ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ, Cycle C, ലൂക്കാ. 14:25-33

ലൂക്കാ. 14:25-33
ത്യാഗനിർഭരമായ അനുഭവങ്ങളില്ലാതെ ഒരു സ്നേഹകാവ്യവും ഇന്നോളം രൂപപ്പെട്ടട്ടില്ല… നസ്രായനുമായുള്ള നമ്മുടെ ആത്മബന്ധവും സ്നേഹകാവ്യമായി മാറണമെങ്കിൽ അവന് വേണ്ടി നാം ചെയ്ത ത്യാഗങ്ങളുടെ കഥ പങ്ക് വയ്ക്കാൻ നമുക്കു മുണ്ടാവണം…. ലൂക്കാ സുവിശേഷകനോടൊപ്പം നസ്രായന്റെ ശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗങ്ങളെക്കുറിച്ചാണ് ഈ ഞായറാഴ്ച്ചകളിലൊക്കെയും നാം ധ്യാനിക്കുന്നത്.
ഭാര്യയും ഭർത്താവും തമ്മിലുള്ള ദാമ്പത്യ ബന്ധമായി കൊള്ളട്ടെ, സൗഹൃദമായി കൊള്ളട്ടെ, സഹോദരനും, സഹോദരിയും തമ്മിലുള്ള ബന്ധമായി കൊള്ളട്ടെ ഈ ബന്ധങ്ങളെയെല്ലാം ആഴപ്പെടുത്തുന്നത് പരസ്പരമുള്ള ഈ ത്യാഗങ്ങളാണ്… ഇതാണ് അവരുടെ സ്നേഹത്തെ തീവ്രമാക്കുന്നതും ആഴപ്പെടുത്തുന്നതും… ത്യാഗങ്ങളില്ലാതെ ഒരു ബന്ധവും നമുക്ക് വളർത്താനൊ, ആഴപ്പെടുത്താനൊ കഴിയുകയില്ല… നമ്മുടെ ഈ കാലഘട്ടത്തിൽ പല ബന്ധങ്ങളും പൊടുന്നനെ അവസാനിക്കുന്നതിന്റെ പ്രധാന കാരണം ത്യാഗം നിറഞ്ഞ ജീവിത മൂഹൂർത്തങ്ങളുടെ അഭാവമല്ലേ?
തന്റെ ശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗങ്ങളെക്കുറിച്ചാണ് നസ്രായൻ ഇന്നത്തെ സുവിശേഷത്തിലൂടെ നമ്മോട് പങ്ക് വയ്ക്കുന്നത്. നസ്രായന്റെ ശിഷ്യർക്ക് എല്ലാറ്റിനുമുപരിയായി ദൈവത്തെ സ്നേഹിക്കാനും അവന് വേണ്ടി ജീവിക്കാനുമാവണം… എല്ലാറ്റിനുമുപരിയായി ദൈവത്തെ സ്നേഹിക്കുക എന്ന് പറയുമ്പോൾ ദൈവത്തിനാവണം നമ്മുടെ ജീവിതത്തിലെ പ്രഥമസ്ഥാനമെന്ന യാഥാർത്ഥ്യമാണ് . ഈ ഒരു പശ്ചാത്തലത്തിലാണ് നസ്രായൻ സ്വന്തം മാതാപിതാക്കളെയും, മക്കളെയും, ഭാര്യയെയും, സ്വന്തം സഹോദരങ്ങളെയും, സ്വന്തം ജീവനെ തന്നെയും വെറുക്കാതെ ആർക്കും തന്നെ അനുഗമിക്കാനാവില്ല എന്ന് പറയുന്നത്… ഈ കുടുംബാംഗങ്ങളെ വെറുക്കാനൊ, ഉപേഷിക്കാനൊ അല്ല നസ്രായൻ ആവശ്യപ്പെടുക മറിച്ച് എല്ലാ ബന്ധങ്ങളെക്കാളുപരി ദൈവത്തോടുള്ള ആത്മബന്ധം വളർത്തി എടുക്കാനും, പരിപാലിക്കാനും നമുക്ക് കഴിയണം. ഈ ഒരു തലത്തിലേക്ക് നമുക്ക് വളരാനായില്ലെങ്കിൽ നമ്മുടെ സാക്ഷ്യത്തിന് വലിയ ആഴമുണ്ടാവില്ല… മാമ്മോദീസ സ്വീകരിച്ച് കൊണ്ട് ക്രിസ്ത്യാനി എന്ന വിളിപ്പേര് നമുക്ക് സ്വന്തമായേക്കാനാവും. എന്നാൽ ഒരിക്കലും ഒരു മറു ക്രിസ്തുവാകാൻ നമുക്കാവില്ല.
ഈ വചനഭാഗത്തോട് ചേർത്ത് രണ്ട് ഉപമകൾ കൂടി നസ്രായൻ നമ്മോട് പങ്ക് വയ്ക്കുന്നുണ്ട്. ആദ്യത്തേത് ഭവന നിർമ്മാണത്തിനൊരുങ്ങുന്ന ഗൃഹനാഥന്റെ ഉപമയാണ്. ഭവനത്തിന്റെ പ്ലാൻ മാത്രമല്ല അത് പൂർത്തികരിക്കാനുള്ള സാമ്പത്തിക, മാനുഷിക ഘടകങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്താതെ ഭവന നിർമ്മാണത്തിന് ഇറങ്ങിത്തിരിക്കുകയാണെങ്കിൽ അഭിമാനത്തിന് കാരണമാവേണ്ട ഭവന നിർമ്മാണം നമുക്ക് സമ്മാനിക്കുക വലിയ അപമാനമായിരിക്കും… രണ്ടാമത്തെ ഉപമയിലൂടെ പറഞ്ഞ് വയ്ക്കുക ഏതൊരു യുദ്ധത്തിനും തുനിഞ്ഞിറങ്ങും മുമ്പേ സ്വന്തം ശക്തിയെക്കുറിച്ചുള്ള വ്യക്തമായ ബോധ്യമുണ്ടാവണമെന്നാണ്… നാസായനെ അനുവാനം ചെയ്യാൻ ഇറങ്ങിത്തിരിക്കുമ്പോൾ ഈ ഒരു നിതാന്ത ജാഗ്രത നമ്മുടെ ജീവിതത്തിന് ഉണ്ടായെ മതിയാവൂ. അവനെ അനുധാവനം ചെയ്യുന്നത് എളുപ്പമാണെന്ന ധാരണയിൽ അധികകാലം മുന്നോട്ട് പോകുവാൻ ആവില്ല. അവന്റെ ശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗങ്ങൾ ഏറ്റെടുക്കാൻ കഴിയണമെങ്കിൽ എല്ലാറ്റിനുമുപരിയായി അവനെ സ്നേഹിക്കാൻ നമുക്കാവണം. ഈ ലോക യാത്രയിൽ നാം നേടുന്ന എല്ലാ വിജയങ്ങളെക്കാളും, നമ്മെ തേടി വരുന്ന എല്ലാ സൗഭാഗ്യങ്ങളെക്കാളുമൊക്ക ശ്രേഷ്ഠമാണ് നസ്രായന്റെ ശിഷ്യഗണത്തിന്റെ ഭാഗമാവുക എന്ന സുകൃതം. അവന്റെ ശിഷ്യത്വത്തിന്റെ ആഴങ്ങളിലേക്ക് നമുക്ക് അനുദിനം വളരാനാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…