മത്താ.18: 15-20
നസ്രായനെക്കുറിച്ചുള്ള ഏറ്റം പ്രസാദത്മ്കമായ ചിന്ത നിർലോഭം ക്ഷമിക്കാനുള്ള അവൻറ്റെ മനസ്സാണ്. തൻറ്റെ പരസ്യജീവിതകാലത്തു പലരെയും അവന് ശാസിക്കേണ്ടിവന്നിട്ടുണ്ട്; ഫരിസേയരുടെയും , നിയമജ്ഞരുടേയുമെല്ലാം ഇരട്ടത്താപ്പും, വത്സലശിഷ്യരുടെ വിശ്വാസക്കുറവും, സ്വയം വലിയാവാനാകാനുള്ള അവരുടെ പരസ്പര മത്സരങ്ങളുമെല്ലാം നസ്രായനെ അസ്വസ്ഥനാക്കുന്നുണ്ട്. പക്ഷെ ഇവരാരെയും നസ്രായൻ എന്നെന്നേക്കുമായി തള്ളിക്കളയുന്നില്ല… സ്വയം ക്ഷമയുടെ ആൾരൂപമായി അവരെയെല്ലാം വീണ്ടെടുക്കുകയാണ്. ഇന്നത്തെ സുവിശേഷത്തിലൂടെ നസ്രായൻ നമ്മോട് പങ്കുവെയ്ക്കുന്നതും ക്ഷമിക്കുന്ന മനസ്സിനുടമകളാകാനാണ്…
ക്ഷമിക്കാനുള്ള നമ്മുടെയൊക്കെ വിമുഖതയല്ലേ പല നല്ല സൗഹൃദങ്ങളും, ഊഷ്‌മളമായ ബന്ധങ്ങളുമൊക്കെ നഷ്ട്ടപ്പെടാനിടയാക്കിത്? തെറ്റിദ്ധാരണകൾ തിരുത്തി മുന്നോട്ടുപോകാനുള്ള ഒരവസരവും പാഴാക്കരുതെന്നാണ് നസ്രായൻ നമ്മോട് പറഞ്ഞുവെയ്ക്കുന്നത്. തെറ്റിദ്ധാരണകൾ ഉണ്ടാവുമ്പോൾ മറ്റെയാൾ ക്ഷമായാചനയുമായി ആദ്യം വരട്ടെ എന്ന് കരുതിയിരിക്കാതെ, തെറ്റ് നമ്മുടേതല്ലെങ്കിൽപോലും അനുരഞ്ജനത്തിനായുള്ള ആദ്യ ചുവട് നമ്മോട് വയ്ക്കാനാണ് നസ്രായൻ ആവശ്യപ്പെടുന്നത്. ഒരുപക്ഷെ ആ സഹോദരനോ, സഹോദരിയോ നമ്മെ കേൾക്കാൻ തയ്യാറായില്ലെങ്കിൽ രണ്ടോ മൂന്നോ പേരെക്കൂട്ടി
വീണ്ടും അനുരഞ്ജനത്തിനായി ശ്രമിക്കണം. ഈ പരിശ്രമവും പരാജയപ്പെടുകയാണെങ്കിൽ നാമൊക്കെ അംഗമായിരിക്കുന്ന സമൂഹത്തെ ഉൾപ്പെടുത്തി വീണ്ടുമൊരു ശ്രമമാണ് നസ്രായൻ നമ്മോട് ആവശ്യപ്പെടുന്നത്. ഇവിടെയും അനുരഞ്ജനം സാധ്യമായില്ലെങ്കിൽ അവരെ ചുങ്കക്കാരെയും വിജാതീയരെയും പോലെ കാണണമെന്നാണ് നസ്രായൻറ്റെ ഒടുവിലത്തെ അഭിപ്രായം… അതായത് അവരെ എന്നെന്നേക്കുമായി നമ്മുടെ ജീവിതത്തിൽനിന്ന് പുറത്താക്കണമെന്നാണോ?
എങ്ങിനെയാണ് നസ്രായൻ ചുങ്കക്കാരെയും വിജാതീയരെയുമെല്ലാം കരുതിയത്? ചുങ്കക്കാരുടെ സുഹൃത്തെന്നായിരുന്നു കാലം അവന് നൽകിയ വിശേഷണം… കൂടാതെ അവൻറ്റെ ഉപമകളിലും സാരോപദേശങ്ങളിലുമൊക്കെ നിറഞ്ഞുനിന്ന ചിന്ത വിജാതീയർ യഹൂദർക്ക് മാതൃകകളാകുന്ന മുഹൂർത്തങ്ങളായിരുന്നില്ലേ… അവരെയൊക്കെ ഹൃദയവാതിലിനു പുറത്തുനിറുത്താതെ, ഹൃദയത്തോട് ചേർത്തുവയ്ക്കാനാണ് നസ്രായൻ ആവശ്യപ്പെടുന്നത്. അപ്പോൾ നമ്മുടെ മദ്ധ്യേ അവൻറ്റെ സാന്നിധ്യമുണ്ടാവും. അപരൻറ്റെ കുറവുകൾ ക്ഷമിച്ചും അവരെ ഹൃദയത്തോട് ചേർത്തുനിറുത്തിയും നമ്മുടെ ജീവിതയാത്ര തുടരാം… ഒത്തിരി സ്നേഹത്തോടും പ്രാർത്ഥനയോടും…