തപസ്സുകാലം ഒന്നാം ഞായർ, Cycle C, ലൂക്കാ .4:1-13

ലൂക്കാ .4:1-13
നസ്രായൻ മരുഭൂമിയിൽ ചിലവഴിച്ച നാല്പത് ദിനരാത്രങ്ങളുടെ ഓർമ്മ ദിനങ്ങൾ… വീണ്ടുമൊരു നോയമ്പ് കാലം. നസ്രായന്റെ ശിഷ്യരെ സംബന്ധിച്ചടുത്തോളം ആത്മീയ ഉത്സവത്തിന്റെ നാളുകളായിരിക്കണം ഈ ദിനങ്ങൾ. നമ്മുടെ മണവാളനായ നസ്രായനിലേക്ക്, അവന്റെ ആത്മീയതയിലേക്ക്, ആന്തരികതയിലേക്ക് വളരാനുള്ള പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും ദിനങ്ങൾ. മരുഭൂമിയിലെ നസ്രായന്റെ പരീക്ഷണ ദിനങ്ങളെ ധ്യാനിക്കാനാണ് വചനം നമ്മെ ക്ഷണിക്കുന്നത്. നമ്മെപ്പോലെ എല്ലാ വിധത്തിലും പരീക്ഷക്കപ്പെട്ടു എന്ന വചനം അവനിൽ നിറവേറുകയാണ്. ആദ്യത്തെ ആദവും, പഴയ ഇസ്രായേലും പരീക്ഷണങ്ങളുടെ ദിനങ്ങളിൽ അമ്പേ പരാജയപ്പെടുന്നുണ്ട്. ഏദൻ തോട്ടത്തിലെ വിലക്കപ്പെട്ട കനിയും, സീനായ് മരുഭൂമിയിലെ ഇസ്രായേൽ ജനതയുടെ നാല്പത് സംവത്സരങ്ങളും നമ്മോട് പങ്ക് വയ്ക്കുന്നത് പരീക്ഷണങ്ങളിൽ പരാജയപ്പെട്ടവരുടെ കഥകളാണ്. മാനവരാശിയുടെ വീഴ്ചകമൊക്കെയും അവന്റെ പലതരത്തിലുള്ള വിശപ്പുകളുമായി ബന്ധപ്പെട്ടാണ്. ഏറ്റവും വലിയ വിശപ്പ് ദൈവത്തിന് വേണ്ടിയുള്ളതാണെന്ന സത്യം അവൻ തിരിച്ചറിയുന്നില്ല എന്നതാണ് മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രലോഭനം.
നവ മാനവികതയുടെ പ്രതിനിധിയായ നസ്രായനിൽ, മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ദൈവത്തിന്റെ വചനം കൊണ്ട് കൂടിയാണ് ജീവിക്കുന്നത് എന്ന ഓർമ്മപ്പെടുത്തലിലേക്കാണ് നമ്മെ നയിക്കുന്നത്. പ്രലോഭകൻ എത്ര തന്ത്ര ശാലിയാണ്. ഓരോരുത്തരുടെയും വിശപ്പ് എന്താണെന്ന് ആ വ്യക്തിയെക്കാൾ മികച്ചതായി അവൻ മനസ്സിലാക്കി, ആ വിശപ്പിനെ ആ വ്യക്തിയുടെ വീഴ്ചയാക്കി മാറ്റുന്നതിൽ അവനോളം സമർത്ഥനയി വേറെയാരുണ്ട്?
