തപസ്സുകാലം ഒന്നാം ഞായർ, Cycle A, മത്താ.17:1-19

മത്താ.17:1-19
നോയമ്പ് കാലത്തിലെ രണ്ടാമത്തെ ഞായറാഴച്ചയിൽ വചനം നമ്മെ ക്ഷണിക്കുന്നത് താബോറിന്റെ മഹത്വത്തിലേക്കാണ്. ചരിത്രാതീത കാലം മുതലെ മലകളൊക്ക ദൈവാനുഭവത്തിന്റെ ഇടങ്ങളായി മനുഷ്യർ അനുഭവിച്ചിട്ടുണ്ട്. പത്രോസ് പാപ്പയെയും, വത്സലശിഷ്യനെയും, യാക്കോബിനെയും കൂട്ടിയാണ് താബോറിലേക്ക് നസ്രായൻ യാത്രയാവുക. അങ്ങനെ താബോർ മല ഭൂമിയിലെ സ്വർഗ്ഗമാവുകയാണ്. നസ്രായന്റെ സ്വർഗ്ഗീയ മഹത്വത്തിന് ഈ മൂന്ന് തോഴരും സാക്ഷികളാവുകയാണ്. ഇസ്രായേലിന്റെ ചരിത്രത്തിലെ തന്നെ നെടുംതൂണുകളായ മോശയും ഏലിയായും നസ്രായന് പ്രത്യക്ഷനാകുന്നതും, അവനോട് സംവദിക്കുന്നതും ദർശിക്കുന്നതിനുള്ള സുകൃതം ഈ മൂവർക്കും ലഭിക്കുന്നുണ്ട്. അവർണ്ണനീയമായ ഈ ആത്മീയ അനുഭവത്തിന്റെ മനോഹാരിതയിലും തീവ്രതയിലും മതി മറന്ന് പത്രോസ് പാപ്പ നസ്രായനോട് പറയുക മൂന്ന് കൂടാരങ്ങൾ പണിയാമെന്നാണ്. എന്തികൊണ്ടാവാം പത്രോസ് പാപ്പ തികച്ചും വ്യത്യസ്തമായ ഈ ഒരു ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടാക? കാരണം ഈ ഒരു ദൈവാനുഭവത്തിന് വേണ്ടിയാണ് നാം ഓരോരുത്തരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എന്നെന്നേക്കുമായി നിത്യതയിൽ അബ്ബാ യോടൊപ്പമായിരിക്കാൻ. ആ നിത്യതയെ ചെറിയൊരളവിൽ അനുഭവിക്കുമ്പോൾ തന്നെ ബാക്കിയുള്ളതെല്ലാം അവർക്ക് അപ്രസക്തമായി തോന്നുകയാണ്. തങ്ങൾ എവിടെ താമസിക്കുമെന്നൊ, തങ്ങൾക്കും കൂടാരം വേണമെന്ന ചിന്തയൊന്നും അവരെ ആകുലപ്പെടുത്തുന്നില്ല. താബോറിന്റെ ആ സ്വർഗ്ഗീയ മഹത്വത്തിൽ എന്നെന്നും ആയിരിക്കണമന്ന ചിന്തയും ആഗ്രഹവും മാത്രമാണ് ആ നിമിഷം അവരെ വലയം ചെയ്യുക.
മോശയ്ക്ക് മലമുകളിൽ തന്നെത്തന്നെ വെളിപ്പെടുത്തിയ ദൈവം തന്റെ പുത്രന്റെ നിയോഗത്തെ വെളിപ്പെടുത്തുന്നതിലൂടെ അവന്റെ ദൈവാസ്ഥിത്വത്തെ അവന് വെളിപ്പെടുത്തുകയാണ്. “ഇവനെന്റെ പ്രിയ പുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” എന്തുകൊണ്ടാവാം അബ്ബാ തന്റെ പുത്രനെ ശ്രവിക്കാനായി അവന്റെ തോഴരോട് പറയുക? എല്ലാ നിയമങ്ങളുടെയും അവസാന വാക്കായ മോശയും, പ്രവചനങ്ങളൊക്കെ ആധികാരികമായി നൽകി ദൈവത്തിന്റെ അധരമായി മാറിയ ഏലിയായും, പരിപൂർണ്ണ മനുഷ്യൻ കൂടിയായ നസ്രായൻ കാൽവരിയിലെ കുരിശിൽ എങ്ങിനെയാണ് എല്ലാ നിയമങ്ങളും പ്രവചനങ്ങളും പൂർത്തികരിക്കുന്ന പെസഹാക്കുഞ്ഞാടായി മാറുന്നതെന്ന വെളിപ്പെടുത്തൽ നൽകുകയാണ്. അങ്ങനെ മാനവരക്ഷയുടെ പാനപാത്രം താൻ കുടിക്കണമെന്ന നിയോഗത്തെ അവൻ പൂർണ്ണ മനസ്സോടെ ഏറ്റെടുക്കുകയാണ്. തന്റെ സ്വർഗ്ഗീയ മഹത്വത്തിലേക്ക് എന്നെന്നേക്കുമായി പ്രവേശിക്കുന്നതിന് മുമ്പായി മാനവരാശിയുടെ പാപഭാരത്തെ ഏറ്റെടുത്ത് സ്വയം ബലിവസ്തുവും ബലിയർപ്പകനുമാവേണ്ട നിത്യബലി അർപ്പിക്കണമെന്നുള്ള പിതാവിന്റെ തിരുഹിതത്തെ പൂർണ്ണ മനസ്സോടെ ഏറ്റെടുക്കുന്ന നസ്രായൻ താൻ പിതാവിന്റെ പ്രിയ പുത്രൻ തന്നെയാണെന്ന് ലോകത്തോട് വിളിച്ച് പറയുകയാണ്. അതിന് മറുപടിയെന്നോണമാണ് എന്നെന്നേക്കുമായി നിത്യതയുടെ ഭാഗമാവാൻ, അവനെ ശ്രവിക്കുവാൻ അബ്ബാ അവന്റെ തോഴരോടും ഇന്ന് നമ്മോടോരോരുത്തരോടും പറയുക. നമ്മുടെ ഓരോ ദിവ്യബലിയർപ്പണവും ദിവ്യകാരുണ്യ ആരാധനയുമൊക്കെ ഈ താബോറിന്റെ മഹത്വമാണ് നമ്മുക്ക് നൽകുക. താബോറിലേത് പോലെ, സ്വർഗ്ഗം ഭൂമിയിൽ ഇറങ്ങുന്ന അസുലഭ നിമിഷം. ജീവിതത്തിന്റെ കാൽവരികളെ നേരിടാൻ അവൻ തന്റെ തന്നെ ശരീരരക്തങ്ങൾ പങ്ക് വച്ച് നൽകി കൊണ്ട് അവൻ നമ്മോട് പറയുന്നുണ്ട്:”എഴുന്നേൽക്കുവിൻ ഭയപ്പെടേണ്ട…” നിത്യതയുടെ താബോറിൽ എന്നെന്നും നസ്രായനോടൊപ്പം ആയിരിക്കാൻ നമുക്കാവട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട്… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…