മത്താ. 17:1-9
ഇന്ന് നസ്രായന്റെ രൂപാന്തരീകരണ തിരുനാളാണ്. എന്തുകൊണ്ട് ഈ രൂപാന്തരീ കരണാനുഭവം നസ്രായന്റെ ജീവിത യാത്രയിലെ സുപ്രധാന മുഹൂർത്തമായി മാറിയത്? ഈ ഒരു സംഭവം കുറച്ചെങ്കിലുമൊക്കെ നാടകീയമായിപ്പോയി എന്ന് തോന്നിയിട്ടില്ലേ? പരിപൂർണ്ണ മനുഷ്യനും, ദൈവ പുത്രനുമായിരുന്ന നസ്രായന് തന്റെ ദൗത്യത്തെക്കുറിച്ച് പരിപൂർണ്ണമായ അറിവ് ഉണ്ടായിരുന്നു എന്ന് പലപ്പോഴും വിചാരിച്ചിട്ടുണ്ട്… പിന്നീട് ദൈവശാസ്ത്ര പഠന വേളയിലാണ് നസ്രായന്റെ വ്യക്തിത്വത്തെ ക്കുറിച്ചുള്ള ആഴമേറിയ അറിവിലേക്ക് കടന്ന് വരുന്നത്. പരിപൂർണ്ണ മനുഷ്യനും ദൈവവുമായിരുന്നെങ്കിലും മനുഷ്യനായി പിറന്ന നസ്രായന്, അവന്റെ മാനുഷികതയ്ക്ക് എത്ര മാത്രമാണ് അവന്റെ ദൈവികതയെ ഉൾക്കൊളളാൻ കഴിയുമായിരുന്നത് അത്ര മാത്രമാണ് നസ്രായന് തന്റെ ദൈവികതയെയും മനസ്സിലാക്കാൻ കഴിഞ്ഞിരിന്നുള്ളു. അതുകൊണ്ടാണ് ജ്ഞാനസ്നാനവും രൂപാന്തരീകരണവുമൊക്കെ നസ്രായന്റെ ജീവിത മുഹൂർത്തത്തിലെ നിർണായക ചുവടുകളായി മാറുന്നത്.
തന്റെ പ്രിയ തോഴൻമാരായ പത്രോസ് പാപ്പയെയും, വത്സല ശിഷ്യനെയും, യാക്കോബ് ശ്ലീഹായെയും കൂട്ടിയാണ് താബോറിലേക്ക് നസ്രായൻ പോവുക. മോശയുടെയും എലിയ പ്രവാചകന്റെയും സാന്നിദ്ധ്യത്തിൽ നസ്രായൻ തന്റെ സ്വർഗ്ഗീയ മഹത്വത്തിൽ പ്രശോഭിക്കുകയാണ്. തന്റെ ദൈവികതയെ പടിപടിയായി നസ്രായൻ മനസ്സിലാക്കുന്ന ദൈവപദ്ധതിയുടെ ഭാഗമായിട്ടു വേണം രൂപാന്തരീകരണത്തെ നാം മനസ്സിലാക്കേണ്ടത്. അല്ലായിരുന്നുവെങ്കിൽ മോശയുടെയും ഏലിയായുടെയും ആവശ്യം അവിടെ ഉണ്ടാകുമായിരുന്നില്ലല്ലോ… എല്ലാ നിയമങ്ങളുടെയും പ്രവചനങ്ങളുടെയും പൂർത്തികരണം നസ്രായനിൽ എങ്ങിനെയാണ് സംഭവിക്കുക എന്ന സന്ദേശമായിരിക്കണം നിയമങ്ങളുടെയും പ്രവചനങ്ങളുടെയും അവസാന വാക്കുകളായ മോശയും എലിയായും കൈമാറിയിട്ടുണ്ടാവുക. ഈ രൂപാന്തരീകരണ അനുഭവത്തിന് ശേഷമാണ് നസ്രായൻ തന്റെ പീഡാനുഭവ പ്രവചനങ്ങളിലൂടെ തന്റെ പ്രിയ തോഴരെ ആ നിർണായക മുഹൂർത്തത്തിനായി ഒരുക്കുക.
നസ്രായന്റെ മൂന്ന് തോഴർക്കും ഭൂവിൽ വച്ച് നിത്യതയുടെ ഒരേട് കാണാനും അനുഭവിക്കാനുമുള്ള വലിയ സുകൃതമാണ് ലഭിക്കുക. ആ ആനന്ദ നിർവൃതിയുടെ നിമിഷങ്ങളെ അനുഭവിക്കുന്ന ഈ മൂവർക്കും താബോറിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുക. നസ്രായനും, മോശയ്ക്കും, ഏലിയായ്ക്കും മൂന്ന് കൂടാരങ്ങൾ പണിയാമെന്ന അവരുടെ സന്നദ്ധതയൊക്കെ തങ്ങൾ അനുഭവിച്ച അവസ്മരണീയമായ ആ നിമിഷങ്ങളിലും, അവസ്ഥയിലും തുടർന്നും ആയിരിക്കാനുള്ള അവരുടെ ആഗ്രഹത്തെയാണ് വെളിവാക്കുക. നസ്രായന്റെ ജ്ഞാനസ്നാന മുഹൂർത്തത്തിലെന്നത് പോലെ അബ്ബാ വീണ്ടും നസ്രായൻ തനിക്ക് ആരാണെന്ന് വിളിച്ചോതുന്നുണ്ട്: ” ഇവനെന്റെ പ്രിയപുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” തന്റെ ദൈവികതയെയും നിയോഗത്തെയും തിരിച്ചറിയുന്ന നസ്രായൻ തന്നെത്തന്നെ ആ ദൈവഹിതത്തിന് പരിപൂർണ്ണമായി അടിയറവയ്ക്കുകയാണ്. ഏദൻ തോട്ടത്തിൽ അബ്ബായുടെ വാക്കുകൾ ധിക്കരിച്ച് അനുസരണക്കേട് കാട്ടുന്ന മാനവരാശി അങ്ങനെ നസ്രായനിലൂടെ അബ്ബായുടെ പദ്ധതികളെ അറിയാനും അവ എങ്ങിനെയാണ് അനുസരിക്കേണ്ടതെന്നും പഠിക്കുകയാണ്. സ്വർഗ്ഗീയ മഹത്വത്തിന്റെ താബോറിലേക്ക് നാമൊക്കെ പ്രവേശിക്കുക നസ്രായനെപ്പോലെ ദൈവഹിതത്തിന് കാതോർത്ത്, അബ്ബായുടെ പ്രിയപുത്രനും, പുത്രിയുമെന്ന ദൈവിക പദ്ധതിയിലേക്ക് വളരാൻ നമ്മെത്തന്നെ വിട്ട് കൊടുക്കുമ്പോഴാണ്… രൂപാന്തരീകരണ അനുഭവത്തിലേക്ക് നമ്മുടെ ആത്മീയ യാത്ര അനുദിനം വരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്… നസ്രായന്റെ തിരു ഹൃദയത്തിൻ ചാരെ…