മത്താ. 3:1-12
ആഗമന കാലത്തിലെ രണ്ടാമത്തെ ഞായറാഴ്ച്ച വചനം നമ്മെ കൂട്ടി കൊണ്ട് പോവുക സ്നാപകനെ ശ്രവിക്കാനും അങ്ങനെ ആത്മീയമായ അനുതാപത്തിന്റെ ജ്ഞാന സ്നാനം സ്വീകരിച്ച് രക്ഷകനെ സ്വീകരിക്കുന്നതിന് വേണ്ടി ഒരുങ്ങുന്നതിന് വേണ്ടിയാണ്. മിശിഹായുടെ വരവിന് ഒരുക്കമായുള്ള ഒരടയാളമായി സ്നാപക യോഹന്നാൻ സ്വയം മാറുകയാണ്. മറ്റ് പ്രവാചകൻമാരിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു തീക്ഷണതയും, ജാഗ്രതയും, തിടുക്കവുമൊക്ക സ്നാപകന്റെ പ്രഘോഷണത്തിലും പ്രവൃത്തിയിലും നിഴലിച്ചിരുന്നു. “കർത്താവിന് വഴിയൊരുക്കുവിൻ, അവന്റെ പാതകൾ നേരെയാക്കുവിൻ…” എന്ന സ്നാപകന്റെ വാക്കുകളെ ഗൗരമായി സ്വീകരിച്ച്കൊണ്ട് ജനപദങ്ങൾ ജോർദ്ധാനിലേക്ക്, സ്നാപക യോഹന്നാനിലേക്ക് ഒഴുകി എത്തുകയാണ്.
എന്തു കൊണ്ട് ജനം സ്നാപകനിലേക്ക് ഒഴുകിയെത്തി? തുടക്കത്തിൽ പറഞ്ഞത് പോലെ സ്വയം ഒരു അടയാളമായി മിശിഹായുടെ വരവിനായി അയാൾ ഒരുങ്ങിയത് കൊണ്ടാണ് യോഹന്നാന്റെ വാക്കുകൾ ജനഹൃദയങ്ങളെ സ്പർശിച്ചതും അനുതാപത്തിന്റെ ജ്ഞാന സ്നാനത്തിലേക്ക് ഇസ്രായേൽ ജനം എത്തിച്ചേർന്നതും… ഒട്ടക രോമം കൊണ്ടുള്ള വസ്ത്രവും, അരയിൽ തോൽവാറും, വെട്ടു കിളിയും, കാട്ട് തേനും… ഇതെല്ലാം രക്ഷകനെ സ്വീകരിക്കുന്നത് വേണ്ടി സ്നാപകൻ നടത്തിയ ഒരുക്കത്തിന്റെ, സ്വയം ചെറുതാവലിന്റെ അടയാളാണ്. ‘അവന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും താൻ യോഗ്യനല്ല. അവൻ വളരുകയും, താൻ കുറയുകയും വേണം എന്നീ വാക്കുകളൊക്കെ സ്നാപകൻ ഒരു ആവേശത്തിൽ മൊഴിയുന്നതല്ല. മറിച്ച് മുപ്പത് വർഷത്തോളം നീണ്ട് നിന്ന സാധനയുടെയും പരിത്യാഗത്തിന്റെയും കഥ അയാൾക്ക് പങ്ക് വയ്ക്കാനുണ്ട്. നസ്രായൻ നമ്മുടെ ഹൃദയത്തിലേക്ക് കടന്ന് വരുമ്പോൾ ഇതുപോലൊരു ഒരുക്കത്തിന്റെ അനുഭവം പങ്ക് വയ്ക്കുവാൻ നമുക്കുണ്ടാവുമൊ?
