മത്താ.. 26:14 – 27:66
വളരെ വ്യത്യസ്തമായ ഒരു പീഡാനുഭവവാരത്തിലേക്കാണ് ഇന്നേ ദിനം നാം പ്രവേശിക്കുന്നത്. നമ്മുടെ പെസഹാനുസ്മരണത്തിനു അർത്ഥവും ആഴവും നൽകിയിരുന്ന ആരാധനാനുഷ്ടാങ്ങൾ ഇത്തവണ നമ്മെ കാത്തിരിപ്പില്ല… കുരുത്തോല ഞായറിന്റ്റെ സവിശേഷതയായിരുന്ന കുരുത്തോല പ്രദിക്ഷണവും പീഡാനുഭവവായാനുമൊക്കെ നമ്മുടെ ഹൃദയത്തിന്റ്റെ അൾത്താരയിൽ സംഭവിക്കട്ടെ…
ലോകം മുഴുവൻ ഒന്നാംകിട രാജ്യമെന്നൊ മൂന്നാംകിട രാജ്യമെന്നൊ വ്യത്യാസമില്ലാതെ എല്ലാവരും ഒരു പോലെ ഈ മഹാവ്യാധിയെ നേരിടുകയാണെല്ലോ… ഒരു പക്ഷെ സാമ്പത്തിക സ്ഥിരതയുടെയും, പുരോഗതിയുടേയുമൊക്കെ നെറുകയിൽ ശാസ്ത്രത്തിന് എല്ലാം സാധ്യമാണെന്ന് വിശ്വസിച്ചു, ദൈവത്തെ പടിക്ക് പുറത്തുനിറുത്തിയവരൊക്കെ നിസ്സാഹയരായി ദൈവത്തിലേക്ക് തിരിയുന്നത് നാം കണ്ടു. അങ്ങനെയെങ്കിൽ ദൈവത്തോടൊപ്പം നടന്നവരുടെ കാര്യമൊ?
ഒരുപക്ഷെ അവരുടെയൊക്കെ മനസ്സിൽ നിരന്തരം അലയടിച്ച ചോദ്യമിതായിരിക്കണം: ” എന്തുകൊണ്ട് ദൈവമെ നിരപരാധികൾ എങ്ങിനെ സഹിക്കേണ്ടിവരുന്നു?” പുരാതനകാലം മുതലേ എല്ലാവരും ചോദിച്ചതും അന്വേഷിച്ചതുമായ ചോദ്യമിതാണ്. ഇന്നത്തെ സുവിശേഷം നമ്മോട് പങ്കുവെയ്ക്കുന്നതും ഈ ചോദ്യത്തിനുള്ള ഉത്തരമാണ്. മാനവകുലത്തിന്റ്റെ രക്ഷക്കായി സ്വയം സഹനങ്ങൾ ഏറ്റെടുത്തു നമുക്ക് മുന്നേ നടക്കുന്ന നസ്രായൻ. സഹങ്ങളെ ഇല്ലാതാക്കാനല്ലല്ലോ നസ്രായൻ ശ്രമിച്ചത്, നാനാവിധത്തിലുള്ള സഹങ്ങളെ തന്റ്റെ ശരീരത്തിൽ സഹിച്ചു അവയെ രക്ഷാകരമാക്കി, ശാപം നിറഞ്ഞ ആ മുഹൂർത്തങ്ങളെ കൃപയുടെ അനുഗ്രഹ നിമിഷങ്ങളാക്കിമാറ്റി.
ഗെത്സമീൻ മുതൽ കാൽവരിവരെയുള്ള യാത്രയിൽ അവൻ ഒരിക്കലും സഹനങ്ങളിൽ നിന്ന് ഓടിയൊളിക്കുന്നില്ല. പിതാവ് നൽകിയ സഹനത്തിന്റ്റെ പാനപാത്രത്തെ രണ്ടാമത്തെ ആദം തന്റ്റെ അനുസരണത്തിലൂടെ രക്ഷയുടെ പാനപാത്രമാക്കുകയാണ്. ഇനിമുതൽ സഹനത്തേരിൽ ആരും ഒറ്റയ്ക്കല്ല. കുരിശിന്റ്റെ വഴിയിൽ തോളോട് തോൾ ചേർന്ന് ദൈവപുത്രൻ നമ്മോടൊപ്പമുണ്ട്.- ‘ദൈവം നമ്മോട് കൂടെ’
കാൽവരി വരെയുള്ള യാത്രയിൽ ഒരു മനുഷ്യജന്മത്തിനു അനുഭവിക്കാവുന്ന എല്ലാ സഹനങ്ങളിലും കൂടി അവൻ കടന്ന് പോവുകയാണ്. നിരാശയുടെ പടുകുഴിയിൽ നിശബ്ദനായി തന്നോടൊപ്പം സഹിക്കുന്ന അബ്ബായെ അവൻ തിരിചറിയുന്നുണ്ട്…. ‘എന്ത്കൊണ്ട് നീ എന്നെ ഉപേക്ഷിച്ചു’ എന്ന കരച്ചിലിൽ നിന്ന് ‘അങ്ങേ കരങ്ങളിലേക്ക് എന്റ്റെ ആത്മാവിനെ സമർപ്പിക്കുന്നു’ എന്ന പ്രാർത്ഥനയുമായി തന്റ്റെ ജീവിതത്തിനു അവൻ വിരാമമിടുമ്പോൾ പ്രത്യാശയുടെ പുതുപുലരിയിലേക്കാണ് നാമൊക്കെ പ്രവേശിക്കുന്നത്. സഹങ്ങളുടെ നെല്ലിപ്പലകയിലാണ് ദൈവപുത്രൻ തന്റ്റെ അബ്ബാ എവിടെയാണെന്ന് തിരിച്ചറിയുന്നത്…. ആകാശമണ്ഡലങ്ങക്കുമപ്പുറം സ്വർഗ്ഗത്തിലെ കൊട്ടാരത്തിലായിരുന്നില്ല മറിച്ചു തന്നോടൊപ്പം… ദൈവം നമ്മോടൊപ്പമാണ്… നമ്മുടെയൊക്കെ തോളോടുതോൾ ചേർന്ന്…