പെസഹാക്കാലം നാലാം ഞായർ, Cycle-C, യോഹ. 10:27-30

യോഹ. 10:27-30
ഒരു തച്ചന്റെ വിയർപ്പ് കനിഞ്ഞ മുഖവും, തഴമ്പുള്ള കരങ്ങളുമായിരുന്നു നസ്രായന്റേത്. എന്നാൽ മാംസളമായ ഇടയ ഹൃദയമായിരുന്നു അയാളുടേത്. അയാൾക്ക് അവകാശപ്പെടാമായി ഒരു ഇടയന്റെ തൊഴിൽ ഉണ്ടായിരുന്നില്ല. ഇത് നമുക്കുള്ള ഓർമ്മപ്പെടുത്തലാണൊ? തൊഴിലേതായാലും ഇടയ ഹൃദയത്തിനുടമായാവാൻ ഇടയന്റെ ജോലി ചെയ്യണമെന്നില്ല. മറിച്ച് ഇടയന്റെ മനോഭാവത്തോടെ സ്നേഹിക്കാനും കരുതാനും കഴിഞ്ഞാൽ മതിയെന്നുള്ള ഒരു ഓർമ്മപ്പെടുത്തൽ. അബ്രഹാം മുതൽ ദൈവം തെരെഞ്ഞെടുക്കുന്ന ഇസ്രായേൽ ജനത്തിന്റെ നേതാക്കൻമാർക്കൊക്കെ ഈ ഇടയ ജീവിതത്തിന്റെ പശ്ചാത്തലമുണ്ട്. മോശയും ദാവിദുമൊക്കെ അക്കൂട്ടത്തിലെ പ്രശസ്തരായ ചില കണ്ണികൾ മാത്രം… കഴിഞ്ഞ ഞായറാഴ്ച്ച നാം ധ്യാനിച്ച വചനത്തിൽ പത്രോസിനെ ഭരമേൽപ്പിച്ചു കൊണ്ട് നസ്രായൻ പറയുന്നത് എന്റെ കുഞ്ഞാടുകളെ, അജഗണത്തെ പരിപാലിക്കുന്ന ഇടയനാകാനാണ്. നീ ഒരു പുരോഹിതനാവണം, മെത്രാനാവണം, മാർപ്പാപ്പയാവണമൊന്നും നസ്രായൻ പറയുന്നില്ല. ഈ പദവികളൊക്കെയും നീ പേറുമ്പോഴും അവരെ ഭരിക്കുന്ന ഭരണാധികാരിയാവനല്ല നിന്നെ തെരെഞ്ഞെടുത്തത് മറിച്ച് അജഗണത്തിന് വേണ്ടി ജീവിക്കുന്ന ഇടയനാവനാണ്.
“എന്റെ അടുകൾ എന്റെ സ്വരം ശ്രവിക്കുന്നു. അവ എന്നെ അനുഗമിക്കുന്നു. ഞാൻ അവയ്ക്ക് നിത്യ ജീവൻ നൽകുന്നു.” ഓരോ ഇടയനും നസ്രായന്റെ ഈ ഇടയ ഹൃദയത്തിലേക്കാണ് വളരേണ്ടത്. അജഗണം ഇടയന്റെ സ്വരം ശ്രവിക്കണമെങ്കിൽ അവന്റെ സ്വരത്തിന് നസ്രായന്റെതിന് സമാനമായ കരുണയുടെ സ്വരമാവണം. അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും സ്വരം കേട്ട് ഇടവകയിലൊ, നമ്മുടെ കുടുംബങ്ങളിലൊ, നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന ഒരു അജഗണവും നമ്മെ ശ്രവിക്കാൻ പോവുന്നില്ല. നസ്രായന്റെ കരുതലും, വാത്സല്യവും നമ്മുടെ നേതൃത്വത്തിന് ഉണ്ടെങ്കിൽ മാത്രമെ നമ്മുടെ അജഗണം നമ്മെ അനുഗമിക്കുയുള്ളു … നമ്മെ ശ്രവിക്കുന്ന, അനുഗമിക്കുന്ന, അജഗണത്തെ നാം നയിക്കേണ്ടത് നിത്യജീവന്റെ പച്ചപ്പുൽതകിടിയായ നസ്രായനിലേക്കാണ്… എന്റെ ഹൃദയത്തിന് ചേർന്ന ഇടയൻമാരെ ഞാൻ നൽകും എന്ന ദൈവത്തിന്റെ വാഗ്ദാനം ഇസ്രായേൽ ജനത്തോടുള്ള വാഗ്ദാനം മാത്രമായി നാം നിജപ്പെടുത്തരുത്.
സകല മാനവരാശിക്കും വേണ്ടിയുള്ള ദൈവത്തിന്റെ വാഗ്ദാനമാണ്. തന്റെ അജഗണത്തിന്റെ നിലവിളിക്കുള്ള ഉത്തരമായി അവൻ എല്ലാ കാലങ്ങളിലും ഇടയൻമാരെ ഉയർത്തുന്നുണ്ട്. രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക, മതപരമായ മേഘലകളിൽ നമ്മെ നയിക്കുന്ന നേതാക്കൻമാരെല്ലാം ഈ ഇടയ ഹൃദയം പേറേണ്ട ഇടയൻമാരേവണ്ടവരാണ്. വഴി തെറ്റിപ്പോയതിനെ അനോഷിച്ച് പോയത് പോലെ, മുടന്തുള്ളതിനെ മാറോട് ചേർത്ത് വാത്സല്യത്തിന്റെ ചൂട് നൽകി ആശ്വസിപ്പിച്ച നസ്രായനെപ്പോലെ തന്നെത്തന്നെ മറന്ന് വഴിതെറ്റിപ്പോയതും, ദുർബലരുമായ അജഗണത്തെ നെഞ്ചോട് ചേർക്കുന്ന നസ്രായന്റെ ഹൃദയത്തിനണങ്ങിയ ഇടയൻമാരെയാണ് നമുക്കാവശ്യം. അജഗണം ശ്രവിക്കാൻ ആഗ്രഹിക്കുന്ന, അനുഗമിക്കാൻ താൽപര്യപ്പെടുന്ന നസ്രായനാകുന്ന നിത്യജീവനിലേക്ക് അജഗണത്തെ നയിക്കുന്ന നല്ലിയിടൻമാരാവാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ ഹൃദയത്തിൻ ചാരെ…