05. 06.22
യോഹ. 20:19-23
സഹായകൻ മേരിയമ്മയുടെയും പത്രോസ് പാപ്പയുടെയും മറ്റ് ശിഷ്യരുടെയുംമേൽ ഇറങ്ങി വന്നതിന്റെ ദീപ്ത സ്മരണയാണ് ഇന്ന് നാം ആഘോഷിക്കുന്നത്. സുവിശേഷത്തിൽ നാം വായിക്കുന്നത് സ്വർഗ്ഗാരോപണത്തിന് മുമ്പായി പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ എന്ന് പറഞ്ഞ് ശിഷ്യഗണത്തിന് മേൽ ആത്മാവിനെ നിശ്വസിക്കുന്ന നസ്രായനെയാണ്. പിന്നെന്തിനാണ് വീണ്ടുമൊരു ദിവസം പരിശുദ്ധാത്മാവ് ശിഷ്യഗണത്തിന്റെമേലേക്ക് വീണ്ടും കടന്ന് വരുന്നത്? ഇത് തന്നെയാണ് രക്ഷാകര ചരിത്രത്തിലെ സഹായകന്റെ പ്രസക്തിയും. പലപ്പോഴും അബ്ബായ്ക്കും നസ്രായനും താഴെയായിട്ടാണ് നാമൊക്കെ സഹായകനെ കാണാറുള്ളത്. അബ്ബായോടും നസ്രായനുമോടൊപ്പം സഹായകനും സജീവ ദൈവമാണെന്ന ബോധ്യത്തിലേക്ക് നാമൊക്കെ ഇനിയും വളരാനില്ലേ?
നസ്രായൻ നേടിയെടുത്ത നിത്യരക്ഷയുടെ സദ്വാർത്ത ലോകത്തിന്റെ അതിർത്തികളിലേക്ക്, സംസ്ക്കാരങ്ങളിലേക്ക്, ദേശാന്തരങ്ങളിലേക്കൊക്കെ എത്തിക്കുന്നത് പരിശുദ്ധാത്മാവാണ്. ജെറുസലെമിൽ പ്രാർത്ഥിച്ചിരുന്ന മേരിയമ്മയുടെയും ശിഷ്യഗണത്തിന്റെ യും മേലേക്ക് പരിശുദ്ധാത്മാവ് വരുമ്പോൾ അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റം എല്ലാ സംസ്ക്കാരങ്ങളെയും, ഭാഷകളെയും, നാടിനെയുമൊക്കെ ഉൾക്കൊള്ളാനാവുംവിധം അവരുടെ മനസ്സ് വിശാലമാക്കപ്പെടുന്നു എന്ന യാഥാർത്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പന്തക്കുസ്താ തിരുനാളിന് വന്ന യഹൂദർ പത്രോസിന്റെ പ്രസംഗം അവരരുടെ ഭാഷകളിൽ ശ്രവിക്കുന്നത് എങ്ങിനെയാണ്? വീടും, നാടും, യഹൂദ സംസ്കാരവുമൊക്കെ ഉപക്ഷിച്ച് സുവിശേഷ ദീപവുമായി ദുർബലരായി ശിഷ്യഗണം ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് യാത്രയാവുന്നത് അവരുടെ മനസ്ഥൈര്യം കൊണ്ടാണെന്നൊ, തീവ്രമായ അഗ്രഹം കൊണ്ടാണെന്നൊ കരുതാൻ വയ്യ. നസ്രായന്റെ സഭയുടെ തുടക്കവും, വളർച്ചയും, യുഗാന്തംവരെയുള്ള യാത്രയുമൊക്കെ ഈ സഹായകന്റെ കരങ്ങളിലൂടെയാണ്. ആദിമ സഭയിലൊക്കെ പ്രതിസന്ധികളുടെ മദ്ധ്യത്തിൽ നസ്രായന്റെ അനുയായികൾ സ്തുതിച്ച് പ്രാർത്ഥിച്ചിരുന്നത് സഹായകനോടാണ് കാരണം നസ്രായൻ തന്റെ സഭയെ ഭരമേൽപ്പിച്ചിരിക്കുന്നത് ഈ സഹായകനെയാണെന്ന് അവർക്ക് വ്യക്തമായി അറിയാമായിരുന്നു. പിന്നീട് എപ്പോഴൊ ഈ സഹായകനെ നാം മറന്ന് തുടങ്ങിയപ്പോഴാണ് ലോകത്തിലായിരുന്നിട്ടും, ലോകത്തിന്റെ തല്ലാത്ത സഭ ലോകത്തിന്റെതായി മാറിത്തുടങ്ങിയത്. എന്നിട്ടും സഹായകൻ ഒരു നാളും നസ്രായന്റെ മണവാട്ടിയെ കൈവിട്ടട്ടില്ല. പുരോഹിതരെയും, സന്യസ്തരെയും, അൽമായരെയും, കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിട്ട് കൊണ്ട് സഭയ്ക്ക് ദിശാബോധം നൽകാൻ, ജീവിത വിശുദ്ധിയുടെ ഗന്ധം ചാർത്തി സഹായകൻ ഉയർത്തുനുണ്ട്.
ലോകവസാനം വരെ നസ്രായന്റെ സഭ നിലനിൽക്കും എന്ന അവകാശവാദം വത്തിക്കാനിലെ സെന്റ്. പീറ്റേഴ്സ് ബസ് ലിക്കയുടെ ബലമൊ, ആഡിത്യമൊ, ഇടയൻമാരുടെയും, നേതാക്കളുടെയും കഴിവും പ്രാപ്തിയും കണ്ടിട്ടൊന്നുമല്ല മറിച്ച് ആത്മാവാണ് സഭയുടെ ജീവൻ… ആത്മാവാണ് സഭയെ നയിക്കുന്നത്. ഒരുപാട് തെറ്റുകൾക്കും ഇടർച്ചകൾക്കുമപ്പുറം നസ്രായന്റെ സഭ പ്രകാശ ഗോപുരമായി നിലനിൽക്കുന്നത് ഈ ആത്മാവിന്റെ സാന്നിദ്ധ്യം ഒന്ന് കൊണ്ട് മാത്രമാണ്. അത്മാവിനോടാപ്പമുള്ള യാത്ര തുടർന്ന് കൊണ്ട് നസ്രായനെ ലോകത്തിന് നൽകുന്ന സാക്ഷികളായി മാറാൻ നമുക്കാവട്ടെ എന്ന പ്രാർഥനയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…