ആഗമനകാലം രണ്ടാം ഞായർ, Cycle C, ലൂക്കാ. 3:1-6

ലൂക്കാ. 3:1-6
“കർത്താവിന് വഴി ഒരുക്കുവിൻ അവന്റെ പാത നേരെയാക്കുവിൻ… ” രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് നസ്രായന്റെ വരവിന് മുന്നോടിയായി തീക്ഷണത നിറഞ്ഞ ഒരു മനുഷ്യൻ ‘സ്നാപകൻ ‘ വിളിച്ച് പറഞ്ഞ വാക്കുകളാണിവ… രണ്ടായിരം വർഷങ്ങൾക്കുമപ്പുറം 2021 ലും ഈ വാക്കുകൾ നമ്മുടെ ഹൃദയങ്ങളെ അസ്വസ്തപ്പെടുത്തുന്നുണ്ട്. ഏറ്റവും ബുദ്ധിമുട്ടേറിയ യാത്രയെന്ന് പറയുന്നത് ഒരുവന്റെ ഉള്ളിലേക്കുള്ള യാത്രയാണ്. ഈ ആഗമനകാലം എന്നെയും നിങ്ങളെയും ക്ഷണിക്കുന്നത് ഏറ്റവും കഠിനമായ ഉള്ളിന്റെ ഉള്ളിലേക്കുള്ള യാത്ര നടത്താനാണ്. ഇല്ലാത്ത തിരക്കുകളും പരിപാടികളുമൊക്കെ സൃഷ്ടിച്ച് നാമൊക്കെ സദാ കർമ്മ നിരതരായിരിക്കുന്നത് നമ്മുടെ തന്നെ ആന്തരിക മനുഷ്യനെ അഭിമുഖീകരിക്കാനൊ നവീകരിക്കാനൊ ഉള്ള മടികൊണ്ടല്ലേ? ശാന്തമായിരുന്നാൽ നമ്മുടെ ഉള്ളിലെ ശുന്യതയുടെ താഴ് വരകളും , അഹങ്കാരത്തിന്റെ കൊടുമുടികളും, കപടതയുടെ വളഞ്ഞ വീഥികളും, കാരുണ്യം വറ്റിയ പരുക്കൻ പ്രതലങ്ങളോടുമൊക്കെ എന്ത് സമാധാനമാണ് പറയുക?
ആരാധന വേളയിൽ ശാന്തമായി പ്രാർത്ഥിക്കാനുള്ള സമയം കൊടുക്കണമെന്നൊക്കെ പണ്ട് സന്യാസ ശ്രേഷ്ഠർ പറയുമ്പോൾ അത് വേണ്ടേ എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. മുഴുവൻ ആരാധന സമയവും സമ്പൽ സമൃദ്ധമായ സംഗീതവും കൈയടികളുമൊക്കെയായി മാറ്റിയിട്ടും നമ്മുടെയൊക്കെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാത്തത് ഒരു പക്ഷേ ഈ അന്തരിക മനുഷ്യനെ പോരായ്മകളോടും, അവശ്യങ്ങളോടും കൂടെ നാമൊക്കെ തിരിച്ചറിയാത്തത് കൊണ്ടല്ലേ?
അനുതാപത്തിന്റെ സ്നാനം സ്വീകരിക്കാൻ നമ്മുടെ ഇടയിലുണ്ടായിട്ടുള്ള വിമുഖതയ്ക്ക് കൊറോണയെ മാത്രം പഴിചാരുന്നതിനോട് യോജിപ്പില്ല … അനുരജ്ഞന കൂദാശയുടെ ആത്യന്തികമായ ലക്ഷ്യം പാപങ്ങളുടെ മോചനം മാത്രമല്ല മറിച്ച് ആത്മാമിന്റെ ചൈതന്യതാൽ പുതിയ മനുഷ്യനായി മാറുക എന്നതാണ്. വൈദികൻ ഉച്ചരിക്കുന്ന പാപമോചന പ്രാർത്ഥനയ്ക്ക് സസൂക്ഷ്മം കാത് കുർപ്പിക്കുകയും, എന്നാൽ ആത്മാർത്ഥമായ
അനുതാപത്തിലൂടെ ജീവിതത്തിൽ വരുത്തേണ്ട മാറ്റം പലപ്പോഴും പള്ളിയിൽ തന്നെ നിക്ഷേപിച്ച് സഭയോടും ക്രിസ്തുവിനോടുമുള്ള കടമ പൂർത്തിയാക്കി എന്ന മട്ടിൽ പഴയ ജീവിതം വലിയ മാറ്റങ്ങളൊന്നുമില്ലാതെ നാം മുന്നോട്ട് കൊണ്ട് പോകുന്നു…
ക്രിസ്തുമസിന് വേണ്ടി എന്തൊക്കെ ബാഹ്യമായ ഒരുക്കങ്ങളാണ് നാമൊക്കെ നടത്തുക? ലോകത്ത് ഒരാഘോഷത്തിനും ഇത്രയും മുന്നോരുക്കങ്ങൾ നടക്കാറില്ല … പുൽക്കുടൊരുക്കാൻ തന്നെ എത്രമാത്രം കാര്യമാണ് മുൻകൂട്ടി നാം തയ്യാറാക്കുന്നത്? പക്ഷേ ഹൃദയത്തിൽ പുൽക്കുടൊരുക്കാൻ നാമൊക്കെ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടോ? ആഗമന കാലത്ത് അറിഞ്ഞ് കൊണ്ട് നാം ചെയ്യുന്ന ത്യാഗങ്ങൾക്കൊക്കെ വലിയ വിലയുണ്ടെന്ന് കരുതുന്നു. കാരണം തിരക്കുകളിൽ പെട്ട് നട്ടം തിരിയുന്ന നമ്മുടെ ജീവിതങ്ങൾക്ക് നസ്രായനെ സ്വീകരിക്കുന്നതിന് വേണ്ടിയുള്ള ഓർമ്മപ്പെടുത്തലാവാൻ പോവുന്നത് ഈ കൊച്ച് ത്യാഗങ്ങളാവാം…. നമ്മുടെ ഉള്ളിലെ ശൂന്യതകളെയും, അഹങ്കാരങ്ങളെയും, കപടതകളെയുമൊക്കെ നാം നേരിടേണ്ടത് തുറവിയോടെ അവന്റെ വചനത്തെ ധ്യാനിച്ച് കൊണ്ടും, ഈ ഏറ്റക്കുറച്ചിലുകളെ അവന്റെ കൃപയാൽ പരുവപ്പെടുത്തി കൊണ്ടുമാത്രമാണ് … സ്നാപകന്റെ വാക്കുകൾ അനുതാപത്തിന്റെ സ്നാനം സ്വീകരിച്ചുകൊണ്ട്, നമ്മുടെ ആന്തരികതയെ അഭിമുഖീകരിക്കാനും, നവീകരിക്കുവാനുള്ള, കൃപയും നൽകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നസ്രായന്റെ ഹൃദയത്തിൻ ചാരെ ….