പ്രലോഭകന്റെ രണ്ടാമത്തെ തന്ത്രം അവന്റെ അസ്ഥിത്വവുമായി ഏറ്റവും അടുത്ത് നിൽക്കുന്ന ഒന്നാണ്. സർവ്വ പ്രപഞ്ചവും അതിന്റെ മഹത്വവും അധികാരവുമെല്ലാം അവന്റെതാണെന്ന നുണയുമായാണ് അവൻ കടന്ന് വരുന്നത്. അവന്റെ ഒരേയൊരു ആവശ്യം സ്നേഹപിതാവായ ദൈവത്തെ മറന്ന് അവനെ ആരാധിക്കണം. അതിന് അവൻ നൽകുന്ന പൊള്ളയായ വാഗ്ദാനങ്ങൾ എല്ലാ കാലങ്ങളിലും ഒരു പാട് പേരെ ഇടർച്ചയിലേക്ക് നയിച്ചിട്ടുണ്ട്. മാനവരാശി തന്റെ സൃഷ്ടാവായ ദൈവത്തെ മാത്രമെ ആരാധിക്കാവൂ എന്ന തിരിച്ചറിവ് വചനം ഉച്ചരിച്ച് കൊണ്ട് നസ്രായൻ പകർന്ന് നൽകുകയാണ്. അവൻ നൽകുന്ന ക്ഷണികമായ മഹത്വത്തിനും, അധികാരത്തിനും പിറകെ പാഞ്ഞ് തങ്ങളുടെ സ്വർഗസ്ഥനായ പിതാവിനെ തള്ളിപ്പറഞ്ഞ് തങ്ങളുടെ ആത്മാവിനെ അവനെ അടിയ വയ്ക്കുന്നവരുടെ എണ്ണം ഈ കാലഘട്ടത്തിൽ വർദ്ധിക്കുന്നുണ്ടല്ലൊ…
ഒന്നാമത്തെയും മൂന്നാമത്തെയും പ്രലോഭനത്തിൽ പ്രലോഭകൻ നസ്രായനോട് സംസാരിച്ച് തുടങ്ങുന്നത് തന്നെ: ‘ നീ ദൈവ പുത്രനാണെങ്കിൽ…’ എന്ന സംശയ ഭാവത്തോടെയാണ്. ജോർദ്ധാൻ നദിയിലെ സ്നാന വേളയിൽ പിതാവ് സാക്ഷ്യപ്പെടുത്തുന്ന യാഥാർത്ഥ്യം നസ്രായൻ ദൈവപുത്രനാണെന്നുള്ളതാണ്. യാഥാർത്ഥ്യത്തെ എത്ര മനോഹരമായാണ് പ്രലോഭകൻ സംശയ നിഴലിലാഴ്ത്തുന്നത്. മാത്രമല്ല മൂന്നാമത്തേത് പ്രലോഭനമായി കരുതാൻ തന്നെ പ്രയാസമാകുന്ന വിധത്തിലാണ് അവതരിപ്പിക്കുന്നത്, അതും തൊണ്ണൂറ്റി ഒന്നാം സകീർത്തനം അവസരോചിതമായി വളച്ചൊടിച്ച്… ജെറുസലെം ദേവാലയത്തിന്റെ മുകളിൽ നിന്ന് ചാടി, ദൈവ സംരക്ഷണയെ പരീക്ഷിക്കുക… ദൈവ സ്നേഹ നിറവിനെ തൊട്ടറിയുന്ന നസ്രായന് ദൈവ സ്നേഹം പരീക്ഷിച്ചറിയേണ്ട ഒന്നല്ല. അനാദിയിലെ ആ സ്നേഹ നിറവ് അനുഭവിക്കുന്നവനാണ് നസ്രായൻ. ആ സ്നേഹ നിറവിലേക്ക് നമ്മെ കൂട്ടികൊണ്ട് പോവാനല്ലേ നസ്രായൻ നമ്മിലൊരുവനായത്.
പ്രലോഭകൻ വിടവാങ്ങുകയാണ്.പക്ഷെ അവനറിയാം ഇനി ഏത് വിശപ്പനുഭവിക്കുമ്പോഴാണ് തിരിച്ച് വരേണ്ടതെന്ന് … ഗത്സമനിൽ, ജീവിതത്തിനും, കുരിശ് മരണത്തിനുമിടയിലെ അവന്റെ ആത്മ സംഘർഷങ്ങളിൽ… അനുസരണ കേടിലൂടെ പിതാവ് നൽകിയ പാനപാത്രം തട്ടിയകറ്റാൻ, പിതാവിന്റെ ഹിതമല്ല, എന്റെ ഹിതം നിറവേറട്ടെ എന്ന കഠിനമായ വാക്കുകളുമായി പ്രലോഭകൻ കടന്ന് വരുന്നുണ്ട്. അങ്ങനെ ആദവും, ഇസ്രായേലും ഇടറിയ വീഥിയിൽ ക്രൂശിതനായ ക്രിസ്തു അബ്ബായ്ക്ക് പ്രീതികരമായ അനുസരണമാവുകയാണ്. ക്രൂശിത രൂപം പ്രലോഭകനെ ഇത്രമാത്രം പേടിപ്പിക്കുന്നത് അവന്റെ നിത്യമായ പരാജയത്തിന്റെ ഓർമ്മപ്പെടുത്തലായതു കൊണ്ടാവണം.
നമ്മുടെ വിശപ്പുകളെ തിരിച്ചറിഞ്ഞ്, അധികാരത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള ബലഹീനതകളെ മുതലെടുത്ത്, സംശയത്തിന്റെ നിഴലിലാക്കി അബ്ബായെ പരീക്ഷിക്കാനുള്ള പ്രേരണയുമായി അവൻ ഇനിയും നമ്മെത്തേടി വരും. നസ്രായന് വേണ്ടിയുള്ള വിശപ്പ്, അവന്റെ വചനത്തോടുള്ള നമ്മുടെ തീക്ഷണത, അബ്ബായോടുള്ള ആത്മബന്ധം ഇവയിൽ വേരൂന്നി നസ്രായനെപ്പോലെ നമുക്കും പ്രലോഭകനെ നേരിടാൻ നമുക്കാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്… നസ്രായന്റെ ഹൃദയത്തിൻ ചാരെ…