ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ, Cycle A, മത്താ. 11:25-30

മത്താ. 11:25-30
“അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എൻറ്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം.” ഇതിനുമുന്പൊരിക്കലും തോന്നാത്ത ഒരാകർഷണം ഇന്ന് ഈ വചനത്തോട് തോന്നുന്നുണ്ട്. അതിജീവനത്തിൻറ്റെ ഈ നാളുകളിൽ തളർന്നു തുടങ്ങി എന്ന് തോന്നുന്നുണ്ടോ? സുരക്ഷിതമെന്ന് കരുതിയ ചുറ്റുപാടുകളിലൊക്കെയും അരക്ഷിതത്തിൻറ്റെ ആവലാതികൾ നിറഞ്ഞുനിൽക്കുന്നുണ്ട്… പൂട്ടിക്കിടക്കുന്ന ആരാധനാലയങ്ങളെ നോക്കി, തളരുന്നവരെ താങ്ങാൻ നസ്രായനെവിടെ എന്ന് ചോദിക്കുന്നവരുണ്ട്…
ആരാധനാലയങ്ങൾ പൂട്ടപ്പെടുമ്പോൾ ഒള്ളിൽപെട്ടുപോകുന്നവനല്ലല്ലോ നസ്രായൻ… നിരാശയുടെ കല്ലറയിൽ എന്നന്നേക്കുമായി മുദ്രകുത്തി അവനെ സംസ്കരിച്ചവരൊക്കെ പ്രത്യാശയുടെ മൂന്നാംപക്കം പ്രതീക്ഷിച്ചിരുന്നില്ല… അവൻ കല്ലറയ്ക്കു വെളിയിലാണ്… പകൽ മേഘസ്തംഭമായും രാത്രിയിൽ അഗ്നിഗോളമായുമൊക്കെ ഇസ്രായേൽ ജനത്തിൻറ്റെ കൂടെ നടന്നവൻ, മരണത്തോട് മല്ലിടുന്ന നമ്മുടെ സഹോദരങ്ങളുടെ ചാരെ അവരോടൊപ്പം അവനും സഹിക്കുന്നുണ്ട്… രാപകൽ അധ്വാനിക്കുന്ന ആരോഗ്യപ്രവർത്തകരുടെ തളരുന്ന കരങ്ങളെ അവൻ താങ്ങുന്നുണ്ട്… അതിജീവനത്തിൻറ്റെ ഈ നാളുകൾ നസ്രായനോട് ചേർന്ന് നിന്ന്, നമ്മുടെ ഭാരങ്ങൾ അവന് ഭരമേല്പിച്ചു പ്രത്യാശയുടെ പൊന്പുലരിക്കായി പ്രാർത്ഥിക്കാം…