ആണ്ടുവട്ടത്തിലെ മുപ്പത്തിയൊന്നാം ഞായർ, Cycle A, മത്താ.23:1-12

നാം പറയുന്ന വാക്കുകകളും ചെയ്യുന്ന പ്രവൃത്തികളും തമ്മിലുള്ള ഐക്യവും സാദൃശ്യവുമാണ് നമ്മുടെ ആത്മീയതയെ നിർവചിക്കുക. പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവൃത്തികളും തമ്മിൽ താദാത്മ്യം ഇല്ലാതെ വരുമ്പോഴാണ് നാമൊക്കെ മുഖം മൂടികളണിഞ്ഞ പൊയ്മുഖങ്ങളായി മാറുന്നത്. ഈ മുഖം മൂടികൾ എന്നന്നേക്കുമായി ഉപേക്ഷിച്ച് നാമൊക്കെ പ്രഘോഷിക്കുന്നത് പ്രവൃത്തി പഥത്തിൽ കൊണ്ട് വരുന്ന വ്യക്തിത്വങ്ങളാവാനാണ് സുവിശേഷം നമ്മെ ക്ഷണിക്കുക. മുഖം മൂടികൾ അണിഞ്ഞ് പൊള്ളത്തരത്തിന്റെതായ ജീവിതം നയിക്കാനുള്ള പ്രലോഭനം മാനവരാശിക്ക് എക്കാലത്തും ഉണ്ടായിട്ടുണ്ട്. നസ്രായന്റെ കാലഘട്ടത്തിലെ വലിയ മൂല്യച്യുതിയും ഇത് തന്നെയായിരുന്നു. അന്നത്തെ മതനേതാക്കളായ ഫരിസേയരും നിയമഞ്ജരുമൊക്കെ പൊള്ളത്തരവും കപടതകളും നിറഞ്ഞ ജീവിതരീതിയായിരുന്നു നയിച്ചത്. മോശയിലൂടെ നൽകപ്പെട്ട കൽപനകളും, പ്രവാചക ഗ്രന്ഥങ്ങളെയുമെല്ലാം ജനങ്ങൾക്ക് വേണ്ടി ആധികാരികമായി ഇവർ പഠിപ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിരുന്നു. എന്നാൽ ദൈവവചനത്തിന്റെ സത്ത ഉൾക്കൊള്ളാതെ അധരാഭ്യസങ്ങളും പൊള്ളയായ ജൽപ്പനങ്ങളും മാത്രമായിരുന്നു അവരുടെ പ്രവർത്തനങ്ങൾ.

ആതമാവിനാൽ നയിക്കപ്പെടുന്ന ഓരോ ഗുരുവും തന്നെ ഭരമേൽപ്പിച്ചിട്ടുളളവരെ അബ്ബായിലേക്ക് നയിക്കുന്ന ചൂണ്ട് പലകയായി മാറാനാണ് ശ്രമിക്കുക. എന്നാൽ ഫരിസേയരും നിയമജ്ഞരും ഇസ്രായേൽ ജനത്തെ തങ്ങളിലേക്ക് ആകർഷിച്ച് അവരുടെ ബഹുമാനവും ശ്രദ്ധയും പിടിച്ച് പറ്റാനാണ് ശ്രമിച്ചിരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് തങ്ങളുടെ നെറ്റിപ്പട്ടയുടെ വീതിയും, തൊങ്ങലകളുടെ നീളവും അവർ കൂട്ടിയിരുന്നത്. തങ്ങൾ സാധാരണ വിശ്വാസികളല്ല മറിച്ച് ദൈവസന്നിധിയിൽ സവിശേഷമായസ്ഥാനം അലങ്കരിക്കുന്നവരാണെന്ന കാണിക്കാനുള്ള വ്യഗ്രതയായിരുന്നു ഇതിന് പിന്നിൽ. അതോടൊപ്പം റബ്ബീ എന്ന് വിളിക്കപ്പെടാനും, സിനഗോഗുകളിൽ സവിശേഷമായ സ്ഥാനവും, വഴി മദ്ധ്യേ മറ്റുള്ളവരുടെ അഭിവാദനം ആഗ്രഹിക്കുന്നതുമൊക്കെ ഈ ആത്മീയ കപടതയുടെ ബാഹ്യപ്രകടനങ്ങൾ മാത്രമായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് നസ്രായൻ തന്റെ ശിഷ്യഗണത്തിന് ചില ഉള്ളറിവുകൾ പകർന്നു നൽകുന്നത്. റബ്ബീ എന്ന് വിളിക്കപ്പെടാനും, പരസ്യമായ അഭിസംബോധനകളും, സവിശേഷമായ സ്ഥാനവും ആഗ്രഹിക്കുന്നതിൽ നിന്നുമൊക്കെയുള്ള രൂപാന്തരം. നസ്രായനെ അടുത്തനുഗമിക്കുന്ന ഓരോ ശിഷ്യനും ഒരു ഗുരുവേയുള്ളു. അത് നസ്രായൻ മാത്രമാണ്. ഈ ഗുരുവിന്റെ പാതയടികൾ പിന്തുടരുവാനും, മറ്റുളളവരെ നസ്രായനാവുന്ന വഴിയിലേക്ക്, സത്യത്തിലേക്ക്, ജീവനിലേക്ക് നയിക്കുവാനും നമുക്കാവണം. അത് പോലെ അബ്ബാ എന്ന് നാം വിളിക്കേണ്ടത് അമ്മയുടെ ഉദരത്തിൽ നമുക്ക് രൂപം നൽകി, പരിപാപിക്കുന്ന സ്വർഗസ്ഥനായ അബ്ബായെ മാത്രമാണ്. നേതാവിന്റെ സ്ഥാനം അണിയാൻ ആഗ്രഹിക്കുന്നവൻ തിരിച്ചറിയേണ്ടത് നസ്രായൻ മാത്രമാണ് ഏകനേതാവ് എന്ന യാഥാർത്ഥ്യമാണ്. നസ്രായൻ പങ്ക് വച്ച ഈ കാര്യങ്ങളൊക്കെ മാനുഷികമായി ചിന്തിക്കുകയാണെങ്കിൽ അസാധ്യം തന്നെയാണ്. ആരാണ് മറ്റുള്ളവരുടെ ബഹുമാനവും, സവിശേഷമായ അഭിസംബോധനയും ആദരവുമൊക്കെ ആഗ്രഹിക്കാത്തത്? നമുക്കൊക്കെ ഈ മനോഭാവത്തിലേക്ക് വളരാൻ കഴിയുക നസ്രായന്റേത് പോലുള്ള ശിശ്രൂഷാ മനോഭാവത്തെ ജീവിതത്തിന്റെ ഭാഗമാക്കുമ്പോഴാണ്. ഏറ്റവും വലിയവൻ എല്ലാവരുടെയും ശിശ്രുഷകനും അങ്ങനെ താനെന്ന ഭാവത്തെ മാറ്റി നിറുത്തി, സ്വയം താഴുവാൻ തയ്യാറാവുമ്പോഴാണ് ആത്മീയ കപടതയുടെ പുറംതോടുകൾ തച്ചുടച്ച് നസ്രായനെ നാം സ്വന്തമാക്കുന്നതും, നസ്രായനെ ഈ ലോകത്തിന് നൽകുവാൻ നമുക്കാവുന്നതും. നസ്രായൻ നമ്മുടെ അധരങ്ങളിലും പ്രവൃത്തികളിലും നിറയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ച് കൊണ്ട്… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…