മത്താ. 21:33-43
നമ്മുടെ ജീവിതയാത്രയിൽ നാം നേരിടേണ്ടിവരുന്ന വലിയ വെല്ലുവിളികളിലൊന്ന് ഏതു മാർഗ്ഗവും പയറ്റി വിജയകളാകാനൊ അല്ലെങ്കിൽ മൂല്യങ്ങളെ മുറുകെ പിടിച്ചു ഫലം പുറപ്പെടുവിക്കുന്നവരൊ ആകാനാണ്… വിജയികളാകുന്നതിൽ എന്താണ് തെറ്റ്? എന്ന് ഒരുപക്ഷെ നാമെല്ലാവരും ചോദിച്ചേക്കാം, പ്രത്യെകിച്ചു നമുക്ക് ചുറ്റുമുള്ളവരെല്ലാം അത്തരമൊരു ജീവിതവീക്ഷണത്തിലൂടെ കടന്ന് പോവുമ്പോൾ… ക്രിസ്തീയത നമ്മോടു പറഞ്ഞുവെയ്ക്കുന്നതു ഇതിൽനിന്ന് വ്യത്യസ്തമായ ജീവിത വീക്ഷണമാണ്: “നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനിൽക്കുന്നതിനും വേണ്ടി ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു.” (യോഹ. 1 5 :16)
ആരുടെയും കുതുകാലാൽ വെട്ടിയും സർവവും നേടാനുള്ള അശ്വമേധത്തിൽ നിന്ന്., തളർന്നവരെയും, തകർന്നവരെയും നെഞ്ചോട് ചേർത്തുള്ള ശാന്തമായ പ്രയാണമാണ് ക്രിസ്തീയത. അബ്ബാ നമ്മെ ഏൽപിച്ചിരിക്കുന്ന ഓരോ താലന്തുകളുടെയും ആത്യന്തിക ലക്ഷ്യമിതാണ്. ഇന്നത്തെ സുവിശേഷത്തിൽ യജമാനൻ തങ്ങളെ ഏൽപിച്ച മുന്തിരിത്തോട്ടം ഏത് മാർഗ്ഗവും പയറ്റി സ്വന്തമാക്കാൻ ശ്രമിക്കുന്ന സേവകരെയാണ് നാം കണ്ടുമുട്ടുന്നത്… അബ്ബായെ മറന്ന് ജീവിക്കുന്ന മാനവരാശിയെയാണ് ഈ സഹോദരങ്ങൾ പ്രതിദാനം ചെയുന്നത്. എല്ലാ കാലത്തിലും തൻറ്റെ പ്രവാചകരിലൂടെയും, സമയത്തിൻറ്റെ തികവിൽ തൻറ്റെ പുത്രനിലൂടെയുമെല്ലാം നസ്രായൻ നമ്മെ ഓർമ്മപ്പെടുത്തിയതും, ഓർമ്മപ്പെടുത്തികൊണ്ടിരിരിക്കുന്നതും ഈ മൂല്യാധിഷ്ടിതമായുള്ള ജീവിതത്തെക്കുറിച്ചാണ്.
തിരക്കിട്ട യാത്രയിൽ ദുർബലരെയും, വീണുപോയവരെയും കണ്ടിട്ടും കാണാതെ പോയതോർക്കുന്നു… ജീവിത യാത്രയിലെ ഓരോ മുഹൂർത്തങ്ങളും നസ്രായൻറ്റെ സമ്മാനമാണെന്നും, ഈ സമ്മാനത്തോടുള്ള നമ്മുടെ സമീപനങ്ങളും പ്രതികരണങ്ങളുമൊക്ക ജീവൻറ്റെ പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ടെന്നു തിരിച്ചറിയുന്നു… ഒരിക്കൽ ജീവൻറ്റെ പുസ്തകം തുറക്കപ്പെടുമ്പോൾ അവിടെ രേഖപ്പെടുത്തിയിട്ടുള്ള കണക്കും കൈയിലുള്ളതും സമമല്ലെങ്കിലും നസ്രായൻറ്റെ കാരുണ്യം അവൻറ്റെ മുന്തിരിത്തോട്ടത്തിലേക്കു നമ്മെ ഓരോരുത്തരെയും വഴിനടത്തുമെന്ന പ്രതീക്ഷയോടും പ്രാർത്ഥനയോടുംകൂടി സ്നേഹപൂർവ്വം… നസ്രായൻറ്റെ ചാരെ…