാഥാർഥ്യത്തെ തുറിവിയോടെ സ്വകരിക്കേണ്ടിയിരിക്കുന്നു…
സ്വന്തം നേട്ടങ്ങളിലൂടെയാണ് ലോകത്തിനുമുന്നിൽ നാമൊക്കെ സമ്പന്നരാകുന്നത്… അതേ നേട്ടങ്ങൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കുമ്പോഴാണ് ദൈവപിതാവിനു മുന്നിൽ നാമൊക്കെ സമ്പന്നരാകുന്നത്… ഇന്നത്തെ സുവിശേഷം പറഞ്ഞുവെയ്ക്കുന്ന ‘ചിതൽ നശിപ്പിക്കാത്തതും ആർക്കും മോഷ്ട്ടിക്കുവാൻ കഴിയാത്തതുമായ ആ സ്വർഗ്ഗീയ നിക്ഷേപത്തിന് നമ്മളൊക്കെ അർഹരാകുമെന്ന പ്രതീക്ഷയോടെ’…