ലുക്കാ.17:5-10
അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കുന്ന ആഴമേറിയ ബോധ്യമാണ് വിശ്വാസം. നമ്മുടെയൊക്കെ ജീവിതത്തിന് ഈ ബോധ്യത്തിൻറ്റെ ഒരു ചെറിയ അനുഭവമെങ്കിലും പങ്കുവെയ്ക്കാനുണ്ടാവണം. വിശ്വാസം ദൈവത്തിൻറ്റെ ദാനമാണെന്നു നാമൊക്കെ പഠിച്ചിട്ടുണ്ട്. ദാനമായി ലഭിച്ച ഈ വിശ്വാസത്തിൽ ആഴപ്പെടാൻ നാമൊക്കെ ശ്രമിക്കുന്നുണ്ടോ? യാചിച്ച അനുഗ്രങ്ങൾ ലഭിച്ചപ്പോഴൊക്കെ വിശ്വാസത്തെ പ്രതി അഭിമാനിച്ചിട്ടുണ്ട് പഷെ അനുഗ്രഹങ്ങൾ ലഭിക്കാതിരുന്നപ്പോൾ എന്നെ വിശ്വസിച്ച ദൈവത്തെ അവിശ്വസിച്ചിട്ടുണ്ട്… തുടക്കം മുതൽ ഒടുക്കം വരെ വേദപുസ്തകം നമ്മോട് പങ്കുവെയ്ക്കുന്നതും, പ്രതികൂല സാഹചര്യങ്ങളിൽ, ദൈവത്തിന് എല്ലാം സാധ്യമാണെന്ന് വിശ്വസിച്ച ചില മനുഷ്യരുടെ ജീവിതസാക്ഷ്യങ്ങളാണ്. ഇന്നത്തെ സുവിശേഷം നമ്മോട് ആഹ്വാനം ചെയ്യുന്നതും ഈ മനുഷ്യരെപോലെ അചഞ്ചലമായ വിശ്വാസത്തിന് ഉടമകളാകാനാണ്…
കടുകുമണിയോളം നിങ്ങൾക്കു വിശ്വാസമുണ്ടെങ്കിൽ… നസ്രായൻ കടുകുമണിയെ പ്രതീകാത്മകമായിട്ടാണ് അവതരിപ്പിക്കുന്നത്. കടുകുമണി നാമമാത്രമാണെങ്കിലും, അത് പുറപ്പെടുവിക്കുന്ന ഫലം ഏവരെയും അതിശയപ്പെടുത്തുന്നതാണ്… അചഞ്ചലമായ വിശ്വാസത്തിന് ജീവിതവീഥിൽ നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ സമർത്ഥമായി നേരിടാനുള്ള ഉൾകരുത്ത് നൽകാനാവും. തിരമാലകളിൽ ആടിയുലയുന്ന തോണിയിൽ ശാന്തനായി വിശ്രമിച്ച നസ്രായൻറ്റെ ആഴങ്ങൾ നമ്മെ പ്രകാശിപ്പിക്കട്ടെ. ഓരോ പ്രതിസന്ധിഘട്ടങ്ങളും ദൈവാനുഭത്തിൻറ്റെയും ആഴപ്പെടലിൻറ്റെയും മുഹൂർത്തങ്ങളാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്…