ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ, Cycle A, മത്താ. 5:13-16

മത്താ. 5:13-16
നസ്രായന്റെ അനുയായികളായിട്ടുള്ള നമ്മുടെ ജീവിതയാത്ര നറങ്ങുവെട്ടം പകരുന്ന ചിരാത് പോലെയാണ്. ചിരാതിൽ നാം കരുതുന്ന തിരിക്ക് പ്രകാശം നൽകാൻ കഴിയുന്നത് തിരിയുടെ മേൻമ മാത്രം കൊണ്ടല്ല മറിച്ച് പ്രകാശം പരത്തുന്നതിനുള്ള ഊർജ്ജം ആ തിരി കണ്ടെത്തുന്നത് എണ്ണയിൽ നിന്നാണ്. ഇന്നത്തെ സുവിശേഷത്തിൽ നസ്രായൻ നമ്മോട് പങ്ക് വയക്കുന്നത് ഉപ്പിന്റെയും പ്രകാശത്തിന്റെയും പ്രതീകങ്ങളാണ്. ഈ ഭൂവിൽ ഏറ്റവും സുലഭമായി കാണപ്പെടുന്നതും ചെലവ് കുറഞ്ഞതുമായ പദാർത്ഥമാണ് ‘ഉപ്പ്.’ ഉപ്പിന്റെ അംശമില്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ ഒരു പക്ഷെ മധുര പലഹാരങ്ങൾ മാത്രമായിരിക്കാം. നിസാരമെന്ന് തോന്നുമെങ്കിലും ഉപ്പില്ലാത്ത ഒരു ദിവസം പോലും നമുക്ക് ചിന്തിക്കാനാവില്ല. ഉപ്പ് നമ്മുടെ ജീവിതത്തിന്റെ അനിവാര്യതയാണെങ്കിലും ഉറകെട്ട് പോവുന്ന ഉപ്പ് ഉപയോഗ ശൂന്യമാണ്. സ്വയം അലിഞ്ഞ് ഉപ്പ് രസം നൽകാൻ കഴിഞ്ഞില്ലെങ്കിൽ ഉപ്പിന്റെ അസ്ഥിത്വത്തിന് യാതൊരു പ്രസക്തിയുമില്ല. നസ്രായനാണ് ഉപ്പ് രസം പകർന്ന് നമ്മുടെ ജീവിതങ്ങളെ ഭൂമിയുടെ ഉപ്പാക്കി മാറ്റുന്നത്. ഒരു നുള്ള് ഉപ്പ് ഏതൊരു ഭക്ഷണ പദാർത്ഥത്തെയും സ്വാദിഷ്ടമാക്കുന്നത് പോലെ നാമായിരിക്കിന്നടങ്ങളിൽ നമ്മുടെ സാന്നിദ്ധ്യം ഫലദായകമാക്കുന്നത് നമ്മിലുള്ള നസ്രായനെന്ന ഉറവയാണ്.
രണ്ടാമത്തെ പ്രതീകം പ്രകാശമാണ്. ‘ നിങ്ങൾ ഭൂമിയുടെ പ്രകാശമാണ്.’ വത്സല ശിഷ്യൻ നസ്രായനെ അവതരിപ്പിക്കുക പ്രകാശമായിട്ടാണ്. അവനാകുന്ന പ്രകാശത്തിന്റെ സാമീപ്യവും ചൂടുമൊക്കെ നമ്മളെയും പ്രകാശം പരത്തുന്നവരാക്കും. നാസായന്റെ സ്നേഹത്തിന്റെയും കരുണയുടെയും ആഴങ്ങളനുഭവിക്കുന്ന ഒരാൾക്ക് എങ്ങിനെയാണ് തന്നിലേക്ക് മാത്രം ഒതുങ്ങിക്കൂടി ജീവിക്കാനാവുക? സങ്കീർത്തകൻ ഇപ്രകാരം പ്രഘോഷിക്കുന്നുണ്ട്: ‘ അങ്ങിലാണ് ജീവന്റെ ഉറവ, അങ്ങയുടെ പ്രകാശത്തിലാണ് ഞങ്ങളുടെ പ്രകാശം…’ നസ്രായനിൽ നിന്ന് കൃപയായ് നമുക്ക് ലഭിക്കുന്ന പ്രകാശത്തെ പറയുടെ കീഴിൽ വച്ച് മറയ്ക്കരുതെന്നാണ് നസ്രായൻ പഠിപ്പിക്കുക. വചനം നമ്മിൽ മാംസം ധരിക്കാൻ അനുവദിക്കുമ്പോൾ നസ്രായനെപ്പോലെ നാമും സ്നേഹമായി മാറും. നമ്മുടെ ഈ സ്നേഹ വായ്പായിരിയും നമ്മുടെ ചുറ്റുമുള്ള സഹോദരങ്ങളുടെ നസ്രായനിലേക്കുള്ള ആദ്യ കാൽവെയ്പ്പ്. നമ്മിലൂടെ അവർ അനുഭവിക്കുക നമ്മുടെ സ്നേഹം മാത്രമല്ല. അബ്ബായുടെ കരുതലിന്റെയും, വാത്സല്യത്തിന്റെയും കരലാളനം കൂടിയായിരിക്കും.
നിങ്ങളുടെ വെളിച്ചം ലോകത്തിന്റെ മുന്നിൽ പ്രകാശിക്കട്ടെ എന്ന നസ്രായന്റെ വാക്കുകൾ നമ്മുടെയൊക്കെ സാക്ഷ്യത്തെയാണ് പ്രതിധാനം ചെയ്യുന്നത്. നമ്മുടെ പ്രകാശത്തെയും സ്നേഹത്തെയും അനുഭവിക്കുന്നവർ ഈ സ്നേഹക്കൂട്ടായ്മയിലേക്ക് കടന്ന് വന്ന് നസ്രായന്റെ ഹൃദയത്തോട് ചേർന്ന് നിന്ന് ജീവിക്കുന്ന നസ്രായന്റെ സാക്ഷികളാവണം. ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി മാറുവാൻ നമ്മുടെ ജീവിതങ്ങൾക്കാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…