യോഹ. . 21:1-14
ലോകം കണ്ട ഏറ്റം മഹാനായ ഗുരു നസ്രസിലെ ആ തച്ചൻ തന്നെയാണ്… ശരിയാണ്, തൻറ്റെ കൈപടയാൽ സ്വന്തമായി പുസ്തകങ്ങളോ, പ്രബന്ധങ്ങളോ, പ്രസംഗങ്ങളോ രേഖപ്പെടുത്താതെയാണ് അവൻ കടന്ന് പോയത്. ഒരു ഗുരുവിനെ ശ്രേഷ്ഠനാക്കുന്നത് പരീക്ഷയ്ക്ക് മുഴുവൻ മാർക്കും മേടിക്കുന്ന വിദ്യാർത്ഥികളെ രൂപപ്പെടുത്തുന്നതിലല്ല മറിച് മുഴുവൻ മാർക്കും നേടാനയിലെങ്കിലും ജീവിതമെന്ന പരീക്ഷയെ പ്രതീക്ഷയോടെ അഭിമുഖികരിക്കാനും, പ്രതിസന്ധികളിൽ തളരാതെ അതിജീവനത്തിൻറ്റെ പാഠങ്ങൾ ഹൃദയത്തിൽ കോറിയിടാനുമുള്ള കഴിവാണ്…
അനുഭവങ്ങളുടെ വെളിച്ചത്തിലാണ് നസ്രായൻ തൻറ്റെ സുഹൃത്തുക്കളെ ഈ പാഠങ്ങൾ പഠിപ്പിക്കുന്നത്. രാത്രിയിൽ കൊടുംകാറ്റുണ്ടാകുമെന്നറിഞ്ഞിട്ടും അവരെ അവൻ യാത്രയാക്കുകയാണ് കാരണം ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഈ നൂല്പാലത്തിൽ ഓരോ ക്രിസ്തുശിഷ്യനും തിരിച്ചറിയേണ്ടത് ജീവൻറ്റെയും മരണത്തിൻറ്റെയും ഉടയോനായ ആ നസ്രായനെത്തന്നെയാണ്…
ഇന്നത്തെ സുവിശേഷവും അത്തരമൊരു പഠനകളരിയിലേക്കാണ് നമ്മെ കൂട്ടികൊണ്ടുപോവുന്നത്. രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഫലശൂന്യരായി, നിരാശരായി നിൽക്കുന്ന ശിഷ്യന്മാരോട് നസ്രായൻ പറയുന്നത് വലതുവശത്തു വലയിറക്കാനാണ്… ഒരു രാത്രിയുടെ അധ്വാനം നിഷ്ഫലമാണെന്നു കരുതി നമ്മുടെ പ്രതീക്ഷകൾ അവസാനിക്കുന്നില്ല, പകൽ നമുക്ക് നല്കാൻ പോവുന്നത് വിജയത്തിൻറ്റെ സദ്വാർത്തയാണ്… നസ്രായനെ, അവൻറ്റെ വചനത്തിൻറ്റെ ശക്തിയെ തിരിച്ചറിയുന്നതാണ് അതിജീവനത്തിൻറ്റെ ബാലപാഠം… ‘അത് കർത്താവാണ്…’ യോഹന്നാൻ തിരിച്ചറിയുന്ന ആ സത്യം മറ്റുള്ളവരുടെ ആന്തരിക നയനങ്ങളും തുറക്കുകയാണ്. പിന്നെ, ഇടറിയ പത്രോസ് ആഴിയുടെ ആഴങ്ങളിലേക്ക് ഊളിയി ടുകയാണ്… അയാൾക്കിനി സംശയങ്ങളും പേടികളുമില്ല കാരണം അത് കർത്താവാണ്… നമ്മെ പിടിച് ഉയർത്താൻ അണിപഴുതുള്ള ആ കരങ്ങൾ… സംശയമുണ്ടോ?