ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ, Cycle B, മാർക്കോ . 7:31-37

മാർക്കോ . 7:31-37
നസ്രായന്റെ അത്ഭുതങ്ങൾ രേഖപ്പെടുത്താനല്ല സുവിശേഷങ്ങൾ എഴുതപ്പെട്ടത്. എങ്കിലും സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയ അത്ഭുതങ്ങളൊക്കെയും നസ്രായന്റെ അനുകമ്പാർദ്രമായ ഹൃദയത്തിന്റെ കയ്യൊപ്പ് പേറിയവയായിരുന്നു. ഇന്നത്തെ സുവിശേഷത്തിൽ അത്തരമൊരു അനുകമ്പാർദ്രമായ നിമിഷത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. മുകനും ബധിരനുമായ ഒരു വ്യക്തിയെ നസ്രായൻ സുഖപ്പെടുത്തുകയാണ്. തന്റെ കൈകൾ ആ വ്യക്തിയുടെ കർണ്ണപുടത്തിലേക്ക് കടത്തി, അയാളുടെ നാക്കിനെ സ്പർശിച്ച് അതിന്റെ കെട്ടഴിച്ച്, സൗഖ്യത്തിലേക്ക്, ആ മനുഷ്യനെ വഴി നടത്തുകയാണ്. വചനം കൊണ്ട് സർവ്വ പ്രപഞ്ചവും സൃഷ്ടിച്ചവൻ ‘തുറക്കപ്പെടട്ടെ ‘ എന്ന് മൊഴിയുമ്പോൾ, അവന്റെ കുറവുകളിലേക്ക് നസ്രായന്റെ പൂർണ്ണത കടന്ന് വരുകയാണ്. നസ്രായന്റെ കരുണാർദ്രമായ ഒരു നോട്ടമൊ, വിചാരമൊ മാത്രം മതിയായിരുന്നു ആ വ്യക്തിക്ക് സൗഖ്യം നൽകാൻ എന്നിട്ടും അവന്റെ കുറവുകളെ തന്റെ കരങ്ങൾ കൊണ്ട് സ്പർശിച്ചാണ് നസ്രായൻ സൗഖ്യം നൽകുന്നത്.
രക്ഷാകര ചരിത്രത്തിലെ മനോഹരമായ ഏടുകളാണ് ഈ നിമിഷങ്ങൾ നമുക്ക് സമ്മാനിക്കുന്നത്. പരിശുദ്ധാത്മാവിന്റെ ആലയങ്ങളാവേണ്ട മനുഷ്യ ശരീരങ്ങൾ പാപത്തിന്റെ ബന്ധനത്താൽ ഇടർച്ചയുടെ ഇടങ്ങളായപ്പോൾ നസ്രായനിലൂടെ ദൈവം നമ്മെ തൊടുകയാണ്. പാപത്താൽ വ്രണിതമായ മാനവരാശിയെ തൊടാൻ മടികാണിച്ച്, അറച്ച് നിൽക്കുന്ന ദൈവപുത്രനെയല്ല മറിച്ച് ആ വ്രണങ്ങളെ സ്പർശിച്ച്, ആ വ്രണങ്ങൾക്ക് കാരണമായ പാപഭാരത്തെ ഏറ്റെടുക്കുന്ന ദൈവപുതന്റെ സ്നേഹസാക്ഷ്യമാണ് സുവിശേഷങ്ങൾ നമ്മോട് പങ്ക് വയ്ക്കുന്നത്.
ഇന്ന് സുവിശേഷത്തിൽ നാം കണ്ട് മുട്ടുന്ന ബധിരനും മൂകനുമായ വ്യക്തിയെപ്പോലെ ചില കുറവുകൾ പേരുന്നവരാണ് നാം ഓരോരുത്തരും. ഈ കുറവുകളൊന്നും നമ്മെ അപകർഷതാ ബോധത്തിലേക്കൊ, പിറുപിറുപ്പിന്റെ ആത്മീയതയിലേക്കൊ നയിക്കരുത്. നസ്രായനെ നമ്മുടെ ആന്തരിക ജീവിതത്തിലേക്ക് നാം സ്വാഗതം ചെയ്ത്, അവന്റെ സ്പർശം നാം അനുഭവിക്കുമ്പോൾ നമ്മുടെ കുറവുകളൊക്കെയും നിറവുകളാവും. തന്റെ കുറവുകളാൽ ഒരു പാട് ബുദ്ധിമുട്ട് അനുഭവിച്ച വ്യക്തിയെയാണ് സുവിശേഷം നമുക്ക് പരിചയപ്പെടുത്തുന്നത്. എന്നാൽ ആ കുറവുകളാണ് ദൈവാനുഭവത്തിന്റെ കിളി വാതിൽ ആ വ്യക്തിക്ക് തുറന്ന് കൊടുക്കുന്നത്. തന്റെ കുറവുകളെ പ്രതി ഒരുപാട് അസ്വസഥനായ വ്യക്തിയാണ് പൗലോസ് ശ്ലീഹാ . നസ്രായൻ അവനോട്, നിനക്കെന്റെ കൃപ മതി ‘ എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ട് . ഈ കൃപയെ അനുഭവിച്ചറിയുന്ന പൗലോസ് പറയുന്നുണ്ട്, ‘ ബലഹീനനായിരിക്കുമ്പോഴാണ് ഞാൻ ശക്തനായിരിക്കുന്നത്.’ നമ്മുടെ കുറവുകളിലേക്ക് നസ്രായൻ വർഷിച്ച നർമകളെ ലോകത്തോട് പ്രഘോഷിച്ചു കൊണ്ട് നമ്മുടെ ജീവിതയാത്ര തുടരാം… ഒത്തിരി സ്നേഹത്തോടും പ്രാർത്ഥനയോടും നസ്രായന്റെ ചാരെ …