സ്നാപകന്റെ പ്രഘോഷണം കേട്ട് ജനങ്ങളോടൊപ്പം ഫരിസേയരും നിയമജ്ഞരുമൊക്കെ സ്നാനം സ്വീകരിക്കാനായി ഓടിയണയുന്നുണ്ട്. ശരിക്കും അഭിമാനിക്കുകയും സന്തോഷിക്കുകയുമല്ലേ വേണ്ടത്? സ്നാപകന്റെ വാക്കുകൾ അവരെ സ്പർശിച്ചുവല്ലൊ… പക്ഷെ സ്നാപകൻ അവരെ വിളിക്കുക അണലി സന്തതികളെ എന്നാണ്. പുറമെ അനുതാപം നിറഞ്ഞ വരായി കാണപ്പെടുന്നുണ്ടെങ്കിലും ഉള്ള് നിറയെ ഉഗ്ര വിഷവുമായി ആക്രമിക്കാൻ തക്കം പാർത്തിരിക്കുന്ന അവരുടെ കടപതയെ സ്നാപകൻ തുറന്ന് കാട്ടുകയാണ്. കേവലം അനുതാപത്തിന്റെ ഈ ജ്ഞാന സ്നാനം സ്വീകരിച്ചതുകൊണ്ട് യാതൊരു കാര്യവുമില്ല മറിച്ച് ജ്ഞാന സ്നാനത്തിന് ചേർന്ന ഫലങ്ങൾ ഓരോ വ്യക്തിയും പുറപ്പെടുവിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ജീവിതത്തിലുണ്ടാവുന്ന പരിവർത്തനമാണ് മാനസാന്തരത്തിന്റെ അളവ്കോൽ. ആന്തരികതയിൽ ശ്രദ്ധിക്കാതെ ബാഹ്യമായ പുറം മോടിയിൽ ശ്രദ്ധിച്ച് ജീവിച്ചാൽ രക്ഷകൻ വരുമ്പോൾ ഫരിസേയരെയും നിയമജ്ഞരെയും പോലെ അവന്റെ വചനത്തിന് നേരെ ഹൃദയം കഠിനമാക്കി നിൽക്കുന്നവരായി നാം മാറും. പ്രിയ സുഹൃത്തെ എവിടെയാണ് ഞാനും നീയും? ഫരിസേയരുടെ ഒപ്പമൊ? അതൊ അനുതപ്പിക്കുന്ന ജനക്കൂട്ടത്തിന്റെ ഒപ്പമൊ?
സ്നാപകന് ഈ സുവർണ്ണാവസരം മുതലെടുത്ത് തന്നെത്തന്നെ മിശിഹായായി പ്രഖ്യാപിക്കാമായിരുന്നു. അയാളുടെ പരിത്യാഗം നിറഞ്ഞ ജീവിതവും, ശക്തമായ വാക്കുകളും, തീക്ഷണത ജ്വലിക്കുന്ന കണ്ണുകളുമൊക്കെ രാജാധിരാജനായ മിശിഹായെ മറന്ന് താപസശ്രേഷ്നായ മിശിഹായെ സ്വീകരിക്കുന്നതിന് മതിയായിരുന്നു. എന്നാൽ അയാൾ രക്ഷകനിലേക്കുള്ള ചൂണ്ട് പലകയായി സ്വയം ചെറുതാവുകയാണ്. യഹൂദ പാരമ്പര്യത്തിൽ ശിഷ്യൻ ഗുരുവിന്റെ ചെരുപ്പഴിക്കുന്നതൊഴിച്ച് ബാക്കിയുള്ള എല്ലാ സേവനങ്ങളും ഗുരുവിന് നൽകണമായിരുന്നു ‘. എന്നാൽ തനിക്ക് പിറകെ വരുന്നവന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും താൻ യോഗ്യനല്ല എന്ന അയാളുടെ വചനം സ്വയം ചെറുതായി കൊണ്ട് തന്റെ അഹത്തിന്റെ മേൽ പിന്നാലെ വരുന്നവനെ ഉയർത്തി കാട്ടി ദൈവത്തിന്റെ കുഞ്ഞാട് ഇതാണ് എന്ന് വിളിച്ച് പറഞ്ഞ് കടന്ന് പോവുന്ന മണവാളന്റെ തോഴനായി അയാൾ മാറുകയാണ്. നസ്രായൻ നമ്മിൽ വളരാനുള്ള ബോധപൂർവ്വമായിട്ടുള്ള എന്തെങ്കിലും ശ്രമങ്ങൾ നമ്മുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടൊ? മറ്റൊരു സ്നാപക യോഹന്നാൻ ആവാൻ നമുക്കാവില്ലായിരിക്കാം. പക്ഷെ അദ്ദ്ദേഹത്തെപ്പോലെ രക്ഷകനായി ഒരുങ്ങാനും, സ്വീകരിക്കാനുമുള്ള ഒരു എളിയ ശ്രമമാവട്ടെ നമ്മുടെ ഈ ആഗമന കാലം എന്ന് പ്രാർത്ഥിച്ചുകൊണ്ട്… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ …