മാർക്കോ. 14:12-16, 22-26
ഇന്ന് ദിവ്യകാരുണ്യത്തിന്റെ തിരുനാൾ. തന്നെത്തന്നെ സ്വയം പകുത്ത് നൽകുന്ന നസ്രായന്റെ സ്വയം ദാനത്തിന്റെ സജീവ സ്മരണയാണ് ഈ തിരുനാൾ. ഭൂതകാലത്തിൽ കഴിഞ്ഞ് പോയ ഒരു സംഭവത്തിന്റെ ദീപ്ത സ്മരണയല്ല ഇന്ന് നാം ഈ തിരുനാളിൽ ആഘോഷിക്കുന്നത്. മറിച്ച് ഓരോ നിമിഷവും സ്വയം മുറിക്കപ്പെട്ട്, പങ്ക് വയ്പിലൂടെ പ്രപഞ്ചം മുഴുവൻ നിറയുന്ന നിസ്വാർത്ഥ സ്നേഹത്തിന്റെ നേർസാക്ഷ്യമാണ് ഈ തിരുനാൾ. എന്തുകൊണ്ട് തന്റെ തിരു- ശരീരരക്തങ്ങൾ തന്നെ, കാഴ്ചയായി, കാൽവരിയിലെ ബലിവേദിയിൽ, രക്തരൂക്ഷിതമായ ബലിയായി നസ്രായന് സമർപ്പിക്കേണ്ടി വന്നു?
ഈ ചോദ്യത്തിനുള്ള ഉത്തരം ഇസ്രായേൽ ജനതയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ആബേലിന്റെയും, വിശ്വാസി ളുടെ പിതാവായ അബ്രഹാമിന്റെയുമൊക്കെയുള്ള ബലികളെക്കുറിച്ചുള്ള പ്രതിപാദനം ഉത്പത്തി പുസ്തകത്തിലുണ്ട്. പിന്നെ മോശയിലൂടെ ഈ ബലികൾക്കൊക്കെ ചിട്ടയും, ക്രമങ്ങളൊക്കെ വരികയാണ്. എന്നിരുന്നാലും ഈ ബലികൾക്കൊന്നും മനുഷ്യനെ പരിപൂർണ്ണമായി അബ്ബായുമായി രമ്യതപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ബലിയായി അർപ്പിക്കുന്ന മൃഗത്തിന്റെ രക്തത്തിനെങ്ങിനെയാണ് മനുഷ്യന്റെ പാപങ്ങൾക്കുള്ള മോചനദ്രവ്യമാവാൻ കഴിയുന്നത്? അത് പോലെ പാപ പങ്കിലമായ കരങ്ങളുള്ള ബലഹീനനായ പുരോഹിതന് എങ്ങിനെയാണ് പരിപൂർണ്ണമായ ഒരു ബലി അർപ്പിക്കാനാവുക? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് താൻ തന്നെ ബലിവസ്തുവും ബലിയർപ്പകനുമായ നസ്രായന്റെ രക്തരൂക്ഷിത ബലിക്കുള്ള ഉത്തരവും.
ഇത് നസ്രായന്റെ ബലിയുടെ ഒരു ഭാഗം മാത്രമാണ്. എല്ലാ ബലിയർപ്പണത്തിലും ബലിവസ്തു പരിപൂർണ്ണമായി നിഹനിക്കപ്പെടുന്നുണ്ട്. എന്നാൽ ഒരോയൊരു ബലിയിൽ മാത്രം ബലിവസ്തു നിഹനിക്കപ്പെട്ടെങ്കിലും സ്വയം ഉയർത്ത്, ജീവന്റെ നീരുറവയായി മാറുന്നു. “എന്റെ ശരീരം ഭക്ഷിക്കുകയും, എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ നിത്യം ജീവിക്കും,” എന്ന നസ്രായന്റെ വാക്കുകൾ മരണത്തിനുമപ്പുറം നമ്മെ നിത്യ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തുന്ന യാഥാർത്ഥ്യങ്ങളാണ് നസ്രായന്റെ തിരു-ശരീര രക്തങ്ങളെന്ന സത്യത്തിലേക്കാണ് നമ്മെ നയിക്കുന്നത്.
പരിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാമൊക്കെ നസ്രായനെപ്പോലെ പരിശുദ്ധ കുർബ്ബാനയായി നമ്മെത്തന്നെ പങ്ക് വച്ച് നൽകുന്ന സ്നേഹമായിത്തീരാൻ കഴിയണം. അടുത്തിടെ നമ്മിൽ നിന്ന് വേർപിരിഞ്ഞ ചെറിയാനച്ചനെക്കുറിച്ചുള്ള ഓർമ്മകൾ ഇന്നും സജീവമായി നമ്മിൽ നിലകൊള്ളുന്നത് പരിശുദ്ധ കുർബ്ബാനയു ആത്മീയത തന്റെ ജീവിതത്തിലുടനീളം ജീവിച്ചതു കൊണ്ടാണ്. ആധികമാരുമറിയാതെ തന്റെ വൃക്ക അപരിചിതയായ ഒരു സഹോദരിക്ക് നൽകി, ആ മഹാദാനത്തിന്റ പേരിനൊ, പ്രശസ്തിക്കൊപോലും കാത്ത് നിൽക്കാതെ, നന്ദി നിർഭരമായ ഹൃദയത്തോടെ, നല്ലൊരിടയനായി, അൾത്താരയെ ഉപാസിച്ച്, നസ്രായന്റെ സുഗന്ധം പരത്തി കടന്ന് പോയവൻ. നസ്രായന്റെ തിരുശരീരത്തിന്റെയും തിരുരക്തത്തിന്റെയും തിരുനാൾ, തന്നെത്തന്നെ സ്വയം പകുത്ത് നൽകുന്ന നസ്രായന്റെ ആത്മീയതയിലേക്ക് നമ്മെയും വളർത്തട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്… തിരുഹൃദയത്തിൻ ചാരെ…